Connect with us

Lokavishesham

ആറാം പ്ലീനം ഉയര്‍ത്തിപ്പിടിക്കുന്നത്

അമേരിക്കയെ പിന്നിലാക്കി ഒന്നാം നമ്പര്‍ ശക്തിയാകാന്‍ ചൈന അതിശക്തനായ നേതാവിനെയും പരിധികളില്ലാത്ത പരിഷ്‌കരണത്തെയും മുന്‍ നിര്‍ത്തുന്നുവെന്നതാണ് ആറാം പ്ലീനത്തിന്റെ ആകെത്തുക.

Published

|

Last Updated

ചൈനയെക്കുറിച്ചുള്ള ഏത് വിവരവും വിശകലനവും വെള്ളം കടക്കാത്ത രണ്ട് അറകളിലായി വേറിട്ട് നില്‍ക്കും. ഒന്ന് ചൈന പറയുന്നത്. മറ്റൊന്ന് ആഗോള മാധ്യമങ്ങള്‍ പറയുന്നത്. സിന്‍ജിയാംഗിലെ മുസ്‌ലിംകളാകട്ടെ, കിഴക്കന്‍ ചൈനാ കടലിലെ ചൈനീസ് ഇടപെടലാകട്ടെ, ഹോങ്കോംഗിലെ സ്വാതന്ത്ര്യ പ്രക്ഷോഭമാകട്ടെ ഏതിലും ഈ പിളര്‍പ്പ് കാണാം. ഇതില്‍ ഏതെടുക്കണമെന്നത് ഓരോരുത്തരുടെയും നിലപാടുകള്‍ക്കനുസരിച്ചിരിക്കും. വല്ലാത്തൊരു നിഗൂഢത ചൈനയുടെ എല്ലാ ഇടപാടിലുമുണ്ടാകും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന (സി പി സി)യുടെ 16ാമത് കേന്ദ്ര കമ്മിറ്റിയുടെ ആറാമത് പ്ലീനം കഴിഞ്ഞ ദിവസം സമാപിച്ചപ്പോള്‍ പുറത്തുവന്ന വാര്‍ത്തകളിലും കണ്ടു ഈ പിളര്‍പ്പ്.

ചൈനീസ് മാധ്യമങ്ങള്‍ മുന്നോട്ട് വെക്കുന്ന വീക്ഷണം ആദ്യം പറയാം. കേന്ദ്ര കമ്മിറ്റികളുടെ ആറാം പ്ലീനം പ്രത്യയശാസ്ത്രപരമായ വിഷയങ്ങളാണ് കൈകാര്യം ചെയ്യാറുള്ളത്. പാര്‍ട്ടിയുടെ ചരിത്രത്തെയും ഇതുവരെ കൈവരിച്ച നേട്ടങ്ങളെയും അവലോകനം ചെയ്യുന്ന പ്രമേയം ചര്‍ച്ച ചെയ്യുക വഴി അത്യപൂര്‍വമായ സ്ഥാനമാണ് ഇത്തവണത്തെ പ്ലീനത്തിനുള്ളത്. സി പി സിയുടെ ചരിത്രത്തില്‍ മൂന്നാമത്തെ തവണയാണ് “ചരിത്ര പ്രമേയം’ അവതരിപ്പിക്കപ്പെടുന്നത്. 1945ലാണ് ആദ്യം ഇത്തരമൊരു പ്രമേയം അവതരിപ്പിക്കപ്പെടുന്നതും അതിന്മേല്‍ ചര്‍ച്ച നടത്തി കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തിയതും. മാവോ സേ തൂംഗിനെ ഈ സമ്മേളനമാണ് മുഖ്യ നേതാവായി പ്രഖ്യാപിച്ചത്. പിന്നെ ഇങ്ങനെയൊരു പ്രമേയം വരുന്നത് 1981ലാണ്. ഡെംഗ് സിയാ വോ പിംഗിന്റെ പരിഷ്‌കരണവും തുറന്നു കൊടുക്കലും നയത്തിന്റെ അനുഭവങ്ങളായിരുന്നു ആ പ്രമേയത്തിന്റെ ഇതിവൃത്തം. പിന്നീട് ഇത്തവണയാണ് ഇങ്ങനെയൊരു പ്രമേയം അവതരിപ്പിക്കപ്പെടുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ നൂറ് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ചേരുന്ന പ്ലീനം എന്ന നിലക്കും ഇത്തവണത്തേത് ചരിത്രപരമാണ്. വിപ്ലവ ചൈനയുടെ നൂറ് വര്‍ഷം തികയുന്ന 2049ലേക്കുള്ള വലിയ ചുവടുവെപ്പുകളും പ്രത്യയശാസ്ത്ര ആലോചനകളുമാണ് പ്ലീനത്തില്‍ നടന്നത്.
ഇത്രയും ഔദ്യോഗിക നരേഷനാണ്. ഇതത്രയും ശരിയുമാണ്. എന്നാല്‍ ആഗോള മാധ്യമങ്ങള്‍ ഇതിനപ്പുറത്തേക്ക് ചിലത് പറയുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ അധികാരമുള്ള വ്യക്തിയായി ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗ് മാറുന്നുവെന്നതാണ് ഈ “പരദൂഷണ’ത്തില്‍ ഏറ്റവും പ്രധാനം. മാവോ സേതൂഗിംന്റെയും ഡെഗ് സിയാ വോ പിംഗിന്റെയും നിരയിലേക്ക് സി ജിന്‍പിംഗ് ഉയര്‍ന്നിരിക്കുന്നു. അധികാരത്തുടര്‍ച്ച ഉറപ്പായിരിക്കുന്നു. ചൈനീസ് പാര്‍ട്ടികള്‍ക്കുണ്ടായിരിക്കേണ്ട ഏറ്റവും പ്രധാന ഗുണമായ നേതൃമാറ്റത്തിന്റെ സാധ്യത അടഞ്ഞിരിക്കുന്നു. വ്യക്തി കേന്ദ്രീകൃതമായ ശൈലിയിലേക്ക് സി പി സി കൂപ്പുകുത്തുന്നു. ചൈനീസ് സവിശേഷതകളോടെയുള്ള സോഷ്യലിസമെന്നത് മുതലാളിത്തത്തോട് കൂടുതല്‍ അടുത്തു നില്‍ക്കുവെന്നും ഈ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

സി ജിന്‍പിംഗ് അധികാര കേന്ദ്രീകരണത്തിന്റെ ആള്‍രൂപമായിരിക്കുന്നുവെന്ന വിമര്‍ശത്തെ ബൂര്‍ഷ്വാ ചാപ്പ കുത്തി തള്ളിക്കളയാനാകുമെന്ന് തോന്നുന്നില്ല. ഹു ജിന്റാവോയില്‍ നിന്ന് പാര്‍ട്ടിയെയും രാജ്യത്തെയും ഏറ്റെടുത്ത സി ജിന്‍പിംഗ് ഇന്ന് പരിധികളില്ലാത്ത അധികാരത്തിന്റെ നാഥനായി. പാര്‍ട്ടി അദ്ദേഹത്തിന്റെ കൈപ്പിടിയിലാണ്. സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ ചെയര്‍മാനുമാണ് അദ്ദേഹം. ധനകാര്യ സമിതിയുടെയും പരിഷ്‌കരണ സമിതിയുടെയും തലപ്പത്തും അദ്ദേഹം തന്നെ. ഇതിനെല്ലാം മേലെയാണ് ഈ മനുഷ്യന് വേണ്ടി ചൈനീസ് ഭരണഘടന തന്നെ മാറ്റിയെഴുതിയിരിക്കുന്നുവെന്നത്. മാവോ സേതൂഗിംന് ശേഷം, ജീവിച്ചിരിക്കെ ചൈനീസ് ഭരണഘടനയില്‍ പേര് ചേര്‍ക്കപ്പെടുന്ന വ്യക്തിയാണ് സി ജിന്‍പിംഗ്. “ചൈനീസ് സവിശേഷതകളോട് കൂടിയ സോഷ്യലിസത്തിനായി പുതു യുഗത്തില്‍ സി ജിന്‍പിംഗ് ഉയര്‍ത്തിയ ചിന്തകള്‍’ സുപ്രധാന മാര്‍ഗ നിര്‍ദേശക തത്വമായി ഭരണഘടനയില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്തത്. ചൈനീസ് സ്വപ്‌നം സഫലമാകാന്‍ പോകുന്നത് സി ജിന്‍പിംഗിലൂടെയാണെന്ന് അത് ഉദ്‌ഘോഷിക്കുന്നു. ഈ ഭരണഘടനാ പ്രഖ്യാപനത്തിലൂടെ ഭരണാധികാരി എന്ന നിലയില്‍ നിന്ന് അവിരാമമായ ശക്തി സ്രോതസ്സെന്ന കാല്‍പ്പനിക ഭാവത്തിലേക്ക് സി ജിന്‍പിംഗിനെ ഉയര്‍ത്തുകയാണ് ചെയ്തത്. മാവോ ലെഗസിക്ക് സമാനമായി അദ്ദേഹത്തെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു.

സി ജിന്‍പിംഗിന്റെ പിതാവ് പാര്‍ട്ടിക്കായി നിലകൊണ്ട് ഒടുവില്‍ വിമതനായി മുദ്ര കുത്തപ്പെട്ടയാളാണ്. സാംസ്‌കാരിക വിപ്ലവത്തിന്റെ കാലത്ത് പാര്‍ട്ടിയെ സര്‍വസ്വമായി കണ്ട ചിലര്‍ക്കും ഈ ദുര്യോഗം ഉണ്ടായിട്ടുണ്ട്. സ്വാഭാവികമായി മകന്‍ സിയും പാര്‍ട്ടി അംഗത്വത്തിന് ഏറെ കാത്തിരിക്കേണ്ടി വന്നു. അംഗത്വം ലഭിച്ചപ്പോഴാകട്ടെ ഗ്രാമീണ കര്‍ഷകരോടൊപ്പം പ്രവര്‍ത്തിക്കാനാണ് നിയോഗിക്കപ്പെട്ടത്. ത്യാഗപൂര്‍ണമായിരുന്നു ആ കാലമെന്നാണ് സിയുടെ ഔദ്യോഗിക ചരിത്രം പറയുന്നത്. തന്റെ കാഴ്ചപ്പാടുകള്‍ രൂപപ്പെടുന്നതില്‍ അക്കാലം ഏറെ സ്വാധീനിച്ചുവെന്ന് സി ജിന്‍പിംഗ് തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. ഡെംഗ് സിയാവോ പിംഗാണ് സിയുടെ മാതൃകാ പുരുഷന്‍. ചൈനക്ക് സ്വന്തം ശക്തി പ്രകടിപ്പിക്കാന്‍ സമയമായിട്ടില്ല, കാത്തിരിക്കാം എന്ന ഡെംഗ് സിദ്ധാന്തത്തില്‍ നിന്നാണ്, ഇതാണ് സമയമെന്ന തീര്‍പ്പില്‍ സി എത്തുന്നത്. ഈ ഇച്ഛാശക്തിയെയാണ് ചൈന ചരിത്രപരമായ ഇരിപ്പിടത്തില്‍ പ്രതിഷ്ഠിക്കുന്നത്.
മുഖ്യ വൈരുധ്യങ്ങള്‍ക്കെതിരായ പോരാട്ടം ശക്തമാക്കുമെന്നതാണ് സി ജിന്‍പിംഗിന്റെ പ്രഖ്യാപിത നയങ്ങളില്‍ മുഖ്യം. 2012ല്‍ പടിയിറങ്ങുമ്പോള്‍ ഒറ്റ ഉപദേശമാണ് തന്റെ പിന്‍ഗാമിക്ക് ഹു ജിന്റാവോ കൈമാറിയത്. അഴിമതിക്കെതിരായ ജാഗ്രതയായിരുന്നു അത്. പാര്‍ട്ടി നേതാക്കള്‍ക്ക് കൈവരുന്ന കണക്കില്ലാത്ത അധികാരം അവരെ കേടുവരുത്തുകയും കടുത്ത അഴിമതിക്കാരായി മാറ്റുകയും ചെയ്യുന്നു. രാഷ്ട്രീയ വ്യവസ്ഥയെ ഉള്ളില്‍ നിന്ന് തകര്‍ക്കുന്ന ടൈം ബോംബായി അഴിമതി മാറുന്നത് സി ജിന്‍പിംഗ് തന്റെ ഒന്നാമൂഴത്തില്‍ തന്നെ മനസ്സിലാക്കിയിരുന്നു. ശക്തമായ തിരുത്തല്‍ നടപടി ആരംഭിക്കുകയും ചെയ്തു. നടപടികള്‍ പലതും അത്യന്തം കര്‍ക്കശമായിരുന്നു. ചൈനീസ് വ്യവസ്ഥയുടെ സഹജഭാവമായ മനുഷ്യാവകാശ ലംഘനങ്ങളുടെ പട്ടികയില്‍ ഈ നടപടികളും ഇടം പിടിച്ചു. ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അന്തരമാണ് മറ്റൊരു വൈരുധ്യം. ചൈനീസ് സവിശേഷതയോട് കൂടിയ സോഷ്യലിസമെന്ന ആശയത്തെ തന്നെ ഈ അസമത്വം അപ്രസക്തമാക്കുന്നു. വ്യാവസായിക വികസനത്തിന്റെ കൂടപ്പിറപ്പായ ഈ തിന്‍മയെ മറികടക്കാന്‍ ചൈനക്കും സാധിക്കുന്നില്ല. നിര്‍മാണ മേഖലയിലെ സ്തംഭനാവസ്ഥ ചൈനയെയും വലക്കുന്നുണ്ട്. ഈ പ്രതിസന്ധികളെല്ലാം പരസ്പര ബന്ധിതമാണെന്നിരിക്കെ സമഗ്രമായ പരിഹാരം തേടണമെന്നതാണ് സി ജിന്‍പിംഗിന്റെ കാഴ്ചപ്പാട്.
അടുത്ത പ്രശ്‌നം പരിഷ്‌കരണമാണ്. ചൈനീസ് സോഷ്യലിസം പുതിയ കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റത്തിന് വിധേയമാകാന്‍ കെല്‍പ്പുള്ളതായിരിക്കുമെന്ന് പ്ലീനം മുന്നോട്ട് വെച്ച പ്രമേയം തന്നെ പ്രഖ്യാപിക്കുന്നുണ്ട്. എന്നുവെച്ചാല്‍ പ്രത്യയശാസ്ത്ര ശാഠ്യങ്ങളെ മറികടന്ന് മുന്നോട്ട് പോകുമെന്ന് തന്നെയാണ് അര്‍ഥം. കറന്‍സിയുടെ മൂല്യനിര്‍ണയം കമ്പോളത്തിന് വിട്ടുകൊടുക്കുക, സ്വകാര്യ സംരംഭങ്ങളെയും മുതല്‍ മുടക്കിനെയും കൂടുതല്‍ പ്രോത്സാഹിപ്പിക്കുക, വിദേശ മൂലധനത്തിന് കൂടുതല്‍ വഴിയൊരുക്കുക, വിദേശ രാജ്യങ്ങളില്‍ നിക്ഷേപം വര്‍ധിപ്പിക്കുക തുടങ്ങി സാമ്പത്തിക മേഖലയില്‍ കൈക്കൊള്ളാന്‍ പോകുന്ന നയങ്ങള്‍ മിക്കവയും നിയന്ത്രിത സമ്പദ് വ്യവസ്ഥയുടെ സവിശേഷതകളല്ല, മറിച്ച് ഉദാര സാമ്പത്തിക വ്യതിയാനങ്ങളുടേതാണ്. അതിനെ മുതലാളിത്തത്തിലേക്കുള്ള ചായ്‌വെന്ന് വിമര്‍ശകര്‍ വിളിക്കുമ്പോള്‍ ചൈനീസ് സവിശേഷതയുള്ള സോഷ്യലിസമെന്ന് ചുവപ്പിന്റെ കൂട്ടുകാര്‍ വിളിക്കുന്നു. അത്രയേ ഉള്ളൂ.

അമേരിക്കയെ പിന്നിലാക്കി ഒന്നാം നമ്പര്‍ ശക്തിയാകാന്‍ ചൈന അതിശക്തനായ നേതാവിനെയും പരിധികളില്ലാത്ത പരിഷ്‌കരണത്തെയും മുന്‍ നിര്‍ത്തുന്നുവെന്നതാണ് ഈ ആറാം പ്ലീനത്തിന്റെ ആകെത്തുക.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്