Connect with us

Kerala

സംസ്ഥാനത്തിന് എയിംസ് ലഭിക്കാത്തതുള്‍പ്പെടെ ഉന്നയിച്ചു; ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറുമായി കൂടിക്കാഴ്ച നടത്തി പ്രൊഫ. കെ വി തോമസ്

ഹൈസ്പീഡ് റെയില്‍വേ സിസ്റ്റത്തിനുള്ള അനുമതി നല്‍കാത്തതും വയനാട് ദുരന്തത്തിനുള്ള ധനസഹായം വൈകുന്നതും ശ്രദ്ധയില്‍പ്പെടുത്തി.

Published

|

Last Updated

ന്യൂഡല്‍ഹി | സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറുമായി കൂടിക്കാഴ്ച നടത്തി. ഉപരാഷ്ട്രപതിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് നടത്തിയ ചര്‍ച്ചയില്‍ സംസ്ഥാനത്തിന് എയിംസ് ലഭിക്കാത്തതും ഹൈസ്പീഡ് റെയില്‍വേ സിസ്റ്റത്തിനുള്ള അനുമതി നല്‍കാത്തതും വയനാട് ദുരന്തത്തിനുള്ള ധനസഹായം വൈകുന്നതുമായ കാര്യങ്ങള്‍ കെ വി തോമസ് ഉപരാഷ്ട്രപതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ വിശദമായി അറിയിക്കാന്‍ ഉപരാഷ്ട്രപതി നിര്‍ദേശിച്ചു. അടുത്ത ദിവസം തന്നെ ഇതു സംബന്ധിച്ച വിശദമായ റിപോര്‍ട്ട് ഉപരാഷ്ട്രപതിക്ക് നല്‍കുമെന്ന് തോമസ് പറഞ്ഞു.

കേരളത്തില്‍ നടത്തുന്ന വിവിധ ചടങ്ങുകളുടെ ഉദ്ഘാടനത്തിന് ഉപരാഷ്ട്രപതിയെ അദ്ദേഹം നേരിട്ട് ക്ഷണിച്ചു. കെ വി തോമസ് വിദ്യാധനം ട്രസ്റ്റിന്റെ ‘ഭാവിക്ക് വേണ്ടി സമ്പാദിക്കുക’ എന്ന പദ്ധതിയുടെ ഭാഗമായി പതിനായിരം വിദ്യാര്‍ഥികള്‍ക്ക് കുടുക്ക നല്‍കുകയും സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയില്‍ അക്കൗണ്ട് ആരംഭിക്കുകയും ചെയ്യുന്ന പരിപാടി, 100 വര്‍ഷം പിന്നിട്ട കൊല്ലം ഫാത്തിമ കോളജിന്റെ ജൂബിലി ആഘോഷം എന്നിവയുടെ ഉദ്ഘാടനത്തിനാണ് ഉപരാഷ്ട്രപതിയെ ക്ഷണിച്ചത്.

കേരളം സന്ദര്‍ശിക്കുന്നത് തനിക്ക് സന്തോഷമുള്ള കാര്യമാണെന്നും പാര്‍ലമെന്റ് സെഷന്‍ കഴിഞ്ഞാല്‍ എത്താമെന്നും ഉപരാഷ്ട്രപതി അറിയിച്ചു.