From the print
നബിദിനം നാളെ; വരവേല്‍ക്കാന്‍ നാടൊരുങ്ങി പ്രകീര്‍ത്തന വസന്തം തീര്‍ക്കാന്‍ മസ്ജിദുകളും
നബിദിനം വിപുലമായി ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്.

കൊളത്തൂര്‍ | നബിദിനത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി. പ്രവാചകന്‍ മുഹമ്മദ് നബി (സ്വ)യുടെ ജന്മം കൊണ്ട് അനുഗൃഹീതമായ സുദിനം നാളെയാണ്. മീലാദാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെമ്പാടും മൗലിദ് സദസ്സുകളും ഘോഷയാത്രയും മദ്റസ, ദര്‍സ്, ദഅ്വ കോളജ് വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടക്കും.
നബിദിനം വിപുലമായി ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. റബീഉല്‍ അവ്വലിന്റെ തുടക്കം മുതല്‍ മസ്ജിദുകളിലും സ്ഥാപനങ്ങളിലും വിശ്വാസി ഭവനങ്ങളിലും മൗലിദ് സദസ്സുകള്‍ ആരംഭിച്ചിരുന്നു. നാളെ പുലര്‍ച്ചെ മസ്ജിദുകളില്‍ പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍ നടക്കും. ഇശലുകള്‍ ചാലിച്ച ബൈത്തുകള്‍ക്കൊപ്പിച്ച ഈരടികളുമായി ദഫ്മുട്ടും അറബനയും മധുരവിതരണവുമായി നബിദിന റാലികള്‍ നടക്കും. പള്ളികളും സ്ഥാപനങ്ങളും അലങ്കാര വിളക്കുകള്‍ തെളിച്ച് വര്‍ണാഭമാക്കിയിട്ടുണ്ട്. പല നഗരവീഥികളും രാത്രികാലങ്ങളില്‍ ദീപാലംകൃതമാണ്. വിപണിയില്‍ തൊപ്പിയുടെയും അത്തറിന്റെയും വില്‍പ്പന സജീവമാണ്. മുസ്്‌ലിം സംഘടനകളുടെ ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
നബിദിനത്തോടനുബന്ധിച്ച് കേരള മുസ്‌ലിം ജമാഅത്തിന്റെയും എസ് വൈ എസ്, എസ് എസ് എഫ് സംഘടനകളുടെയും നേതൃത്വത്തില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് ക്യാമ്പയിന്‍ സംഘടിപ്പിച്ചിട്ടുണ്ട്.