Kerala
ടൗണ്‍ഷിപ്പിലെ വീട്ടിൽ ചോര്‍ച്ച: തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയത് ഉദ്ഘാടന നാടകം പരിഹസിച്ച് വി ഡി സതീശന്
ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. എന്‍ജിനീയര്‍മാരാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
തിരുവനന്തപുരം| വയനാട് ടൗണ്‍ഷിപ്പിലെ വീടുകളിലെ വിള്ളല്‍ വിവാദത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ടൗണ്‍ഷിപ്പിലെ വീടിനുള്ളില്‍ കയറി മന്ത്രി കെ രാജന് നടത്തിയത് നാടകമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആരോപിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയത് ഉദ്ഘാടന നാടകം മാത്രമായിരുന്നു. ജനങ്ങളെ സര്‍ക്കാര്‍ കബളിപ്പിച്ചു. വയനാട് പുനരധിവാസം തിരഞ്ഞെടുപ്പ് പ്രചരണമാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യമെന്നും സതീശന് പറഞ്ഞു.
ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. എന്‍ജിനീയര്‍മാരാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.രാഹുല്‍ ഗാന്ധി കല്ലിട്ടിട്ട് പിറ്റേദിവസം പണി തുടങ്ങിയില്ലായെന്നാണ് തങ്ങള്‍ക്കെതിരായ ആരോപണം. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത വീട്ടില്‍ ആരും ഇതുവരെ താമസിച്ചിട്ടില്ലെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണത്തിലുണ്ടാകുന്ന കാലതാമസം ചൂണ്ടിക്കാട്ടിയും പ്രതിപക്ഷ നേതാവ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. സിപിഐഎം നേതാക്കള്‍ പ്രതിയായ കേസുകളിലെ ഇ ഡി അന്വേഷണം എങ്ങും എത്താറില്ല. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് അന്വേഷണം ഉദാഹരണമാണ്.പ്രാഥമിക കുറ്റപത്രം പോലും സമര്‍പ്പിക്കാത്തതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള സമ്മര്‍ദമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.




