CBI DIRECTOR
പ്രവീണ്‍ സൂദിനെ ഡല്‍ഹിക്ക് കൊണ്ടുപോകുന്നത് കര്‍ണാടകയിലെ രാഷ്ട്രീയ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍
ബി ജെ പി ഭരണ കാലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രതികാര രാഷ്ട്രീയത്തിന് ബി ജെ പി ഇദ്ദേഹത്തെ ഉപയോഗിച്ചുവെന്ന ആരോപണം ശക്തമായിരുന്നു

ബംഗ്ലുരു | കര്‍ണാടക ഡി ജി പി പ്രവീണ്‍ സൂദിനെ സി ബി ഐ ഡയറക്ടറാക്കി ഡല്‍ഹിക്കുകൊണ്ടുപോകുന്നത് കര്‍ണാടകയിലെ രാഷ്ട്രീയ മാറ്റത്തിന്റെ പശ്ചാത്തലത്തിലാണെന്നു വിലയിരുത്തപ്പെടുന്നു.
ബി ജെ പി ഭരണ കാലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രതികാര രാഷ്ട്രീയത്തിന് ബി ജെ പി ഇദ്ദേഹത്തെ ഉപയോഗിച്ചുവെന്ന ആരോപണം ശക്തമായിരുന്നു. പി സി സി പ്രസിഡന്റ് ഡി കെ ശിവകുമാറിനെതിരെ നിരവധി നീക്കങ്ങള്‍ ഇദ്ദേഹം നടത്തി. കോണ്‍ഗ്രസ് ഭരണത്തിലെത്തിയാല്‍ ഇതിനെല്ലാം പകരം ചോദിക്കുമെന്നു നേരത്തെ ഡി കെ ശിവകുമാര്‍ പ്രസംഗിക്കുകയും ചെയ്തിരുന്നു. ഡി കെ ശിവകുമാര്‍ ആഭ്യന്തര വകുപ്പുകൈകാര്യം ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ അതു ഡി ജി പി പ്രവീണ്‍ സൂദിനു താങ്ങാന്‍ കഴിയില്ലെന്ന സാഹചര്യം മനസ്സിലാക്കിയാണ് കേന്ദ്ര ബി ജെ പി നേതൃത്വം അദ്ദേഹത്തെ ഡി ബി ഐ ഡയറക്ടറാക്കി രക്ഷിക്കുന്നത് എന്നാണ് വിവരം.
കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ മാര്‍ച്ചില്‍ ഡി ജി പിയെ വിലയില്ലാത്തവന്‍ എന്ന് വിളിക്കുകയും പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
സൂദ് കര്‍ണാടക പോലീസിന്റെ തലപ്പത്തിരിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ 25 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വിദ്വേഷ പ്രസംഗം നടത്തിയ ബി ജെ പി നേതാക്കള്‍ക്കെതിരെപോലും ഒന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
1986 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ സൂദിനെ രണ്ട് വര്‍ഷത്തേക്കാണു പുതിയ സി ബി ഐ ഡയറക്ടറായി നിയമിച്ചത്. നിലവിലെ സി ബി ഐ ഡയറക്ടര്‍ സുബോധ് ജയ്സ്വാളിന്റെ കാലാവധി മെയ് 25 ന് അവസാനിക്കുമ്പോള്‍ പ്രവീണ്‍ സൂദ് പുതിയ സ്ഥാനം ഏറ്റെടുക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരടങ്ങിയ ഉന്നതാധികാര സമിതി യോഗത്തിലാണ് പ്രവീണ്‍ സൂദിന്റെ പേര് പ്രഖ്യാപിച്ചത്. യോഗത്തില്‍ അധിര്‍ രഞ്ജന്‍ ചൗധരി പ്രവീണ്‍ സൂദിന്റെ സ്ഥാനാര്‍ഥിത്വത്തോട് എതിര്‍പ്പ് ഉന്നയിച്ചതായും വിവരം മുണ്ട്.
ഡല്‍ഹി ഐ ഐ ടിയില്‍ നിന്നുള്ള ബിരുദധാരിയായ അദ്ദേഹം 1986-ല്‍ ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ ചേര്‍ന്നു. 1989-ല്‍ മൈസൂരില്‍ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് ബെല്ലാരി, റായ്ച്ചൂര്‍ പോലീസ് സൂപ്രണ്ടായി പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് ആയി ബംഗളൂരുവില്‍ നിയമിതനായി. പ്രവീണ്‍ സൂദ് 1999 മുതല്‍ മൂന്ന് വര്‍ഷം മൗറീഷ്യസില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തിട്ടുണ്ട്.
പ്രവീണ്‍ സൂദ് 2004 മുതല്‍ 2007 വരെ മൈസൂര്‍ സിറ്റി പോലീസ് കമ്മീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2011 വരെ ബെംഗളൂരു ട്രാഫിക് പോലീസില്‍ അഡീഷണല്‍ കമ്മീഷണറായി.1996-ല്‍ മുഖ്യമന്ത്രിയുടെ സ്വര്‍ണ്ണ മെഡലും 2002-ല്‍ പോലീസ് മെഡലും 2011-ല്‍ രാഷ്ട്രപതിയുടെ പോലീസ് മെഡലും ലഭിച്ചു.
സംസ്ഥാന ആഭ്യന്തര വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും കര്‍ണാടക സ്റ്റേറ്റ് റിസര്‍വ് പോലീസിന്റെ എ ഡി ജി പിയായും അഡ്മിനിസ്‌ട്രേഷനില്‍ എ ഡി ജി പിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.