Connect with us

Kerala

മുസിരിസ് കേരള ഫെസ്റ്റിവലിന് നാളെ കൊടിയേറ്റം

നാടന്‍ പാട്ടുകളിലൂടെയും കലകളിലൂടെയും കേരളം ഉയര്‍ത്തിപ്പിടിക്കുന്ന സഹിഷ്ണുതയുടെയും സ്‌നേഹത്തിന്റെയും മാതൃക ലോകത്തിന് പരിചയപ്പെടുത്തുക എന്നതാണ് മുസിരിസിന്റെ പ്രധാന ലക്ഷ്യം.

Published

|

Last Updated

ന്യൂഡല്‍ഹി |  കേരളത്തിന്റെ സാംസ്‌കാരിക പെരുമ വിളിച്ചോതിക്കൊണ്ട് ഒമ്പതാമത് മുസിരിസ് കേരള ഫെസ്റ്റിവലിന് നാളെ തുടക്കമാകും.ജാമിഅ മില്ലിയ ഇസ്ലാമിയയിലെ മലയാളി വിദ്യാര്‍ത്ഥി കൂട്ടായ്മയായ ‘സ്മൃതി’യുടെ ആഭിമുഖ്യത്തിലാണ് മുസിരിസ് കേരള ഫെസ്റ്റിവല്‍ നടക്കുന്നത്.

‘സ്‌നേഹത്തിന്റെ സാര്‍വത്രിക ഭാഷ; കേരളത്തിന്റെ കഥകള്‍’ എന്ന പ്രമേയത്തില്‍ ഊന്നിയുള്ള ഇത്തവണത്തെ മേള, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിന്റെ തനിമയും പൈതൃകവും നേരിട്ടറിയാനുള്ള സുവര്‍ണ്ണാവസരമാണ് ഒരുക്കുന്നത്. മേളയുടെ ആദ്യദിനമായ നാളെ രാവിലെ മുതല്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് അരങ്ങേറുന്നത്. എഫ്.ടി.കെ സെന്ററില്‍ നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പ്രശസ്ത എഴുത്തുകാരന്‍ പി. കൃഷ്ണനുണ്ണി തന്റെ ‘ചിലര്‍’ എന്ന നോവലിനെ ആസ്പദമാക്കി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അമൃത് ലാലുമായി സംവദിക്കും. ഇതിന് പിന്നാലെ ഇജാസ് അഹമ്മദ് നയിക്കുന്ന കഥപറച്ചില്‍ സെഷനും ‘കൊട്ടക’ ഫിലിം ഫെസ്റ്റിവലും നടക്കും.

മേളയുടെ ഭാഗമായി രണ്ടു ദിവസങ്ങളിലായി എം എഫ് ഹുസൈന്‍ ആര്‍ട്ട് ഗാലറിയില്‍ ഒരുക്കുന്ന ഫോട്ടോഗ്രാഫി പ്രദര്‍ശനം എ.ജെ.കെ.എം.സി.ആര്‍.സി ഡയറക്ടര്‍ ഡോ. സബീന ഗാഡിയോക്ക് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന ഫോട്ടോഗ്രാഫി വര്‍ക്ക്‌ഷോപ്പിന് ദിനേഷ് ഖന്ന നേതൃത്വം നല്‍കും. പ്രൊഫ. സൊഹൈല്‍ അക്ബര്‍, പ്രൊഫ. ബിന്ദുലിക ശര്‍മ്മ തുടങ്ങിയവരും പ്രദര്‍ശനത്തിന്റെ വിവിധ സെഷനുകളില്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

അതേ ദിവസങ്ങളില്‍ കേരളത്തിന്റെ തനത് കലാരൂപങ്ങളായ തെയ്യം, മോഹിനിയാട്ടം, ഒപ്പന, കോല്‍ക്കളി എന്നിവ സര്‍വ്വകലാശാലയുടെ വേദികളെ ധന്യമാക്കും. നാടന്‍ പാട്ടുകളിലൂടെയും കലകളിലൂടെയും കേരളം ഉയര്‍ത്തിപ്പിടിക്കുന്ന സഹിഷ്ണുതയുടെയും സ്‌നേഹത്തിന്റെയും മാതൃക ലോകത്തിന് പരിചയപ്പെടുത്തുക എന്നതാണ് മുസിരിസിന്റെ പ്രധാന ലക്ഷ്യം. കലകള്‍ക്ക് പുറമെ കേരളീയ രുചികള്‍ വിളമ്പുന്ന ഫുഡ് സ്റ്റാളുകളും കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ഏപ്രില്‍ 22-ന് വൈകുന്നേരം സഫ്ദര്‍ ഹാഷ്മി ഓപ്പണ്‍ തിയേറ്ററില്‍ നടക്കുന്ന വര്‍ണ്ണാഭമായ സാംസ്‌കാരിക ഘോഷയാത്രയ്ക്കും ഉദ്ഘാടന ചടങ്ങുകള്‍ക്കും ശേഷം യുവ സംഗീതജ്ഞന്‍ ഷെബി സാമാന്തര്‍ നയിക്കുന്ന ‘ഷെബി പാടുന്നു’ എന്ന സംഗീത വിരുന്നോടെ ഒമ്പതാമത് മുസിരിസ് കേരള ഫെസ്റ്റിവല്‍ സമാപിക്കും. ഡല്‍ഹിയിലെ മലയാളി വിദ്യാര്‍ത്ഥികളുടെയും പ്രവാസികളുടെയും വലിയൊരു സാന്നിധ്യമാണ് ഈ മൂന്ന് ദിവസങ്ങളിലായി ജാമിഅ നഗറില്‍ പ്രതീക്ഷിക്കുന്നത് എന്ന് മുസിരിസ് സംഘാടക സമിതി അറിയിച്ചു. കോര്‍ കമ്മിറ്റി യോഗത്തില്‍ കണ്‍വീനര്‍ മുഹമ്മദ് അദ്‌നാന്‍ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ അന്‍സില്‍ ഇക്ബാല്‍, അബാന്‍, ജുമാന ഷഹീര്‍, സ്വാതി, ഫൈഹ, ജിഹാദ് പി പി, ഫജാസ് അഹമ്മദ്, ഋതിക സംസാരിച്ചു