Connect with us

Kerala

പ്ലസ് വണ്‍ സീറ്റ് എല്ലാ വിദ്യാര്‍ഥികള്‍ക്കും ഉറപ്പാക്കണം: കെ കെ ശൈലജ

Published

|

Last Updated

തിരുവനന്തപുരം | പ്ലസ് വണ്‍ സീറ്റ് എല്ലാ വിദ്യാര്‍ഥികള്‍ക്കും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. സീറ്റുകളുടെ എണ്ണം സംസ്ഥാന തലത്തില്‍ പരിഗണിക്കുന്നതിന് പകരം ജില്ലാ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ കണക്കാക്കണമെന്നും ശൈലജ ആവശ്യപ്പെട്ടു. ഇതേ ആവശ്യം പ്രതിപക്ഷവും നിയമസഭയില്‍ ഉന്നയിച്ചിരുന്നു.

പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്ന് യു ഡി എഫ് എം എല്‍ എ. ഷാഫി പറമ്പില്‍ സഭയില്‍ ആവശ്യപ്പെട്ടു. നിലവിലെ ബാച്ചുകളില്‍ സീറ്റുകളുടെ എണ്ണം കൂട്ടിയത് കൊണ്ട് പ്രശ്‌നം പരിഹരിക്കാനാവില്ല. പുതിയ ബാച്ച് തന്നെ ചില ജില്ലകളില്‍ അനുവദിക്കേണ്ടതുണ്ടെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയിട്ടും കുട്ടികള്‍ക്ക് സീറ്റ് ഇല്ലെന്നത് ഗുരുതരമായ അവസ്ഥയാണ്. ഇരുപത് ശതമാനം സീറ്റ് കൂട്ടിയിട്ടും പ്രയോജനമില്ല. മലപ്പുറത്ത് മാത്രം 11,000 കുട്ടികള്‍ക്ക് സീറ്റ് കിട്ടാത്ത സ്ഥിതിയുണ്ട്. ഇവരൊക്കെ മാനേജ്‌മെന്റ് ക്വാട്ടയില്‍ പണം കൊടുത്ത് പഠിക്കേണ്ടി വരുമെന്നത് അംഗീകരിക്കാനാകില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

 

Latest