Connect with us

Kerala

പേവിഷബാധയേറ്റ് 13കാരിയുടെ മരണം: നായയുടെ ഉടമക്കെതിരെ കേസ്

അലക്ഷ്യമായി തുറന്നുവിട്ടതിനാലാണ് നായ കടിച്ചതെന്ന് പരാതി

Published

|

Last Updated

പത്തനംതിട്ട | കോഴഞ്ചേരിയില്‍ നായയുടെ ആക്രമണത്തില്‍ പേവിഷ ബാധയേറ്റ് 13കാരി മരിച്ച സംഭവത്തില്‍ നായയെ വളര്‍ത്തിയ വീട്ടുകാര്‍ക്കെതിരെ കേസ്. നാരങ്ങാനം തറഭാഗം മേപ്പുറത്ത് വിദ്യാഭവനില്‍ തുളസീഭായിക്ക് എതിരെ കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ ആറന്മുള പോലീസാണ് കേസെടുത്തത്. വീട്ടില്‍ വളര്‍ത്തിയ നായക്ക് ലൈസന്‍സോ വാക്സീനേഷനോ എടുത്തിരുന്നില്ലെന്നും അലക്ഷ്യമായി തുറന്നു വിട്ടതിനാലാണ് നായ മകളെ കടിച്ചതെന്നും മാതാവ് പരാതിയില്‍ പറയുന്നു.

കുട്ടിയെ കടിച്ച് മൂന്നാം ദിവസം നായ ചത്തതിനെ തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരം പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. ഇതില്‍ നായക്ക് പേവിഷ ബാധയേറ്റതായി സ്ഥിരീകരിച്ചിട്ടും ആരോഗ്യവകുപ്പ് മുന്‍കരുതല്‍ എടുത്തില്ലെന്നും പരാതിയില്‍ പറയുന്നു.

2024 ഡിസംബര്‍ 13ന് രാവിലെ സ്‌കൂള്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് ഭാഗ്യക്ഷ്മിയെ നായ കടിച്ചത്. പേവിഷ ബാധക്കുള്ള വാക്സീന്‍ എടുത്തിരുന്നെങ്കിലും നാല് മാസത്തിന് ശേഷം പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടെ പിന്നീട് കുട്ടി മരിക്കുകയായിരുന്നു.

Latest