Connect with us

Lokavishesham

"ദേശസ്‌നേഹം': ഇന്ത്യ പഠിപ്പിച്ചതും യൂറോപ്പ് പഠിക്കാത്തതും

നവനാസി പരീക്ഷണങ്ങളെ തുറന്ന് കാണിക്കുന്നവര്‍ക്ക് ആഴത്തില്‍ വിശകലന വിധേയമാക്കാന്‍ നിരവധി മനോഹര സന്ദര്‍ഭങ്ങളുണ്ട് ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞടുപ്പില്‍. എന്നാല്‍ നേരേ വിപരീതമാണ് ജനാധിപത്യത്തിന്റെ ഈറ്റില്ലമെന്നൊക്കെ വിശേഷണം പേറുന്ന യൂറോപ്പില്‍ സംഭവിച്ചത്. അവിടെ സര്‍വ തീവ്രവലതുപക്ഷ ഗ്രൂപ്പുകള്‍ക്കും നവനാസിസ്റ്റ് പാര്‍ട്ടികള്‍ക്കും ആര്‍ എസ് എസിന് സമാനമായ അതിദേശീയതാ വാദികള്‍ക്കും പിന്തുണയേറുകയാണ് ചെയ്തത്.

Published

|

Last Updated

ത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ത്യന്‍ ജനാധിപത്യത്തിന് ജീവനുണ്ടെന്നും പ്രതികരണ ശേഷിയുണ്ടെന്നും വ്യക്തമാക്കുന്നതായിരുന്നു. ജനാധിപത്യവിരുദ്ധത, വര്‍ഗീയത, വംശീയത, ഫെഡറല്‍വിരുദ്ധത, തീവ്രദേശീയത, ആത്യന്തികമായി ഹിന്ദുത്വ ഇവയായിരുന്നല്ലോ കഴിഞ്ഞ പത്ത് വര്‍ഷമായി അധികാരത്തില്‍ തുടര്‍ന്നവരുടെ അടിസ്ഥാന സ്വഭാവം. അങ്ങേയറ്റം ജനവിരുദ്ധമായ നയങ്ങളുമായി മുന്നോട്ട് പോയിട്ടും അവര്‍ തന്നെ കൂടുതല്‍ കരുത്തോടെ അധികാരത്തില്‍ വരികയെന്ന ദുരന്തം സംഭവിച്ച 2019ല്‍ രോഗശയ്യയിലായതാണ് ജനാധിപത്യ വ്യവസ്ഥ.

അത് ഇനിയൊരിക്കലും എഴുന്നേറ്റ് നടക്കില്ലെന്ന് വിധിയെഴുതിയവര്‍ക്ക് മുമ്പിലേക്കാണ് 2024ല്‍ ആവേശകരമായ നെട്ടെല്ലുറപ്പോടെ, ശിരസ്സുയര്‍ത്തി നടന്നു വന്ന് കസേര വലിച്ചിട്ട് കാലില്‍ കാല്‍വെച്ചിരിക്കുന്നത്. പ്രതിപക്ഷ സഖ്യം അധികാരത്തില്‍ തിരിച്ചെത്തിയോ എന്നതല്ല, മറിച്ച് തിരുവായ്ക്ക് എതിര്‍ വായുണ്ടെന്ന് ഇന്ത്യന്‍ ജനത തെളിയിച്ചുവെന്നതാണ് പ്രധാനം. വര്‍ഗീയ വിഭജന തന്ത്രങ്ങള്‍ അപ്പടി ചെലവാകില്ലെന്ന് തെളിഞ്ഞു. മന്ദിര്‍- മസ്ജിദ് തര്‍ക്കങ്ങള്‍ പണ്ടത്തെ പോലെ രാഷ്ട്രീയ നേട്ടങ്ങള്‍ കൊണ്ടുവരില്ലെന്ന് വ്യക്തമായി. മുസ്‌ലിംവിരുദ്ധതയെന്ന പതിവ് ആയുധത്തിന് പഴയ മൂര്‍ച്ചയില്ലാതായി.

തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ ആഴത്തില്‍ പഠിക്കുന്ന ലോകത്തെ മുഴുവന്‍ പേരും ഇന്ത്യയിലെ വോട്ടര്‍മാരുടെ അതിശക്തമായ പ്രതികരണക്ഷമതയെ വാഴ്ത്തുകയാണിപ്പോള്‍. അയോധ്യ നില്‍ക്കുന്ന ഫൈസാബാദ് മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ഥിയുടെ പരാജയം അവര്‍ പഠിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭൂരിപക്ഷം ഇടിഞ്ഞതും. മുസ്‌ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തി കള്ളക്കോല്‍ കളിച്ച ബി എസ് പിയുടെ തന്ത്രം തകര്‍ത്ത യു പിയിലെ മുസ്‌ലിംകള്‍, ആകെയുള്ള രണ്ട് സീറ്റിലും കോണ്‍ഗ്രസ്സിനെ ജയിപ്പിച്ച മണിപ്പൂരിലെ വോട്ടര്‍മാര്‍, പിളര്‍ത്തല്‍ രാഷ്ട്രീയത്തിന്റെ മാഹായുതി പരീക്ഷണം നടന്ന മഹാരാഷ്ട്ര… നവനാസി പരീക്ഷണങ്ങളെ തുറന്ന് കാണിക്കുന്നവര്‍ക്ക് ആഴത്തില്‍ വിശകലന വിധേയമാക്കാന്‍ നിരവധി മനോഹര സന്ദര്‍ഭങ്ങളുണ്ട് ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞടുപ്പില്‍. തീവ്രവലതുപക്ഷ യുക്തിക്ക് പൂര്‍ണമായി കീഴ്‌പ്പെട്ടിട്ടില്ലാത്ത തെലുഗുദേശം പാര്‍ട്ടിയുടെയും ജനതാദള്‍ യുനൈറ്റഡിന്റെയും കൈത്താങ്ങില്‍ സര്‍ക്കാര്‍ രൂപവത്കരിക്കേണ്ട ഗതികേടില്‍ ഇന്ത്യന്‍ ഫാസിസത്തിന്റെ രാഷ്ട്രീയ നടത്തിപ്പുകാരെ എത്തിച്ചുവെന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ ആത്യന്തിക ഫലം.

നേര്‍ വിപരീതം യൂറോപ്പ്

എന്നാല്‍ നേരേ വിപരീതമാണ് ജനാധിപത്യത്തിന്റെ ഈറ്റില്ലമെന്നൊക്കെ വിശേഷണം പേറുന്ന യൂറോപ്പില്‍ സംഭവിച്ചത്. അവിടെ സര്‍വ തീവ്രവലതുപക്ഷ ഗ്രൂപ്പുകള്‍ക്കും നവനാസിസ്റ്റ് പാര്‍ട്ടികള്‍ക്കും ആര്‍ എസ് എസിന് സമാനമായ അതിദേശീയതാ വാദികള്‍ക്കും കുടിയേറ്റവിരുദ്ധര്‍ക്കും പിന്തുണയേറുകയാണ് ചെയ്തത്. 27 രാജ്യങ്ങളുള്‍പ്പെട്ട ലോകത്തെ ഏറ്റവും ശക്തമായ രാഷ്ട്ര കൂട്ടായ്മയാണ് യൂറോപ്യന്‍ യൂനിയന്‍. അതത് അംഗരാജ്യങ്ങള്‍ക്ക് സ്വന്തം പാര്‍ലിമെന്റും നിയമനിര്‍മാണ, നീതിന്യായ സംവിധാനങ്ങളും സാമ്പത്തിക ഘടനയുമെല്ലാമുള്ളപ്പോഴും ഇവയെല്ലാം നിര്‍ണയിക്കുന്ന പൊതുസംവിധാനമാണ് ഇ യു. ഈ സംവിധാനത്തിന്റെ നിയമ, നയ രൂപവത്കരണ സമിതിയാണ് യൂറോപ്യന്‍ യൂനിയന്‍ പാര്‍ലിമെന്റ്. വിവിധ അംഗരാജ്യങ്ങളില്‍ നിന്നായി 720 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക.

361 സീറ്റുകളിലോ അതിലധികമോ ജയിക്കുന്ന പാര്‍ട്ടിയോ സഖ്യമോ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് അടക്കമുള്ള നിര്‍ണായക പദവികള്‍ വഹിക്കും. 27 അംഗ യൂറോ ക്യാബിനറ്റും ഇവര്‍ രൂപവത്കരിക്കും. അഞ്ച് വര്‍ഷത്തെ ഇടവേളയില്‍ ഇ യു പാര്‍ലിമെന്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് യൂറോപ്പിലെ രാഷ്ട്രീയ മാറ്റത്തിന്റെ അളവുകോലാണ്. ഇത്തവണത്തെ വോട്ടെടുപ്പ് ഈ മാസം ആറ് മുതല്‍ ഒമ്പത് വരെയായിരുന്നു. പത്താമത് യൂറോപ്യന്‍ യൂനിയന്‍ തിരഞ്ഞെടുപ്പായിരുന്നു ഇത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിട്ടുപോയ ശേഷം (ബ്രക്‌സിറ്റ്) നടന്ന ആദ്യത്തേതും.

ഫലസ്തീന്‍, കുടിയേറ്റം, ദുര്‍ബല രാജ്യങ്ങള്‍ക്കുള്ള സാമ്പത്തിക പാക്കേജ് തുടങ്ങിയ വിഷയങ്ങളില്‍ മിതവാദ സമീപനം പുലര്‍ത്തുന്ന മധ്യ വലതുപക്ഷ പാര്‍ട്ടിയായ യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടി (ഇ പി പി)യാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്- 185 സീറ്റ്. ഇപ്പോഴത്തെ ഇ യു കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണിന്റെ പാര്‍ട്ടിയാണിത്. കഴിഞ്ഞ തവണത്തേക്കാള്‍ എട്ട് സീറ്റുകളുടെ കുറവ് മാത്രമേ അവരുടെ പാര്‍ട്ടിക്കുള്ളൂ. എന്നാല്‍ ക്യാബിനറ്റുണ്ടാക്കാനും തന്റെ പ്രസിഡന്റ് പദവി നിലനിര്‍ത്താനും ആരുമായാണ് കൂട്ടുകൂടാന്‍ പോകുന്നത് എന്നതാണ് പ്രധാനം.

സഖ്യ കക്ഷികളെ തേടി അവര്‍ കണ്ണോടിക്കുമ്പോള്‍ കാണുന്നത് ഇന്ത്യയിലെ ആര്‍ എസ് എസിന് സമാനമായ കക്ഷികളെയാണ്. ഫ്രാന്‍സില്‍ നാഷനല്‍ റാലി പാര്‍ട്ടി, ഹംഗറിയില്‍ ഫിഡസ് പാര്‍ട്ടി, ഇറ്റലിയില്‍ ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാര്‍ട്ടി, ഫിന്‍ലാന്‍ഡില്‍ ഫിന്‍സ് പാര്‍ട്ടി, സ്ലൊവാക്യയില്‍ സ്ലൊവാക് നാഷനല്‍ പാര്‍ട്ടി, ക്രൊയേഷ്യയില്‍ ഹോംലാന്‍ഡ് മൂവ്‌മെന്റ്, നെതര്‍ലാന്‍ഡ്‌സില്‍ പാര്‍ട്ടി ഓഫ് ഫ്രീഡം, പോളണ്ടില്‍ ലോ ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി. പരമ്പരാഗത ഇടത്, മധ്യ വലത് പാര്‍ട്ടികളുടെ വോട്ട് ബേങ്കിലേക്ക് കടന്നു കയറിയാണ് ഈ പാര്‍ട്ടികളെല്ലാം നേട്ടമുണ്ടാക്കിയത്. കടുത്ത മുസ്‌ലിംവിരുദ്ധതയും കുടിയേറ്റവിരുദ്ധതയും യുദ്ധോത്സുകതയും പ്രചരണത്തിലുടനീളം പ്രയോഗിച്ചാണ് ഇവ വിജയം നേടുന്നത്. ആധുനിക സങ്കേതങ്ങള്‍ പ്രചാരണത്തില്‍ ഫലപ്രദമായി വിനിയോഗിക്കുന്നു.

ടിക്‌ടോക് അടക്കമുള്ള ഫോര്‍മാറ്റുകളിലാണ് വികാരം കത്തിക്കുന്നത്. കറുത്ത വര്‍ഗക്കാരോട് പകയാണിവര്‍ക്ക്. ഫലസ്തീന്‍ വംശഹത്യയില്‍ അവര്‍ ഇസ്‌റാഈലിനൊപ്പമാണ്. യുക്രൈനില്‍ പുടിനൊപ്പവും. ഒരാളെയും രാജ്യത്തേക്ക് വരാന്‍ അനുവദിക്കരുതെന്നും ആരെയും സഹായിക്കരുതെന്നും ഒരു അന്താരാഷ്ട്ര കരാറിലും ഒപ്പുവെക്കരുതെന്നും ആക്രോശിക്കുന്ന ഇക്കൂട്ടര്‍ക്ക് യൂറോപ്യന്‍ യൂനിയന്‍ എന്ന സംവിധാനത്തോട് തന്നെ കലിപ്പാണ്. നാസിസത്തിന്റെയും ഫാസിസത്തിന്റെയും പിന്‍മുറക്കാരാണിവര്‍.

മെലോഡി(മെലോനി+മോദി)

ഇത്തരം പാര്‍ട്ടികളുടെ കൂട്ടായ്മക്ക് നേതൃത്വം കൊടുക്കുന്നത് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജിയോര്‍ജിയ മെലോനിയാണ്. ബെനിറ്റോ മുസ്സോളിനിയുടെ നാട്ടില്‍ നിന്ന് തന്നെയാണ് നവ ഫാസിസത്തിന്റെ വിശാല സഖ്യം ഉയര്‍ന്നു വരുന്നത്. (മോലോനിയുമൊത്ത് നമ്മുടെ പ്രധാനമന്ത്രി “ജി 7’നില്‍ ചിരിച്ചു നില്‍ക്കുന്ന സെല്‍ഫി വീഡിയോ വന്നിട്ടുണ്ട്. ഹലോ ഫ്രം “മെലോഡി’യെന്നാണ് മെലോനി പറയുന്നത്.

എന്തൊരു ചേര്‍ച്ച!) ഈ കൂട്ടായ്മയുമായി സഹകരിക്കാനാണ് ഉര്‍സുല വോണിന്റെ നീക്കം. അങ്ങനെയെങ്കില്‍ യൂറോപ്യന്‍ യൂനിയന്റെ എല്ലാ മുന്‍ഗണനകളും അട്ടിമറിക്കപ്പെടും. യൂറോപ്പിനെയാകെ കീഴടക്കുന്ന തീവ്ര വലതുപക്ഷ തരംഗത്തിനാകും അത് നാന്ദി കുറിക്കുക. ഇന്ത്യ തീവ്രവലതുപക്ഷത്തിന് ഷോക്ക് ട്രീറ്റ്‌മെന്റ് കൊടുത്ത അതേ ജൂണില്‍ യൂറോപ്പ് ആ രാഷ്ട്രീയത്തെ വാരിപ്പുണരുന്നുവെന്ന് ചുരുക്കം.

ഈ പ്രതിഭാസം കൃത്യമായി മനസ്സിലാകണമെങ്കില്‍ ഫ്രാന്‍സിലേക്ക് നോക്കിയാല്‍ മതിയാകും. അവിടെ മാരിനെ ലീ പെന്‍ നയിക്കുന്ന നാഷനല്‍ റാലി പാര്‍ട്ടി നേടിയത് 31.5 ശതമാനം വോട്ടുകളാണ്. ഇപ്പോഴത്തെ പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന്റെ റെനയസന്‍സ് പാര്‍ട്ടിയേക്കാള്‍ ഇരട്ടി വോട്ട്. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മാരിനെയോട് കഷ്ടിച്ച് രക്ഷപ്പെട്ട മാക്രോണിനെ മലര്‍ത്തിയടിച്ചിരിക്കുന്നു ഇത്തവണ. അതോടെ ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് മാക്രോണ്‍.

യൂറോപ്പിലെ ഏറ്റവും ലിബറലെന്ന് വിശേഷിപ്പിക്കപ്പെട്ട ഫ്രാന്‍സിലാണ് പ്രജ്ഞാ സിംഗ് ഠാക്കൂറിനെപ്പോലെയൊരു നേതാവ് ഇത്രയധികം വോട്ടുകള്‍ സമാഹരിക്കുന്നത്. നിക്കോളാസ് സര്‍കോസിയടക്കമുള്ള മധ്യ, ഇടതുപക്ഷ നേതാക്കള്‍ ബുര്‍ഖക്കും പള്ളികള്‍ക്കും മതപാഠശാലകള്‍ക്കുമെതിരെ തുടങ്ങിയ ക്യാമ്പയിനില്‍ നിന്നാണ് ഈ മാറ്റം തുടങ്ങിയതെന്നത് ലോകത്താകെയുള്ള മതേതര, മുഖ്യധാരാ പാര്‍ട്ടികളെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. “ദേശസ്‌നേഹത്തിന്റെ വിജയമാണിത്, ശക്തമായ രാഷ്ട്രത്തിന് വേണ്ടിയുള്ള വോട്ട്’ എന്നാണ് മാരിനെ തന്റെ പാര്‍ട്ടിയുടെ ചരിത്ര വിജയത്തിന് ശേഷം പ്രതികരിച്ചത്. അവര്‍ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ ഏതോ ബി ജെ പി നേതാവിന്റെ സ്വരം തോന്നുന്നുണ്ടോ? ഉണ്ടെങ്കില്‍ അത് യാദൃച്ഛികമല്ല.

മറ്റൊരു ശക്തമായ ഇ യു രാജ്യമായ ബെല്‍ജിയത്തില്‍ പ്രധാനമന്ത്രി അലക്‌സാണ്ടര്‍ ദേ ക്രൂവിന് രാജി പ്രഖ്യാപിക്കേണ്ടി വന്നു. അദ്ദേഹത്തിന്റെ ലിബറല്‍സ് ആന്‍ഡ് ഡെമോക്രാറ്റ് പാര്‍ട്ടിയെ മറികടന്ന് തീവ്ര വലതുപക്ഷ ഗ്രൂപ്പായ ഫ്‌ളമിഷ് പാര്‍ട്ടി മുന്നേറിയതോടെയാണ് ഈ നാണം കെട്ട പിന്‍മാറ്റം. യൂറോപ്യന്‍ യൂനിയന്റെ ശക്തികേന്ദ്രമെന്ന് വിശേഷിപ്പിക്കാവുന്ന ജര്‍മനിയില്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ പുനരവതരിക്കുകയാണ്. അവിടെ നവനാസി പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി പാര്‍ട്ടി അഞ്ച് ശതമാനം വോട്ടാണ് 2019നെ അപേക്ഷിച്ച് അധികം നേടിയത്. ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ പാര്‍ട്ടിയേക്കാള്‍ മുന്നില്‍.

യൂറോപ്യന്‍ യൂനിയനില്‍ നിന്ന് പുറത്ത് കടന്ന ബ്രിട്ടന്‍ എവിടെ നില്‍ക്കുന്നുവെന്ന് ആ ബന്ധവിച്ഛേദനത്തിന് വഴിവെച്ച ബ്രക്സിറ്റ് ഹിതപരിശോധനയില്‍ തന്നെ വ്യക്തമാക്കിയതാണ്. ഋഷി സുനക് അടക്കമുള്ള കണ്‍സര്‍വേറ്റീവ് നേതാക്കള്‍ കുടിയേറ്റം പോലുള്ള വിഷയങ്ങളില്‍ വലതു പക്ഷത്ത് തന്നെയാണ് നില്‍ക്കുന്നത്. ഇന്ത്യയിലെ കോണ്‍ഗ്രസ്സിനെയും ഇടതു പാര്‍ട്ടികളെപ്പോലും ഹിന്ദുത്വ ആശയഗതികള്‍ സ്വാധീനിക്കുന്നത് പോലെ ബ്രിട്ടനിലെ ഇടതു പ്രതിപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടിയിലും തീവ്രവലതുപക്ഷക്കാര്‍ പിടിമുറുക്കുന്നുവെന്നതാണ് ഏറ്റവും പുതിയ റിപോര്‍ട്ടുകള്‍. ഫലസ്തീന്‍ സ്വാതന്ത്ര്യ പോരാട്ടത്തെ ശക്തമായി പിന്തുണക്കുന്ന ഫെയ്‌സാ ശഹീനെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് നീക്കിയത് ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പാര്‍ട്ടിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഡയാനേ അബോട്ടിനെ തിരിച്ചെടുക്കാന്‍ വലിയ പ്രതിഷേധം തന്നെ ഉയരേണ്ടിവന്നു. ആഫ്രിക്കന്‍ വംശജരില്‍ നിന്നുള്ള രാജ്യത്തെ ആദ്യത്തെ വനിതാ എം പിയായിരുന്നു അവരെന്നോര്‍ക്കണം. അടുത്ത മാസം നടക്കുന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി വന്‍ വിജയം നേടുമെന്ന പ്രവചനങ്ങള്‍ വരുമ്പോഴും, ആ പാര്‍ട്ടിയുടെ ഉള്ളടക്കം വലിയ തോതില്‍ മാറുന്നുവെന്നത് ആശങ്കയുണ്ടാക്കുന്നതാണ്.

യൂറോപ്പിന്റെ നിറം മാറുമ്പോള്‍, പ്രവാസത്തിന്റെ പുതിയ ദിശയാണ് ആ ഭൂമികയെന്ന ആശ്വാസം കൂടി തകരുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള വിഷയങ്ങളില്‍ വന്‍കിടക്കാരുടെ കൂട്ടായ പരിശ്രമങ്ങളെയും ഈ തീവ്രവലതുപക്ഷ തരംഗം റദ്ദാക്കിയേക്കും. കൂടുതല്‍ അടഞ്ഞ യൂറോപ്പിനെയാകും ലോകം അനുഭവിക്കേണ്ടിവരിക. ഹിറ്റ്‌ലറെയും മുസ്സോളിനിയെയും അനുഭവിച്ചിട്ടില്ലാത്ത, അക്കാലത്തെ കുറിച്ച് വായിച്ചിട്ടില്ലാത്ത പുതിയ തലമുറ വോട്ടര്‍മാര്‍ക്ക് അവരൊന്നും വെറുക്കപ്പെട്ടവരല്ല. ഗാന്ധിയെ അറിയാത്ത ഇന്ത്യന്‍ യുവ തലമുറക്ക് ഗോഡ്‌സെ ഭീകരനല്ലല്ലോ.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest