Connect with us

National

സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കില്‍ പ്രതിഷേധം ശക്തം

മരണം വരെ നിരാഹാര സമരം പ്രഖ്യാപിച്ച് സാമൂഹിക പ്രവര്‍ത്തക സോനം വാങ്ചുക്കും രംഗത്ത് വന്നു

Published

|

Last Updated

ലേ |  ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ കാശ്മീര്‍ സന്ദര്‍ശനത്തിനിടെ ലഡാക്കില്‍ സംസ്ഥാന പദവി ആവശ്യപ്പെട്ട് സമരം ശക്തമാകുന്നു. സംസ്ഥാന പദവി ഉള്‍പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് വിവിധ സംഘടനകള്‍ ചേര്‍ന്ന് സമരം ശക്തമാക്കിയത്.

ഇതിനിടെ മരണം വരെ നിരാഹാര സമരം പ്രഖ്യാപിച്ച് സാമൂഹിക പ്രവര്‍ത്തക സോനം വാങ്ചുക്കും രംഗത്ത് വന്നു. മാര്‍ച്ച് നാലിന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് സോനം വാങ്ചുക്കും നിരാഹാര സമരം പ്രഖ്യാപിച്ചത്.

സ്വാതന്ത്ര സമരക്കാലത്ത് മഹാത്മ ഗാന്ധി നടത്തിയ ഏറ്റവും ദൈര്‍ഗ്യമേറിയ 21 ദിവസത്തെ നിരാഹാര സമരമാണ് താന്‍ നടത്താന്‍ പോകുന്നതെന്നും പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ സമരം മരണം വരെ നീളുമെന്നും സോനം വാങ്ചുക്കും പ്രതികരിച്ചു.

ലഡാക്കിന് സംസ്ഥാന പദവി നല്‍കുക, ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ലഡാക്കിനെ ഉള്‍പെടുത്തുക തുടങ്ങിയ ആവശ്യം ഉന്നയിച്ചാണ് ലേ അപെക്സ് ബോഡി, കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ് തുടങ്ങിയ സംഘടനകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയുമായി ചര്‍ച്ച നടത്തിയത്.

ആറാം ഷെഡ്യൂള്‍ ആവശ്യം ആഭ്യന്തര മന്ത്രി അമിത്ഷാ ഭാഗികമായി അംഗീകരിച്ചിരുന്നു. എന്നാല്‍ പൂര്‍ണ സംസ്ഥാന പദവിയും ആറാം ഷെഡ്യൂള്‍ ആവശ്യവും നടപ്പിലാക്കുന്നതില്‍ ഇപ്പോള്‍ പ്രതിസന്ധിയുണ്ടെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. ഇതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. ചര്‍ച്ച പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ലഡാക്കില്‍ ബന്ദ് ആചരിക്കുകയും ചെയ്തു.

 

Latest