Kerala
ആറാം ദിവസവും കാണാമറയത്ത് രാഹുൽ മാങ്കൂട്ടത്തിൽ; എം എൽ എയെ പിടികൂടാൻ വലവീശി പോലീസ്, വ്യാപക തിരച്ചിൽ
രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്ന് രക്ഷപ്പെട്ട ചുവന്ന പോളോ കാറുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു
പാലക്കാട് | ലൈംഗിക പീഡനക്കേസിൽ പ്രതിയായ പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയിട്ട് ഇന്ന് ആറാം ദിവസമാകുന്നു. എം എൽ എ യെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. പ്രത്യേക അന്വേഷണ സംഘം വിവിധ ടീമുകളായി തിരിഞ്ഞ് രാഹുലിനായുള്ള തിരച്ചിൽ ഊർജിതമാക്കി. നാളെ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി പരിഗണിക്കുന്നതിന് മുമ്പ് രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്.
രാഹുലിനായി അന്യസംസ്ഥാനങ്ങളിലും പോലീസ് വലവിരിച്ചിട്ടുണ്ട്. ബംഗളൂരു, തമിഴ്നാട് എന്നിവിടങ്ങളിൽ പോലീസ് തിരച്ചിൽ ആരംഭിച്ചു. എല്ലാ ജില്ലകളിലും എസ് പിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം.
രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്ന് രക്ഷപ്പെട്ട ചുവന്ന പോളോ കാറുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഈ കാർ ഒരു ചലച്ചിത്ര താരത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും വിവരമുണ്ട്. ഈ കാറിന്റെ ഉടമയെ പോലീസ് ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്. പാലക്കാട് വിടുന്നതിന് മുമ്പ് രാഹുൽ ഫോണിൽ ബന്ധപ്പെട്ടവരെയും അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.
കേസിലെ രണ്ടാം പ്രതിയും രാഹുലിന്റെ സുഹൃത്തുമായ ജോബി ജോസഫും എം എൽ എ യോടൊപ്പം ഒളിവിൽ പോയതായി പോലീസ് സംശയിക്കുന്നു.


