Connect with us

Kerala

പാകിസ്താന് പരസ്യ പിന്തുണ; തുര്‍ക്കി സര്‍വകലാശാലയുമായുള്ള ധാരണാപത്രം റദ്ദാക്കി കോഴിക്കോട് ഐഐഎം

ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തിതുര്‍ക്കി ഉള്‍പ്പെടുന്ന നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യത്തിന്റെ നേരിട്ടുള്ള അനന്തരഫലമായാണ് ബന്ധങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതെന്ന് ഐഐഎംകെ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു

Published

|

Last Updated

കോഴിക്കോട് |  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (IIMK), തുര്‍ക്കിയിലെ സബാന്‍സി സര്‍വകലാശാലയുമായുള്ള സഹകരണം സംബന്ധിച്ച ധാരണാപത്രം റദ്ദാക്കി. ഇന്ത്യയുമായുള്ള നയതന്ത്ര സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ പാകിസ്താന് തുര്‍ക്കി പരസ്യ പിന്തുണ നല്‍കിയ സമീപനത്തോടുള്ള പ്രതികരണമായാണ് നടപടി

സെപ്റ്റംബര്‍ 2023 അഞ്ച് വര്‍ഷത്തെ കാലാവധിയോടെ ഒപ്പുവച്ച ധാരണാപത്രം, രണ്ട് സ്ഥാപനങ്ങള്‍ക്കിടയിലുള്ള വിദ്യാര്‍ത്ഥി കൈമാറ്റ പരിപാടികളിലൂടെ അക്കാദമിക് സഹകരണം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നാല്‍ , ഇപ്പോള്‍ രൂപപ്പെട്ട പ്രത്യേക സാഹചര്യം കണക്കിലെടുത്ത്, ഏകപക്ഷീയമായി കരാര്‍ അവസാനിപ്പിക്കാന്‍ ഐഐഎം കോഴിക്കോട് തീരുമാനിക്കുകയായിരുന്നു.

ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തിതുര്‍ക്കി ഉള്‍പ്പെടുന്ന നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യത്തിന്റെ നേരിട്ടുള്ള അനന്തരഫലമായാണ് ബന്ധങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതെന്ന് ഐഐഎംകെ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.സ്ഥാപനം ഔപചാരികമായി സബാന്‍സി സര്‍വകലാശാലയെ ഈ തീരുമാനം അറിയിച്ചിട്ടുണ്ട്. കൂടാതെ എല്ലാ തുര്‍ക്കി സര്‍വകലാശാല രേഖകളില്‍ നിന്നും വെബ്സൈറ്റുകളില്‍ നിന്നും അനുബന്ധ പ്ലാറ്റ്ഫോമുകളില്‍ നിന്നും ഐഐഎം കോഴിക്കോടിന്റെ പേരും അവരുമായുള്ള സഹകരണം സംബന്ധിച്ച കാര്യങ്ങളും ഉടനടി നീക്കം ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

‘ദേശീയ താല്‍പ്പര്യവുമായി ആഗോള ഇടപെടലുകള്‍ സമന്വയിപ്പിക്കുന്നതിന് ഐഐഎം കോഴിക്കോട്, അതീവ പ്രാധാന്യം നല്‍കുന്നു. സബാന്‍സി സര്‍വകലാശാലയുമായുള്ള ധാരണാപത്രം റദ്ദാക്കാനുള്ള തീരുമാനം ശ്രദ്ധാപൂര്‍വ്വം പരിഗണിച്ചതിനുശേഷമാണ് എടുത്തത്, കൂടാതെ നമ്മുടെ രാജ്യത്തിന്റെ മൂല്യങ്ങളും മുന്‍ഗണനകളും ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള സ്ഥാപനപരമായ ഉത്തരവാദിത്തവുമായി പൊരുത്തപ്പെടുന്നതാണിത് .പരസ്പര ബഹുമാനം, തന്ത്രപരമായ വിന്യാസം, ദേശീയ മൂല്യങ്ങള്‍ എന്നിവ പ്രതിഫലിപ്പിക്കുന്ന അന്താരാഷ്ട്ര സഹകരണങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്- ഐ ഐ എം നിലപാട് വിശദീകരിച്ചുകൊണ്ട് കോഴിക്കോട് ഐഐഎമ്മിന്റെ ഡയറക്ടര്‍ പ്രൊഫസര്‍ ദേബാശിഷ് ചാറ്റര്‍ജി പറഞ്ഞു

 

ഇന്ത്യയിലെ പ്രമുഖ മാനേജ്മെന്റ് സ്ഥാപനമാണ് ഐഐഎം കോഴിക്കോട്, നിലവില്‍ 60-ലധികം ആഗോള സ്ഥാപനങ്ങളുമായി വിദ്യാര്‍ഥി കൈമാറ്റ പദ്ധതികള്‍ നടത്തുന്നു.ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി, കാണ്‍പൂരിലെ ഛത്രപതിഷാഹുജി മഹാരാജ് ( സി എസ് ജെ എം) ജാമിയ മിലിയ ഇസ്ലാമിയ എന്നീ സര്‍വകലാശാലകള്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പരിഗണനകള്‍ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ വിവിധ സ്ഥാപനങ്ങളുമായുള്ള സഹകരണം അവസാനിപ്പിച്ചിരുന്നു

 

Latest