Saudi Arabia
സഊദിയില്‍ ഈദുല്‍-അദ്ഹ അവധിയിലും സേവനങ്ങള്‍ ലഭ്യമാക്കി പാസ്‌പോര്‍ട്ട് വിഭാഗം
രാജ്യത്തെ എല്ലാ പ്രവിശ്യകളിലും പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ ഓഫീസുകളിലും സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്.
ദമാം | അടിയന്തര സാഹചര്യങ്ങളില്‍ സേവനം ഉറപ്പാക്കുന്നതിനായി സഊദിയില്‍ ഈദുല്‍-അദ്ഹ അവധി ദിനങ്ങളില്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജവാസത്ത്) രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ ശാഖകളിലും ഈദ് അല്‍-അദ്ഹ അവധിക്കാല പ്രവൃത്തി സമയം പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ പ്രവിശ്യകളിലും പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ ഓഫീസുകളിലും സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് അറിയിച്ചു.
തലസ്ഥാനമായ റിയാദിലെ അല്‍-റിമല്‍ ബ്രാഞ്ചില്‍ ദിവസവും വൈകുന്നേരം നാല് മുതല്‍ രാത്രി ഒമ്പത് വരെ സേവനങ്ങള്‍ ലഭ്യമായിരിക്കും. ജിദ്ദയിലെ സൈറാഫി മാള്‍, തഹ്‌ലിയ മാള്‍ ശാഖകളില്‍ ദുല്‍-ഹിജ്ജ 5 (ജൂണ്‍ 9, 2025) ഞായറാഴ്ച മുതല്‍ ദുല്‍-ഹിജ്ജ 9 (ജൂണ്‍ 13, 2025) വരെ ഉച്ചക്ക് രണ്ട് മുതല്‍ രാത്രി പത്ത് വരെയാണ് പ്രവൃത്തി സമയം. രാജ്യത്തെ മറ്റ് പ്രവിശ്യകളില്‍ അവധിക്കാലത്ത് ഞായറാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ 7:30 മുതല്‍ ഉച്ചക്ക് 2:30 വരെയാണ് പാസ്പോര്‍ട്ട് ഓഫീസുകള്‍ പ്രവര്‍ത്തിക്കുക.
സ്വദേശികള്‍, രാജ്യത്തെ വിദേശികള്‍ എന്നിവര്‍ക്ക് അവധി ദിനങ്ങളില്‍ പാസ്‌പോര്‍ട്ട് വിഭാഗം അടിയന്തര കേസുകള്‍ സ്വീകരിക്കുകയും സേവനം നല്‍കുകയും ചെയ്യും. ഇതിനായി ‘അബ്‌ഷെര്‍’ പ്ലാറ്റ്ഫോം വഴി സേവനം ലഭിക്കാന്‍ മുന്‍കൂട്ടി ഇലക്ട്രോണിക് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്തിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.







