Uae
ചൂട് ഉയരുന്നു; പുലർച്ചെകളിൽ കനത്ത മൂടൽമഞ്ഞ്
തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും വ്യാഴാഴ്ച രാവിലെ വരെ മൂടൽമഞ്ഞ് ഉണ്ടാകാമെന്ന് എൻ സി എം മുന്നറിയിപ്പ് നൽകി.

ദുബൈ | രാജ്യത്ത് താപനില 48 ഡിഗ്രി സെൽഷ്യസ് ആയി ഉയർന്നുവെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ സി എം) വ്യക്തമാക്കി. തീരപ്രദേശങ്ങളിൽ 90 ശതമാനം വരെ ആർദ്രതയും രേഖപ്പെടുത്തി. ഇത് താപനില കൂടുതൽ അനുഭവപ്പെടാൻ ഇടയാക്കി. അൽ ഐനിലെ രക്‌നയിലാണ് ഇന്നലെ ഉച്ചക്ക് രണ്ട് മണിക്ക് 48 ഡിഗ്രി താപനില രേഖപ്പെടുത്തിയത്.
അതേസമയം, അബൂദബിയിലെ ഗംതൂത്, അൽ അജ്ബാൻ, ജബൽ അലിയിലേക്കുള്ള മുഹമ്മദ് ബിൻ സായിദ് റോഡ്, ദുബൈയിലെ മദീനത്ത് ഹിന്ദ്, അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം, ജബൽ അലിയിലേക്കുള്ള എമിറേറ്റ്‌സ് റോഡ്, ദുബൈ സൗത്ത്, ഹിസൈവ, അൽ റാഫ, ഉമ്മുൽ ഖുവൈനിലെ അൽ അഖ്റാൻ എന്നിവിടങ്ങളിൽ ഇന്നലെ പുലർച്ചെ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു.
തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും വ്യാഴാഴ്ച രാവിലെ വരെ മൂടൽമഞ്ഞ് ഉണ്ടാകാമെന്ന് എൻ സി എം മുന്നറിയിപ്പ് നൽകി.ഉയർന്ന താപനിലയും ആർദ്രതയും കണക്കിലെടുത്ത്, പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.