Connect with us

National

ആളുകള്‍ കൂടിച്ചേരരുത്; കൂടുതല്‍ സംസ്ഥാനങ്ങളില്‍ അതീവ സുരക്ഷ

സംശയകരമായ സാഹചര്യത്തില്‍ കാണുന്നവരെ വെടിവെക്കും

Published

|

Last Updated

ജയ്പൂര്‍ | പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ മറുപടിയില്‍ പ്രോകോപിതരായ പാകിസ്ഥാന്‍ സൈനിക നീക്കവും ആരംഭിച്ച പശ്ചാത്തലത്തില്‍ അതിര്‍ത്തി പങ്കിടുന്ന കൂടുതല്‍ സംസ്ഥാനങ്ങളില്‍ അതീവ സുരക്ഷാ നിര്‍ദേശം. പൊതുസ്ഥലങ്ങളില്‍ ആളുകള്‍ കൂടിച്ചേരുന്നതിന് ഉള്‍പ്പെടെ വിലക്കേര്‍പ്പെടുത്തി. കശ്മീരിനും ഗുജറാത്തിനും പുറമെ രാജസ്ഥാന്‍, പഞ്ചാബിലുമാണ് സുരക്ഷ ശക്തമാക്കിയത്.

പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന ഈ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം പാക് സൈന്യം മിസൈല്‍, ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമെല്ലാം സൈന്യം തകര്‍ത്തതിനാല്‍ നാശനഷ്ടങ്ങളുണ്ടായില്ല. അതീവ ജാഗ്രതയിലാണ് രാജ്യാതിര്‍ത്തി. ഷെല്ലാക്രമണം തുടരുന്നതിനാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. വീടുകളെല്ലാം ഷെല്ലുകള്‍ പതിച്ച് തകര്‍ന്നു. അതിര്‍ത്തി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ അടച്ചിരിക്കുകയാണ്. ഇവിടങ്ങളില്‍ അവധിയില്‍ പോയ എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും തിരികെ വിളിച്ചിട്ടുണ്ട്.

പാകിസ്താനുമായി 1,037 കിലോമീറ്റര്‍ അതിരു പങ്കിടുന്ന രാജസ്ഥാനിലെ അതിര്‍ത്തി മേഖല പൂര്‍ണമായും ബി എസ് എഫിന്റെ നിയന്ത്രണത്തിലാണ്. സംശയകരമായ സാഹചര്യത്തില്‍ കാണുന്നവരെ വെടിവെക്കാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. ജോധ്പുര്‍, കിഷന്‍ഘട്ട്, ബികാനിര്‍ വിമാനത്താവളങ്ങള്‍ അടച്ചു. പശ്ചിമ മേഖല വ്യോമസേനയുടെ ഫൈറ്റര്‍ ജെറ്റുകളുടെ നിരീക്ഷണത്തിലാണ്. മിസൈല്‍ പ്രതിരോധ സംവിധാനവും പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്.

ഗംഗാനഗര്‍ മുതല്‍ ഗുജറാത്തിലെ റാന്‍ ഓഫ് കച്ച് വരെയുള്ള മേഖലയില്‍ സുഖോയ് ജെറ്റ് വിമാനങ്ങള്‍ നിരീക്ഷണം ശക്തമാക്കി. ബികാനിര്‍, ശ്രീ ഗംഗാനഗര്‍, ജയ്‌സാല്‍മീര്‍, ബാര്‍മര്‍ ജില്ലകളിലെ സ്‌കൂളുകള്‍ അടക്കുകയും പരീക്ഷകള്‍ മാറ്റിവെക്കുകയും ചെയ്തു.

Latest