Connect with us

National

രാമക്ഷേത്രം ഇന്ത്യയുടെ നാഗരിക പൈതൃകത്തിലെ നാഴികക്കല്ലെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

പാശ്ചാത്യ ജനാധിപത്യം എന്ന സങ്കൽപ്പത്തേക്കാൾ വളരെ പഴക്കമുള്ളതാണ് ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥ. അതുകൊണ്ടാണ് ഇന്ത്യയെ “ജനാധിപത്യത്തിന്റെ മാതാവ്” എന്നു വിളിക്കുന്നതെന്നും രാഷ്ട്രപതി

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയുടെ നാഗരികമായ പൈതൃകത്തിന്റെ തുടര്‍ച്ചയായ കണ്ടെത്തലുകളുടെ പ്രധാനപ്പെട്ട നായിക്കകല്ലാണ് അയോധ്യയിലെ രാമക്ഷേത്രമെന്ന് രാഷ്ട്രപതി. രാമക്ഷേത്രം വിശ്വസികളുടെ മന്ദിരം മാത്രമല്ലെന്നും ജുഡീഷ്യല്‍ പ്രക്രിയയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിന്റെ തെളിവായി രാമക്ഷേത്രം നിലനില്‍ക്കുമെന്നും രാക്ഷ്ട്രപതി റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു.

“ഈയാഴ്ചയാദ്യം, ശ്രീരാമപ്രഭുവിന്റെ ജന്മസ്ഥലമായ അയോധ്യയിൽ നിർമിച്ച മഹത്തായ പുതിയ ക്ഷേത്രത്തിൽ അദ്ദേഹത്തിന്റെ വിഗ്രഹത്തിന്റെ ചരിത്രപരമായ പ്രതിഷ്ഠാചടങ്ങിനു നാം സാക്ഷ്യംവഹിച്ചു. ഈ സംഭവത്തെ വിശാലമായ വീക്ഷണകോണിൽ കാണുമ്പോൾ, ഭാവി ചരിത്രകാരന്മാർ ഇത് ഇന്ത്യയുടെ നാഗരികപൈതൃകത്തിന്റെ തുടർച്ചയായ പുനരാവിഷ്കരണത്തിലെ നാഴികക്കല്ലായി കണക്കാക്കും. ആ ഭൂമിയുടെ കാര്യത്തിൽ പരമോന്നത നീതിപീഠത്തിന്റെ വിധിക്കും നീതിന്യായ നടപടികൾക്കും ശേഷമാണു ക്ഷേത്രത്തിന്റെ നിർമാണം ആരംഭിച്ചത്. ജനങ്ങളുടെ വിശ്വാസത്തിന്റെ ഉചിതമായ ആവിഷ്കാരമായി മാത്രമല്ല, നീതിന്യായ പ്രക്രിയയിലുള്ള ജനങ്ങളുടെ അപാരമായ വിശ്വാസത്തിന്റെ സാക്ഷ്യപത്രമായും അതിപ്പോൾ മഹത്തായ സൗധമായി നിലകൊള്ളുന്നു.” – രാഷ്ട്രപതി വ്യക്തമാക്കി.

നാളെ നാം ഭരണഘടനയുടെ തുടക്കം ആഘോഷിക്കുന്ന ദിവസമാണ്. അതിന്റെ ആമുഖം ആരംഭിക്കുന്നത്, ആ രേഖയുടെ ജനാധിപത്യം എന്ന പ്രമേയം ഉയർത്തിക്കാട്ടുന്ന, “നാം, ഇന്ത്യയിലെ ജനങ്ങൾ” എന്ന വാക്കുകളോടെയാണ്. പാശ്ചാത്യ ജനാധിപത്യം എന്ന സങ്കൽപ്പത്തേക്കാൾ വളരെ പഴക്കമുള്ളതാണ് ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥ. അതുകൊണ്ടാണ് ഇന്ത്യയെ “ജനാധിപത്യത്തിന്റെ മാതാവ്” എന്നു വിളിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിലേക്കു നയിക്കുന്ന കാലഘട്ടമായ അമൃതകാലത്തിന്റെ ആദ്യ വർഷങ്ങളിലാണു രാഷ്ട്രം. ഇതു യുഗപരിവർത്തനത്തിന്റെ സമയമാണ്. രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കാനുള്ള സുവർണാവസരമാണു നമുക്കു ലഭിച്ചിരിക്കുന്നത്. നമ്മുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഓരോ പൗരന്റെയും സംഭാവന നിർണായകമാകും. ഇതിനായി, ഭരണഘടന അനുശാസിക്കുന്ന നമ്മുടെ മൗലികകർത്തവ്യങ്ങൾ പാലിക്കാൻ എന്റെ എല്ലാ സഹപൗരന്മാരോടും അഭ്യർഥിക്കുന്നുവെന്നും രാഷ്ട്രപതി വ്യക്തമാക്കി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിങും ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായതിനെ കുറിച്ചും രാഷ്ട്രപതി സംസാരിച്ചു.

Latest