health
"ഇമ്മ്യൂനിറ്റി ഡെബ്റ്റും' കുട്ടികളിലെ കൂടുന്ന പനിയും
പനിയുടെ രൂപത്തിലും മറ്റും കുട്ടികളില്‍ കൊവിഡ് കാലത്തിന്റെ ബാക്കിപത്രങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്നത് ആശങ്കാജനകമാണ്. കൊവിഡ് കഴിഞ്ഞതിനു ശേഷം ആശുപത്രികളില്‍ എത്തുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നത് വാര്‍ത്തയായിരുന്നു. എന്നാല്‍ അതില്‍ നിന്ന് ഇപ്പോള്‍ വലിയ മാറ്റമൊന്നും വരാത്തതാണ് ആരോഗ്യ രംഗത്ത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

കൊവിഡ് കാലം ഏതാണ്ട് പൂര്‍ണമായും കഴിഞ്ഞെങ്കിലും കൊവിഡ് ബാക്കിവെച്ചുപോയ ചില പ്രശ്‌നങ്ങളിൽ പെട്ട് മനുഷ്യര്‍ ഉഴറുന്ന അവസ്ഥ ലളിതമായെങ്കിലും പ്രകടമാകുന്നുണ്ട്. അതില്‍ ഏറിയപങ്കും കുട്ടികളാണെന്നതാണ് ഏറെ പ്രധാനം. പനിയുടെ രൂപത്തിലും മറ്റും കുട്ടികളില്‍ കൊവിഡ് കാലത്തിന്റെ ബാക്കിപത്രങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്നത് ആശങ്കാജനകമാണ്. കൊവിഡ് കഴിഞ്ഞതിനു ശേഷം ആശുപത്രികളില്‍ എത്തുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നത് വാര്‍ത്തയായിരുന്നു. എന്നാല്‍ അതില്‍ നിന്ന് ഇപ്പോള്‍ വലിയ മാറ്റമൊന്നും വരാത്തതാണ് ആരോഗ്യ രംഗത്ത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
സ്‌കൂളുകളില്‍ കുറയുന്ന ഹാജര്‍
കൊച്ചുകുട്ടികളുടെ ക്ലാസ്സുകളിലാണ് ഹാജര്‍ നില ഏറിയും കുറഞ്ഞും ഇരിക്കുന്നത്. പനിബാധിച്ച് ഒരാഴ്ചയോളം അവധിയെടുത്തിരുന്ന കുട്ടികള്‍ പിന്നെ സ്‌കൂളുകളിലെത്തി ഒരാഴ്ച കഴിഞ്ഞ് വീണ്ടും ആശുപത്രികളില്‍ എത്തേണ്ട അവസ്ഥയാണ് ഉണ്ടാകുന്നത്. സ്‌കൂളുകളില്‍ കുട്ടികളുടെ പരസ്പരം ഇഴചേര്‍ന്നുള്ള ഇടപെടലുകളാണ് പനി പടരാന്‍ കാരണമെങ്കിലും വീണ്ടും വീണ്ടും ഉണ്ടാകുന്ന പനി മറ്റു ചില കാരണങ്ങളിലേക്കു കൂടി വിരല്‍ ചൂണ്ടുന്നുണ്ട്. മൂന്ന് മുതല്‍ ഒമ്പത് വയസ്സ് വരെയുള്ള കുട്ടികളിലാണ് പനിയുടെ ഭീഷണി കൂടുതല്‍ കാണപ്പെടുന്നത്. അടുത്തിടെ സംസ്ഥാനത്തെ ആശുപത്രികളില്‍ പനിമൂലം ചികിത്സക്കെത്തിയ ഒരുലക്ഷത്തി ഇരുപത്തിരണ്ടായിരം പേരില്‍ പകുതിയും ഈ വയസ്സിനിടയിലുള്ള കുട്ടികളായിരുന്നു.
കൊവിഡ് പിന്മാറിയെന്ന് കരുതപ്പെടുന്ന അവസ്ഥയില്‍ കൊവിഡ് പരിശോധന ആശുപത്രികളില്‍ കാര്യമായി നടക്കുന്നില്ല. സാധാരണ വൈറല്‍ പനിയുടെ മരുന്നുകളാണ് നല്‍കപ്പെടുന്നത്. പരിശോധനകളിലാണെങ്കില്‍ കൊവിഡ് സ്ഥിരീകരണം ഇല്ലതാനും. പക്ഷേ, കുട്ടികളില്‍ ഇത്തരത്തില്‍ പനി സാധാരണമായിരിക്കുന്നത് കൊവിഡ് കാലത്ത് സംഭവിച്ച നമ്മുടെ തന്നെ ചില ശീലങ്ങളില്‍ നിന്നാണെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.
ശ്വാസകോശ രോഗങ്ങള്‍ കൂടുന്നു?
വളരെ ചെറിയ കുട്ടികളില്‍ ഉണ്ടാകുന്ന ശ്വാസകോശ അണുബാധയായ ബ്രോങ്കിയോലൈറ്റിസ് എന്ന രോഗത്തിന്റെ എണ്ണം ക്രമാതീതമായി കൂടിയിട്ടുണ്ട്. ചുമ, പാല്‍ കുടിക്കാനുള്ള ബുദ്ധിമുട്ട്, ഓക്‌സിജന്‍ ലെവലിന്റെ കുറവ്, ശ്വാസംമുട്ടല്‍ എന്നിവയാണ് രോഗലക്ഷണങ്ങള്‍. ഇത് വൈറസ് മൂലമുണ്ടാകുന്ന രോഗമാണെങ്കിലും പുറത്തുള്ള പൊടിപടലങ്ങള്‍ക്കും കുട്ടി ശ്വസിക്കുന്ന മലിന വായുവിനുമൊക്കെ പങ്കുണ്ട്. ഇപ്പോള്‍ ഇത് കൂടാനുള്ള പ്രധാന കാരണം, കൊവിഡ് കാലത്ത് വീട്ടില്‍ അടച്ചിരിക്കുകയും പെട്ടെന്ന് വിശാലമായ ലോകത്തേക്ക് ഇറങ്ങുമ്പോള്‍ പരിസ്ഥിതിയുടെ മാറ്റങ്ങളെ നേരിടേണ്ടി വരികയും ചെയ്യുന്നു എന്നതാണ്.
പ്രതിരോധ ശേഷിയിലെ മാറ്റം
എല്ലാ പ്രശ്‌നങ്ങളും ഒടുവില്‍ എത്തിനില്‍ക്കുന്നത് കുട്ടികളിലുണ്ടായ രോഗപ്രതിരോധ ശേഷിയുടെ കുറവില്‍ തന്നെയാണ്. കൊവിഡ് കാലത്തെ നമ്മുടെ അതിഗംഭീരമായ ചെറുത്തുനില്‍പ്പ് കുട്ടികളില്‍ കൊവിഡ് പടരുന്നത് വലിയ അളവില്‍ പ്രതിരോധിച്ചിട്ടുണ്ട്. എന്നാല്‍, അത്തരത്തില്‍ കുട്ടികള്‍ ഏതാണ്ട് ഒന്നര വര്‍ഷക്കാലം വീട്ടില്‍ അടച്ചിരുന്നത് മറ്റൊരു തരത്തില്‍ അവര്‍ക്ക് ദോഷകരമായ അവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്.
മനുഷ്യരിലെ രോഗപ്രതിരോധ ശക്തി പ്രധാനമായും രണ്ട് തരത്തിലാണുള്ളത്. ജന്മനാ ലഭിക്കുന്ന സഹജമായ പ്രതിരോധശേഷി. മറ്റൊന്ന് നാം ജീവിതത്തിലൂടെ ആര്‍ജിക്കുന്നത്. ഇതില്‍ സഹജമായ പ്രതിരോധ ശക്തി കുട്ടികളില്‍ ഉണ്ടെങ്കിലും ആര്‍ജിത പ്രതിരോധ ശേഷി ജീവിതരീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് ഒരു ചേരിപ്രദേശത്ത് വളരുന്ന കുട്ടി ആര്‍ജിക്കുന്ന പ്രതിരോധ ശേഷി ആയിരിക്കില്ല ഒരു ഫ്‌ളാറ്റ് സംസ്‌കാരത്തില്‍ വളര്‍ന്നുവരുന്ന കുട്ടിക്ക് ഉണ്ടാകുന്നത്. ചേരിയില്‍ വളരുന്ന കുട്ടി അവന്‍ താമസിക്കുന്ന പ്രദേശത്തെ അന്തരീക്ഷത്തിനനുസരിച്ച് എല്ലാറ്റിനോടും ഇടപഴകുമ്പോള്‍ അതുമായി ബന്ധപ്പെട്ട എല്ലാ പ്രതിരോധവും ആര്‍ജിക്കുകയാണ്. മലിനമായ ജലത്തില്‍ കളിക്കുമ്പോള്‍, മഴ കൊള്ളുമ്പോള്‍, മണ്ണില്‍ കിടന്നുറങ്ങുമ്പോള്‍ ഒക്കെ ആ ഇടങ്ങളില്‍ ഉണ്ടായേക്കാവുന്ന സൂക്ഷ്മജീവികളോട് അവന്റെ ശരീരം താദാത്മ്യം പ്രാപിക്കുകയാണ്. എന്നാല്‍ ഫ്‌ളാറ്റ് സംസ്‌കാരത്തില്‍ വളരുന്ന കുട്ടികളാകട്ടെ, മണ്ണിനോടും മഴയോടും മലിനജലത്തോടും ചേര്‍ന്ന് ജീവിക്കുന്നില്ല. ഫലമോ, അവിടെ നിന്ന് അവന്‍ ആര്‍ജിക്കേണ്ട പ്രതിരോധ ശക്തി ആര്‍ജിക്കുന്നുമില്ല.
ഇതുപോലെ തന്നെയാണ് വീട്ടില്‍ കുറേനാള്‍ അടച്ചിരുന്ന കുട്ടികളുടെയും പ്രശ്‌നം. അവര്‍ വീടിനു പുറത്തെ അന്തരീക്ഷവുമായി ഇടപഴകിയിട്ട് ഏറെ നാളുകള്‍ ആയിരിക്കുന്നു. അതിനാല്‍ പുറത്തുള്ള സൂക്ഷ്മ ജീവികള്‍ അവര്‍ക്ക് പുതിയതാകുകയും അവയുടെ ആക്രമണത്തെ പ്രതിരോധിക്കാനുള്ള ശക്തി ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഇല്ലാതെ വരികയും ചെയ്യുന്നു. ഈയവസരത്തിലാണ് കുട്ടികളില്‍ പെട്ടെന്നുള്ള പനിയുടെ ഭീഷണി ഉണ്ടാകുന്നത്.
ഇമ്മ്യൂനിറ്റി ഡെബ്റ്റ്
രോഗങ്ങള്‍ സ്വാഭാവികമായും സംഭവിക്കുന്ന ഒന്നാണ്. അതിനു പിന്നില്‍ പല കാരണങ്ങള്‍ ഉണ്ടെങ്കിലും കാലാകാലം അത് കൃത്യമായ അളവില്‍ സംഭവിച്ചുകൊണ്ടേയിരിക്കും. എന്നാല്‍ മനുഷ്യന്റെയോ മറ്റു ബാഹ്യമായ ഇടപെടലുകളുടെയോ ഭാഗമായി ഒരു രോഗത്തിന്റെ വ്യാപനത്തെ നാം കുറച്ചു കാലത്തേക്ക് തടഞ്ഞുവെക്കുകയാണെങ്കില്‍, പിന്നീടുള്ള കുറേ നാളുകള്‍ ഏറെ നിര്‍ണായകമാണ്. കാരണം, ആ സമയത്ത് രോഗങ്ങളുടെ വ്യാപനത്തിനുള്ള സാധ്യത മുമ്പുണ്ടായതിനേക്കാള്‍ കൂടുതലായിരിക്കും. ഇത്തരത്തില്‍ ഉണ്ടാകുന്ന രോഗവര്‍ധനവിനാണ് ഇമ്മ്യൂനിറ്റി ഡെബ്റ്റ് എന്ന് പറയുന്നത്. അതായത് ആ രോഗം സ്വാഭാവികമായും ഉണ്ടാകേണ്ടിയിരുന്ന അവസ്ഥയെ നാം പ്രതിരോധിച്ചപ്പോള്‍ തുടര്‍ന്നുള്ള കാലങ്ങളില്‍ അത് വീണ്ടും അനുഭവപ്പെടുന്നു. മനുഷ്യരില്‍ ഉണ്ടാകുന്ന രോഗപ്രതിരോധത്തിന്റെ കുറവ് തന്നെയാണ് ഇതിന് കാരണമാകുന്നത്. ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുട്ടികളിലെ രോഗത്തിന്റെ വര്‍ധനവും ഇമ്മ്യൂനിറ്റി ഡെബ്റ്റ് കാരണം തന്നെയാണ്. ഇതിലെ ഏറ്റക്കുറച്ചിലുകള്‍ മെല്ലെ മെല്ലെ സ്ഥിരതയുള്ള അവസ്ഥയില്‍ എത്തുന്നതോടെ പരിഹരിക്കപ്പെടുകയും ചെയ്യും.
താത്കാലിക പ്രതിഭാസം മാത്രം
ഏറിയും കുറഞ്ഞുമിരിക്കുന്ന പനിഭീഷണിയുടെ ആഴം എത്രമാത്രമാണെന്ന ആശങ്ക എല്ലാവരിലുമുണ്ട്. എന്നാല്‍, ഇത് ഒരു താത്കാലികമായ അവസ്ഥ മാത്രമായിരിക്കുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. പ്രതിരോധ സംവിധാനത്തില്‍ ഉണ്ടായ കുറവുകള്‍, പലര്‍ക്കും പനി ബാധിച്ചതിലൂടെയും അടച്ചിരുന്ന രീതിവിട്ട് പുറത്തിറങ്ങിയതോടെയും പരിഹരിക്കപ്പെടും. ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പനിയുടെ വര്‍ധനവിലൂടെ കുട്ടികള്‍ക്ക് സ്വാഭാവികമായ പ്രതിരോധ ശക്തി വീണ്ടെടുക്കാനാകും. അതുവഴി മെല്ലെ സാധാരണ രീതിയിലേക്ക് തിരികെ മടങ്ങാനുമാകും എന്നാണ് കരുതപ്പെടുന്നത്. അപ്പോഴും, സ്‌കൂളുകളില്‍ കുട്ടികള്‍ അടുത്തിടപഴകുന്നതിനെ നമുക്ക് നിയന്ത്രിക്കാനാകില്ല. ഒരാളില്‍ ഉണ്ടാകുന്ന പനി വീണ്ടും കൂടുതല്‍ കുട്ടികളിലേക്ക് പകരാന്‍ കാരണമായേക്കാം. എല്ലാവരും ഒരുപോലെ പ്രതിരോധം നേടുന്നതോടെ ആ പ്രശ്‌നവും പരിഹരിക്കപ്പെടും.
ചെയ്യേണ്ടത് എന്ത്?
ഈ അവസ്ഥയെ അതിജീവിക്കാന്‍ നാം കൂടുതലായി ഒന്നും ചെയ്യേണ്ടതില്ല. നാം ഇതുവരെ കൊവിഡിനെ പ്രതിരോധിച്ച രീതി പിന്തുടരുക മാത്രം ചെയ്താല്‍ മതിയാകും. മുഖാവരണം ഇന്ന് എല്ലാവരുടെയും മുഖത്ത് നിന്ന് അപ്രത്യക്ഷമായെങ്കിലും മേല്‍ സൂചിപ്പിച്ച “ഇമ്മ്യൂനിറ്റി ഡെബ്റ്റ്’ അതിജീവിക്കുന്നത് വരെയെങ്കിലും അത് തുടരുക തന്നെ വേണം. കൂടാതെ കൈകള്‍ കഴുകുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, കൃത്യമായി ചികിത്സ തേടുക, നന്നായി വെള്ളം കുടിക്കുക, വിശ്രമം എടുക്കുക എന്നിവ വഴി നമുക്കിത് അതിജീവിക്കാനാകും. ഇത്തരത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമ്പോഴും കുട്ടികളെ അവരുടെ സ്വാഭാവികമായ കളിക്കും ചിരിക്കും അനുവദിക്കുക കൂടി ചെയ്യാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ശാരീരികമായ പ്രശ്‌നങ്ങളേക്കാളേറെ അവരുടെ മാനസിക പ്രശ്‌നങ്ങള്‍ കൂടി നമ്മെ അലട്ടിയേക്കാം.