Connect with us

Kerala

മുന്‍ മന്ത്രി സി വി പത്മരാജന്‍ അന്തരിച്ചു

1983-87 കാലയളവില്‍ കെ പി സി സി അധ്യക്ഷനായിരുന്നു. കെ കരുണാകരന്‍, എ കെ ആന്റണി മന്ത്രിസഭകളില്‍ അംഗമായിരുന്നു.

Published

|

Last Updated

കൊല്ലം | മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ സി വി പത്മരാജന്‍ അന്തരിച്ചു. 93 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

1983-87 കാലയളവില്‍ കെ പി സി സി അധ്യക്ഷനായിരുന്നു. കെ കരുണാകരന്‍, എ കെ ആന്റണി മന്ത്രിസഭകളില്‍ അംഗമായിരുന്നു. ധനകാര്യം, വൈദ്യുതി ഉള്‍പ്പെടെയുള്ള സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തു. കെ കരുണാകരന്‍ വിദേശത്ത് ചികിത്സയ്ക്ക് പോയപ്പോള്‍ മുഖ്യമന്ത്രിയുടെ ചുമതലയും വഹിച്ചിരുന്നു. ചാത്തന്നൂരില്‍ നിന്ന് രണ്ട് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മന്ത്രിസ്ഥാനം രാജിവച്ചാണ് കെ പി സി സി അധ്യക്ഷ പദവി ഏറ്റെടുത്തത്.

കൊല്ലം ജില്ലയിലെ പരവൂരില്‍ കെ വേലു വൈദ്യന്റെയും തങ്കമ്മയുടെയും മകനായി 1931 ജൂലൈ 22 ന് ജനിച്ചു. അഖില തിരുവിതാംകൂര്‍ വിദ്യാര്‍ഥി കോണ്‍ഗ്രസ്സിലൂടെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് പൊതുപ്രവര്‍ത്തന രംഗത്തേക്ക് വന്നു. ചാത്തന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി രാഷ്ട്രീയ പ്രവര്‍ത്തന രംഗത്തേക്ക് വന്നു. കൊല്ലം ഡി സി സിയുടെ വൈസ് പ്രസിഡന്റും പ്രസിഡന്റുമായി പ്രവര്‍ത്തിച്ചു. 1982ല്‍ നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തന്നെ കരുണാകരന്‍ മന്ത്രിസഭയില്‍ അംഗമായി. സാമൂഹിക വികസനം, ഫിഷറീസ് വകുപ്പുകളുടെ ചുമതല വഹിച്ചു. 1983ല്‍ മന്ത്രിപദം രാജിവെച്ച് കെ പി സി സി പ്രസിഡന്റായി. 1991ല്‍ വൈദ്യുതി, കയര്‍ വകുപ്പുകളുടെയും പിന്നീട് ധനകാര്യവകുപ്പിന്റെയും ചുമതലയുള്ള മന്ത്രിയായി. 1994ലെ എ കെ ആന്റണി മന്ത്രിസഭയില്‍ ധനം, കയര്‍, ദേവസ്വം വകുപ്പുകള്‍ കൈകാര്യം ചെയ്തു.

1968 മുതല്‍ കൊല്ലം സഹകരണ അര്‍ബന്‍ ബേങ്ക് പ്രസിഡന്റാണ്. പരവൂര്‍ എസ് എന്‍ വി സമാജം ട്രഷറര്‍, എസ് എന്‍ വി സ്‌കൂള്‍ മാനേജര്‍, എസ് എന്‍ വി ബേങ്ക് ട്രഷറര്‍, കൊല്ലം ക്ഷീരോത്പാദക സഹകരണസംഘം ഡയറക്ടര്‍, ജില്ലാ സഹകരണ ബേങ്ക് വൈസ് പ്രസിഡന്റ്, സഹകരണ സ്പിന്നിങ് മില്‍ സ്ഥാപക ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.