Kerala
രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; 22 വരെ റിമാന്‍ഡ് ചെയ്തു
അല്‍പ സമയത്തിനകം പൂജപ്പുര ജയിലിലേക്ക് രാഹുലിനെ മാറ്റും.

തിരുവനന്തപുരം | യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസില്‍ ഇന്നു രാവിലെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നിഷേധിച്ച് കോടതി. രാഹുലിനെ ഈ മാസം 22 വരെ റിമാന്‍ഡ് ചെയ്തു. . അല്‍പ സമയത്തിനകം പൂജപ്പുര ജയിലിലേക്ക് രാഹുലിനെ മാറ്റും.
വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (3) ആണ് ജാമ്യാപേക്ഷ തള്ളിയത്. വിശദമായ മെഡിക്കല്‍ പരിശോധനക്ക് ശേഷമായിരുന്നു ജാമ്യാപേക്ഷ തള്ളിയത്. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും കഴിഞ്ഞ ദിവസം മാത്രമാണ് ആശുപത്രിയില്‍ നിന്ന് വന്നതെന്നും രാഹുല്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് വിശദ പരിശോധനയ്ക്ക് കോടതി നിര്‍ദേശിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരുന്നു കോടതി നടപടി
സെക്രട്ടേറിയറ്റ് സമരത്തിനിടെ സ്ത്രീകളെ മുന്നില്‍ നിര്‍ത്തി പോലീസിനെ ആക്രമിച്ചുവെന്ന് ജാമ്യാപേക്ഷ എതിര്‍ത്ത് പോലീസ് കോടതിയില്‍ പറഞ്ഞു. രാഹുലിന് ഉടന്‍ ജാമ്യം നല്‍കിയാല്‍ അത് സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്ന് പോലീസ് അറിയിച്ചു. അറസ്റ്റു ചെയ്തു വാഹനത്തില്‍ കയറ്റിയ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മറ്റ് പ്രതികള്‍ വാഹനത്തില്‍നിന്ന് രക്ഷപ്പെടുത്തി. നാലാം പ്രതിയായ രാഹുലിനു ജാമ്യം അനുവദിച്ചാല്‍ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ച് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുമെന്നും ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ (മൂന്ന്) സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
നവകേരള യാത്രയ്ക്കിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ ഗണ്‍മാനും ചേര്‍ന്ന് കെഎസ്യു പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ച്.