Kerala
'മോദിയുടെ അമിതാധികാര വാഴ്ചക്കേറ്റ കനത്ത തിരിച്ചടി; പോരാടിയവര്‍ക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങള്‍'
സംസ്ഥാനങ്ങളെ കൂടി വിശ്വാസത്തിലെടുത്ത് പരീക്ഷാ നടത്തിപ്പിന് പുതിയ സ്റ്റാറ്റിയൂട്ടറി സംവിധാനം ഏര്‍പ്പെടുത്തണം
കൊച്ചി | മോദി സര്‍ക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയാണ് വിദ്യാര്‍ഥി സമരത്തിന്റെ വിജയമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എന്നാല്‍ ഒരു മന്ത്രി പടിയിറങ്ങിയത് കൊണ്ട് മാത്രം വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രതിസന്ധി അവസാനിക്കുന്നില്ലെന്നും പരീക്ഷാ നടത്തിപ്പിന് പുതിയ സ്റ്റാറ്റിയൂട്ടറി സംവിധാനം ഏര്‍പ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
രാജ്യത്തെ വിദ്യാര്‍ത്ഥിസമൂഹത്തിന്റെ ഇച്ഛാശക്തിക്കു മുന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം ഒടുവില്‍ മുട്ടുകുത്തിയിരിക്കുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി, അഴിമതിക്കും വിദ്യാഭ്യാസ മേഖലയിലെ തെറ്റായ നയങ്ങള്‍ക്കും എതിരെ തെരുവിലിറങ്ങിയ യുവത രചിച്ച ഐതിഹാസിക വിജയമാണ്. മോദി സര്‍ക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടി കൂടിയാണ് ഈ സമരത്തിന്റെ വിജയം. ചോദ്യപേപ്പര്‍ ചോര്‍ച്ചയും ലക്ഷക്കണക്കിന് കുട്ടികളുടെ കണ്ണീരും കണ്ടില്ലെന്ന് നടിച്ച, പ്രതിഷേധങ്ങളെ ഏകാധിപത്യ പ്രവണതകളോടെ നേരിട്ട ബിജെപി ഗവണ്‍മെന്റിന് ജനാധിപത്യത്തിന്റെ കരുത്തെന്താണെന്ന് ബോധ്യപ്പെട്ട ദിനങ്ങളാണ് കടന്നുപോയത്.എന്നാല്‍ ഒരു മന്ത്രി പടിയിറങ്ങിയത് കൊണ്ട് മാത്രം അവസാനിക്കുന്നതല്ല രാജ്യത്തെ വിദ്യാഭ്യാസ മേഖല നേരിടുന്ന ഈ വലിയ പ്രതിസന്ധി. എന്‍.ടി.എ എന്ന സംവിധാനത്തിന്റെ വിശ്വാസ്യത തന്നെ പൂര്‍ണ്ണമായും തകര്‍ന്നു കഴിഞ്ഞു. ഫെഡറല്‍ തത്വങ്ങളെ കാറ്റില്‍പ്പറത്തിക്കൊണ്ട്, സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് മേല്‍ കടന്നുകയറി കേന്ദ്രം അടിച്ചേല്‍പ്പിച്ചതാണ് നീറ്റ് അടക്കമുള്ള പരീക്ഷകള്‍.അതിനു പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വിദ്യാഭ്യാസ രംഗത്തെ കച്ചവടവല്‍ക്കരിക്കലും കാവിവല്‍ക്കരിക്കലുമാണെന്ന് ഇന്ന് പകല്‍ പോലെ വ്യക്തമാണ്. അഴിമതിക്ക് ചൂട്ടുപിടിക്കുന്ന നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയെ ചുമതലയില്‍ നിന്ന് മാറ്റുകയോ അടിമുടി ഉടച്ച് വാര്‍ക്കുകയോ വേണം. സംസ്ഥാനങ്ങളെ കൂടി വിശ്വാസത്തിലെടുത്ത് പരീക്ഷാ നടത്തിപ്പിന് പുതിയ സ്റ്റാറ്റിയൂട്ടറി സംവിധാനം ഏര്‍പ്പെടുത്തണം.അവകാശങ്ങള്‍ ചോദിച്ചുവാങ്ങാന്‍ യാതൊരു ഒത്തുതീര്‍പ്പുകളുമില്ലാതെ പോരാടിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങള്‍. അഴിമതി നിറഞ്ഞ ഈ കേന്ദ്രീകൃത സംവിധാനത്തെ വേരോടെ പിഴുതെറിയും വരെ ഈ പോരാട്ടം മുന്നോട്ടു പോകേണ്ടതുണ്ട്. അതിനു കരുത്തു പകരാന്‍ അടിയുറച്ച ജനാധിപത്യ ബോധ്യത്തോടെ നമുക്ക് ഒറ്റക്കെട്ടായി നില്‍ക്കാം.
Content Highlights: Leader Pinarayi Vijayan stated that the resignation of Dharmendra Pradhan is a huge victory for the student movement against the Modi government’s authoritarianism. He emphasized that the crisis will not end with one minister stepping down and called for a statutory system to replace NTA.



