Kerala
തരൂരിന്റെ മുഖ്യമന്ത്രി മോഹത്തിനെതിരെ ശബ്ദമുയര്‍ത്തി കെ മുരളീധരന്‍
താന്‍ ഏത് പാര്‍ട്ടിയില്‍ ആണെന്ന് ആദ്യം തരൂര്‍ തീരുമാനിക്കട്ടെ എന്നും പാര്‍ട്ടിയില്‍ വിറകുവെട്ടിയവരും വെള്ളം കോരിയവരും ഏറെ ഉണ്ടെന്നും മുരളീധരന്‍ ആഞ്ഞടിച്ചു

കൊച്ചി | ശശി തരൂരിന്റെ മുഖ്യമന്ത്രി മോഹത്തിനെതിരെ ശബ്ദമുയര്‍ത്തി കെ മുരളീധരന്‍. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗത്തിനെതിരെ രൂക്ഷ ഭാഷയിലാണ് മുരളീധരന്റെ പ്രതികരണം. താന്‍ ഏത് പാര്‍ട്ടിയില്‍ ആണെന്ന് ആദ്യം തരൂര്‍ തീരുമാനിക്കട്ടെ എന്നു മുരളീധരന്‍ തുറന്നടിച്ചു. വിശ്വപൗരന്‍ എന്ന തരൂരിന്റെ വിശേഷണത്തേയും അദ്ദേഹം പരിഹസിച്ചു.
വിശ്വം വിശ്വത്തിന്റെ കാര്യം നോക്കട്ടെ നമുക്ക് കേരളം മതി എന്ന് മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ വിറകുവെട്ടിയവരും വെള്ളം കോരിയവരും ഏറെ ഉണ്ട് മുഖ്യമന്ത്രി കസാരയിലേക്ക്. അവരില്‍ ഒരാള്‍ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഏറ്റവുമധികമാളുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കുന്നത് തന്നെയാണെന്ന സര്‍വേഫലം കഴിഞ്ഞ ദിവസം തരൂര്‍ പുറത്തുവിട്ടിരുന്നു.
സ്വകാര്യ ഗവേഷണ സ്ഥാപനം നടത്തിയ സര്‍വേ ഫലം ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ധൂര്‍ ദൗത്യത്തിലടക്കം നിരന്തരം പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിക്കുകയും ഹൈക്കമാന്‍ഡമായി കടുത്ത ഉരസലില്‍ കഴിയുകയുമാണ് തരൂര്‍. ഇതിനിടെയാണ് തരൂരിന്റെ പുതിയ നീക്കം. മുഖ്യമന്ത്രി പദം ഉന്നമിടുന്നുവെന്ന അഭ്യൂഹം ശക്തമാക്കി സമുദായ നേതാക്കളെയടക്കം സന്ദര്‍ശിച്ച് രണ്ട് വര്‍ഷം മുന്‍പ് കേരളത്തില്‍ തരൂര്‍ നടത്തിയ നീക്കം സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ കടുത്ത അതൃപ്തിക്കിടയാക്കിയിരുന്നു.
ബി ജെ പിയുടെ പിന്തുണ ഉറപ്പാക്കിക്കൊണ്ട് ഭൂരിപക്ഷം നേടാനുള്ള തരൂരിന്റെ നീക്കത്തെ പിന്തുണക്കുന്ന വലിയൊരു വിഭാഗം സംസ്ഥാന കോണ്‍ഗ്രസ്സില്‍ ഉണ്ടെന്നാണു കരുതുന്നത്.