Kerala
സിപിഎം വിമതരുടെ കൂട്ടായ്മക്ക് ഒരുങ്ങി പി വി അന്‍വര്‍; എ സുരേഷുമായി കൂടിക്കാഴ്ച നടത്തി
സിപിഎമ്മില്‍ നിന്ന് വിട്ടുപോയവരുടെ കൂട്ടായ്മയ്ക്ക് രൂപം നല്‍കാന്‍ ശ്രമിക്കും. അതിന്റെ രൂപം യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പി വി അന്‍വര്‍
പാലക്കാട് | മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി എ സുരേഷുമായി കൂടിക്കാഴ്ച നടത്തി ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വര്‍. സിപിഎം വിട്ട എല്ലാ നേതാക്കളുമായി ചര്‍ച്ച നടത്തുന്നതിന്റെ ഭാഗമായാണ് എ സുരേഷിനെയും കണ്ടെതെന്ന് പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. സിപിഎമ്മില്‍ നിന്ന് വിട്ടുപോയവരുടെ കൂട്ടായ്മയ്ക്ക് രൂപം നല്‍കാന്‍ ശ്രമിക്കും. അതിന്റെ രൂപം യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കാന്‍ കഴിയുന്ന നിരവധി പേരുകളുണ്ട്. മുതിര്‍ന്ന നേതാക്കളായ കെ സി വേണുഗോപാലും വി ഡി സതീശനും രമേശ് ചെന്നിത്തലയും തനിക്ക് ഒരുപോലെ വേണ്ടപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം വിട്ട് വന്നവരാരും ലാഭക്കച്ചവടക്കാര്‍ അല്ല. വമ്പന്‍ നഷ്ടം സഹിച്ച് വന്നവരാണ്. സ്വാഭാവികമായി ഒരു ഇടതു രാഷ്ട്രീയം ഉണ്ടാവണമെന്ന് തന്നെയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഒരു കൂട്ടായ്മ ഇവിടെ വേണം. ഒറ്റപ്പെട്ട് ആരും ആക്രമണത്തിന് വിധേയമാകുന്ന സാഹചര്യം ഉണ്ടാവാന്‍ പാടില്ല. യുഡിഎഫ് നേതൃത്വവുമായി ആലോചിച്ച് ഈ പ്ലാറ്റ്ഫോമിന് രൂപം നല്‍കുമെന്നും പിി വി അന്‍വര്‍ പറഞ്ഞു.
പി വി അന്‍വര്‍ ഉയര്‍ത്തിയ രാഷ്ട്രീയം ശരിയായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ വ്യക്തമാകുമെന്ന് എ സുരേഷ് പറഞ്ഞു. പി വി അന്‍വര്‍ ഉയര്‍ത്തിയ രാഷ്ട്രീയം ജനം ഏറ്റെടുത്തു. അന്‍വറുമായി ദീര്‍ഘകാലത്തെ സൗഹൃദം ഉണ്ടെന്നും സുരേഷ് പറഞ്ഞു. നിലവില്‍ ഇടത് രാഷ്ട്രീയം ഏറ്റവും ഭംഗിയായി കൈകാര്യം ചെയ്യുന്നത് യുഡിഎഫ് ആണെന്നും എ സുരേഷ് പറഞ്ഞു





