തെളിയോളം
നാളെയാകാന് പോകുന്ന പാവം നിങ്ങള്ക്ക് ഇത് താങ്ങുമോ?
ജീവിതത്തെ നോക്കാൻ രസകരമായ ഒരു രീതിയുണ്ട്. നമ്മുടെ ഉള്ളിൽ മൂന്ന് വ്യക്തികളുണ്ടെന്ന് സങ്കൽപ്പിക്കുക: ഇന്നലത്തെ നമ്മൾ, ഇന്നത്തെ നമ്മൾ, നാളത്തെ നമ്മൾ.
നമ്മുടെ ഇന്നത്തെ തീരുമാനങ്ങളുടെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരുന്ന ഒരാളാണ് നമ്മുടെ ഭാവിയിലെ നമ്മൾ. നിർഭാഗ്യവശാൽ, ആ പാവത്തോട് നമ്മൾ വലിയ നീതിയൊന്നും കാണിക്കാറില്ല! നമ്മളെല്ലാവരും നമ്മളെത്തന്നെ ഒരുപാട് സ്നേഹിക്കുന്നവരാണ്. പക്ഷേ, നാളെ ആയിത്തീരാൻ പോകുന്ന നമ്മളോട് അത്രത്തോളം സ്നേഹവും കരുതലും കാണിക്കാറുണ്ടോ? ഒന്ന് ആലോചിച്ചുനോക്കൂ. എല്ലാ രാത്രിയും നാളത്തേക്കുള്ള മനോഹരമായ പദ്ധതികൾ തയ്യാറാക്കും: “നാളെ മുതൽ നാലുമണിക്ക് എഴുന്നേൽക്കണം, നടക്കണം, ഭക്ഷണം നിയന്ത്രിക്കണം, വ്യായാമം ചെയ്യണം, ബാക്കിവെച്ച ജോലികളെല്ലാം തീർക്കണം.
അങ്ങനെ നാളെ മുതൽ പുതിയൊരു മനുഷ്യനാകണം!” പക്ഷേ, രാവിലെ നാലുമണിക്ക് അലാറം അടിക്കുമ്പോൾ നമ്മുടെ ഉള്ളിലെ പുതിയ ഡോക്ടർ ഉണരും: “ആരോഗ്യത്തിന് ഉറക്കം പ്രധാനമാണല്ലോ! കുറച്ചുകൂടി കഴിഞ്ഞ് എഴുന്നേൽക്കാം.” അങ്ങനെ അഞ്ച് തവണ സ്നൂസ് ബട്ടൺ അമർത്തി ആറ് മണിക്കോ എട്ട് മണിക്കോ എഴുന്നേൽക്കും. എന്നിട്ട് അലാറം വെച്ച നമ്മളെത്തന്നെ കുറ്റപ്പെടുത്തും! നേരത്തേ ലഘുവായി ഭക്ഷണം കഴിക്കണമെന്ന് തീരുമാനിച്ചവർ അർധരാത്രിയിൽ വയറുനിറയെ കഴിച്ച് രാവിലെ ദഹനപ്രശ്നങ്ങളുമായി ഡോക്ടറെ കാണും.
മാസത്തിന്റെ ആദ്യ ആഴ്ചയിൽ ശമ്പളം മുഴുവൻ ചെലവാക്കി അവസാന ആഴ്ചയിൽ പറയും: “അടുത്ത മാസം മുതൽ ചെലവ് നിയന്ത്രിക്കാം!” പല്ലുവേദന വന്നാൽ ഡോക്ടറെ കാണുന്നത് നീട്ടിവെക്കും; വീട്ടിലെ ചോർച്ച നന്നാക്കുന്നതും മാറ്റിവെക്കും. ഇങ്ങനെ ഇന്നത്തെ നമ്മൾ സുഖമായി നീട്ടിവെക്കുമ്പോൾ നാളത്തെ നമ്മൾ അതിന്റെ പ്രത്യാഘാതങ്ങളെല്ലാം അനുഭവിക്കേണ്ടിവരുന്നു. എല്ലാത്തിനും ഒരേയൊരു മറുപടി: “പിന്നെ ചെയ്യാം… നാളെ നോക്കാം!” പക്ഷേ, നാളെ ഒരിക്കലും ഒറ്റയ്ക്കല്ല വരുന്നത്. ഇന്ന് പൂർത്തിയാക്കാത്ത ജോലികളും തീർക്കാത്ത ഉത്തരവാദിത്വങ്ങളുമെല്ലാം ചുമന്നുകൊണ്ടായിരിക്കും അതിന്റെ വരവ്. നമ്മുടെ ബാക്കിജോലികളും കടങ്ങളും പ്രശ്നങ്ങളുമെല്ലാം ഒരു സുഹൃത്തിന്റെ തലയിൽ കെട്ടിവെച്ചിട്ട്, “വിഷമിക്കേണ്ട, ഒക്കെ നിനക്ക് മാനേജ് ചെയ്യാവുന്നതേയുള്ളൂ” എന്നു പറഞ്ഞുനോക്കൂ. അയാൾ ആദ്യം ചെയ്യുന്നത് നിങ്ങളുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരിക്കും! എന്നാൽ ഇതേ കാര്യമാണ് നമ്മൾ ദിവസവും നമ്മളോടുതന്നെ ചെയ്യുന്നത്!
ജീവിതത്തെ നോക്കാൻ രസകരമായ ഒരു രീതിയുണ്ട്. നമ്മുടെ ഉള്ളിൽ മൂന്ന് വ്യക്തികളുണ്ടെന്ന് സങ്കൽപ്പിക്കുക: ഇന്നലത്തെ നമ്മൾ, ഇന്നത്തെ നമ്മൾ, നാളത്തെ നമ്മൾ. ഇന്നലത്തെ നമ്മൾ ഒരുപാട് നല്ല വാഗ്ദാനങ്ങൾ നൽകിയ ആളാണ്. ഇന്നത്തെ നമ്മൾ അതൊന്നും ഓർക്കാതെ ജീവിതം ആസ്വദിക്കുന്നു. എന്നാൽ നാളത്തെ നമ്മൾ ഇവർ രണ്ടുപേരും ഉണ്ടാക്കിയ കുഴപ്പങ്ങളെല്ലാം വൃത്തിയാക്കേണ്ട പാവമാണ്! ഇന്നത്തെ നമ്മൾ പറയും: “ഇന്ന് കുറച്ച് വിശ്രമിക്കാം, ബാക്കിജോലി നാളെ തീർക്കാം.” നാളത്തെ നമ്മൾ ഓഫീസിലെത്തുമ്പോൾ പഴയ ജോലികളും പുതിയ ഉത്തരവാദിത്വങ്ങളും കണ്ട് അന്തംവിടും! “ഈ മാസം മുതൽ പണം സേവ് ചെയ്യണം” എന്ന് തീരുമാനിച്ച് വൈകുന്നേരം ഒരു ഓഫർ കാണുമ്പോൾ സമ്പാദ്യത്തിലേക്ക് പോകേണ്ട പണം ഓൺലൈൻ ഷോപ്പിംഗ് കാർട്ടിലെത്തും! “ഇനി പുറത്തുനിന്ന് ഭക്ഷണം കഴിക്കില്ല” എന്ന ആരോഗ്യപ്രതിജ്ഞ സുഹൃത്തിന്റെ “ഒരു ബിരിയാണി കഴിച്ചാലോ?” എന്ന ചോദ്യത്തോടെ അവസാനിക്കും.
വ്യായാമം തുടങ്ങുന്നതിനുമുമ്പ് വിലകൂടിയ ജിം വസ്ത്രങ്ങളും ഷൂസും സ്മാർട്ട് വാച്ചും വാങ്ങുന്നവരുമുണ്ട്. എല്ലാം തയ്യാറാണ്; വ്യായാമം ചെയ്യേണ്ട ആൾ മാത്രം തയ്യാറായിട്ടില്ല! വർഷങ്ങളോളം ആരോഗ്യത്തെ അവഗണിച്ച് സമ്പാദിച്ച പണം ഒടുവിൽ ചികിത്സക്കായി ചെലവഴിക്കേണ്ടിവരുന്നതും ഇതേ അശ്രദ്ധയുടെ മറ്റൊരു രൂപമാണ്. മാറ്റിവെച്ച ആരോഗ്യപരിശോധനകൾ, തീർക്കാത്ത വീട്ടുജോലികൾ, വിളിക്കാമെന്ന് പറഞ്ഞ് വിളിക്കാത്ത സുഹൃത്തുക്കൾ, സന്ദർശിക്കാമെന്ന് കരുതി പോകാത്ത ബന്ധുക്കൾ… ഇവയെല്ലാം നാളത്തെ ജീവിതത്തിൽ കാത്തിരിക്കുന്ന ഭാരങ്ങളാണ്. എന്നാൽ ഭാവിയിലെ നിങ്ങൾ മറ്റൊരാളല്ല; കുറച്ചുദിവസങ്ങൾക്കോ മാസങ്ങൾക്കോ വർഷങ്ങൾക്കോ ശേഷം ജീവിക്കാൻ പോകുന്ന അതേ നിങ്ങൾ തന്നെയാണ്.
ഇന്ന് എടുക്കുന്ന ഓരോ തീരുമാനവും ആ വ്യക്തിക്ക് നൽകുന്ന ഒരു സമ്മാനമോ ഭാരമോ ആണ്. ഇന്ന് മിച്ചംവെക്കുന്ന പണം നാളത്തെ സാമ്പത്തിക സുരക്ഷയാണ്. ഇന്ന് പൂർത്തിയാക്കുന്ന ജോലി നാളത്തെ സമാധാനമാണ്. ഇന്നത്തെ വ്യായാമം ഭാവിയിലെ ആരോഗ്യമാണ്. ഇന്ന് സംരക്ഷിക്കുന്ന ബന്ധങ്ങൾ നാളത്തെ സന്തോഷമാണ്. നമ്മുടെ ഭാവി രൂപപ്പെടുന്നത് വലിയ തീരുമാനങ്ങൾകൊണ്ടു മാത്രമല്ല, ആവർത്തിക്കുന്ന ചെറിയ ശീലങ്ങൾകൊണ്ടുകൂടിയാണ്.
അതുകൊണ്ട്, നാളെയാകാൻ പോകുന്ന നമ്മളുമായി ഒരു ചെറിയ കരാറുണ്ടാക്കാം. എന്തെങ്കിലും മാറ്റിവെക്കാൻ തോന്നുമ്പോൾ സ്വയം ചോദിക്കുക: “ഞാൻ എന്റെ ഭാവിയിലെ ജീവിതം എളുപ്പമാക്കുകയാണോ, അതോ ആ പാവത്തിന് മറ്റൊരു പ്രശ്നം കൂടി സൃഷ്ടിക്കുകയാണോ?” നിങ്ങളുടെ ഭാവിയിലെ നിങ്ങൾ മുന്നിൽവന്ന് ചോദിക്കുന്നതായി സങ്കൽപ്പിച്ചുനോക്കൂ: “പ്രിയ സുഹൃത്തേ, ഞാൻ എന്ത് തെറ്റാണ് ചെയ്തത്? ഇത്രയും പ്രശ്നങ്ങളെല്ലാം എന്റെ തലയിൽ കെട്ടിവെച്ചതെന്തിനാണ്?” അപ്പോൾ നിങ്ങൾക്ക് പറയാൻ കഴിയുമോ: “സോറി ബ്രോ, ഞാൻ കുറച്ച് റീൽസ് കണ്ടുകൊണ്ടിരിക്കുകയായിരുന്നു!” പ്രധാനപ്പെട്ട ജോലികൾ അടിയന്തരാവസ്ഥയാകുന്നതിന് മുമ്പ് പൂർത്തിയാക്കുക. ആരോഗ്യപ്രശ്നങ്ങളെ അവഗണിക്കാതിരിക്കുക. കുടുംബത്തോടൊപ്പം ചെലവഴിക്കേണ്ട സമയം തിരക്കുകളുടെ പേരിൽ മാറ്റിവെക്കാതിരിക്കുക.
ഒരു സ്വപ്നമുണ്ടെങ്കിൽ നല്ലൊരു തിങ്കളാഴ്ചക്കോ പുതിയൊരു മാസത്തിനോ വേണ്ടി കാത്തിരിക്കാതിരിക്കുക. അതുപോലെ, നേരത്തേ ചെയ്ത നല്ല കാര്യങ്ങളുടെ ഗുണം അനുഭവിക്കുമ്പോൾ പഴയ നിങ്ങളോട് നന്ദി പറയാനും മറക്കരുത്. ആവശ്യസമയത്ത് കൈയിൽ സമ്പാദ്യമുള്ളപ്പോൾ കഴിഞ്ഞ മാസത്തെ നിങ്ങളോട് നന്ദി പറയുക. നല്ല ആരോഗ്യത്തോടെ യാത്ര ചെയ്യുമ്പോൾ വ്യായാമം ശീലമാക്കിയ പഴയ നിങ്ങളെ ഓർക്കുക. കൃത്യസമയത്ത് പൂർത്തിയാക്കിയ ജോലിയുടെ പേരിൽ സമാധാനത്തോടെ ഉറങ്ങുമ്പോൾ ഇന്നലത്തെ നിങ്ങളോട് നന്ദി പറയുക.
നിങ്ങളോട് തന്നെ ഇങ്ങനെ സംസാരിക്കുന്നത് അൽപ്പം വിചിത്രമായി തോന്നിയേക്കാം. പക്ഷേ, ഭാവിയിലെ നിങ്ങളുമായി വഴക്കിടുന്നതിനേക്കാൾ എത്രയോ നല്ലതാണ് അത്! സ്വയംപരിചരണം എന്നു പറയുമ്പോൾ വിലകൂടിയ എന്തെങ്കിലും വാങ്ങുന്നതും യാത്ര പോകുന്നതും ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നതുമൊക്കെയാണ് സാധാരണ നമ്മുടെ മനസ്സിൽ വരുന്നത്. എന്നാൽ ചിലപ്പോൾ ഭാവിയിലെ നമ്മൾക്ക് നന്ദിയോടെ ഓർക്കാൻ കഴിയുന്ന ഒരു കാര്യം ഇന്ന് ചെയ്യുന്നതാണ് ഏറ്റവും വലിയ സ്വയംപരിചരണം.
ഇന്നത്തെ ചെറിയ സന്തോഷങ്ങൾക്കുവേണ്ടി നാളത്തെ ജീവിതത്തെ ബുദ്ധിമുട്ടിലാക്കരുത്. കാരണം, നിങ്ങളുടെ ഭാവിയിലെ നിങ്ങൾ ദൂരെയെവിടെയോ കാത്തിരിക്കുന്ന ഒരു അപരിചിതനല്ല; ഇന്ന് ജീവിക്കുന്ന നിങ്ങളുടെ കരുണയും കരുതലും കാത്തിരിക്കുന്ന അതേ നിങ്ങൾ തന്നെയാണ്! അതുകൊണ്ട്, “നാളെ ചെയ്യാം” എന്ന് പറയാൻ തോന്നുമ്പോഴെല്ലാം ഒന്ന് ഓർക്കുക: നാളത്തെ നിങ്ങൾ ഇതിനകം കാത്തിരിക്കുകയാണ്. ആ പാവത്തിന് കൈകാര്യം ചെയ്യാൻ ഇപ്പോൾത്തന്നെ ആവശ്യത്തിലധികം പ്രശ്നങ്ങളുണ്ട്!
Content Highlights: We often delay important tasks, health routines, and financial savings, pushing heavy burdens onto our future selves. Procrastination creates unnecessary stress and debt for the person we will become tomorrow. True self-care means making mindful decisions today to protect and support our future well-being.





