Connect with us

From the print

സാന്ത്വന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുക

അശരണര്‍ക്കും നിര്‍ധനര്‍ക്കും വേണ്ടി അധ്വാനിക്കുന്നവര്‍ക്ക് പകല്‍ നോന്പനുഷ്ഠിക്കുകയും രാത്രി നിസ്‌കരിക്കുകയും ചെയ്തതിന് സമാനമായ പ്രതിഫലം ലഭിക്കുമെന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ട്.

Published

|

Last Updated

കയറിന്റെ കാര്യം വിസ്മയിപ്പിക്കുന്നതാണ്. എന്തെല്ലാം ഉപയോഗമാണതുകൊണ്ടുള്ളത്. കയറിനെക്കാള്‍ എത്രയോ ഇരട്ടി കനമുള്ള വസ്തുക്കള്‍ കെട്ടിയൊതുക്കാനും നിരവധി മടങ്ങ് ഭാരമുള്ള സാധനങ്ങള്‍ വലിച്ചുകൊണ്ട് പോകാനും കയറുപയോഗിക്കുന്നു. മരം മുറിക്കാനും വാഹനം വലിക്കാനും കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ മെരുക്കാനും തളയ്ക്കാനുമടക്കമുള്ള ശക്തിയും ഉറപ്പും കയറിനുണ്ട്.

എന്നാല്‍, കയറിന്റെ ഒരറ്റം കൈയിലെടുത്ത് സൂക്ഷിച്ച് നോക്കിയാലറിയാം ദുര്‍ബലമായ കുറേ ചെറുനാരുകള്‍ ചേര്‍ത്ത് കൂട്ടിപ്പിരിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. കൈകള്‍ കൊണ്ട് നുള്ളിപ്പിടിച്ച് വലിച്ചാല്‍ പൊട്ടുന്ന അത്രയും ബലഹീനമായ ഇഴകള്‍ ഒരുമിച്ചുചേര്‍ത്ത് പ്രത്യേക രീതിയില്‍ കൂട്ടിപ്പിരിച്ചപ്പോള്‍ അതിന് സവിശേഷമായ ബലവും ശക്തിയും കൈവന്നു.
ഇതുപോലെ ഒറ്റക്ക് കഴിയാത്ത പലതും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നമുക്കും സാധ്യമാക്കാനാകും. വ്യക്തികള്‍ക്ക് കഴിയാത്ത കാര്യങ്ങള്‍ സമൂഹത്തിന് നിര്‍വഹിക്കാനാകും. കൂട്ടായ്മകള്‍ക്കും സഭകള്‍ക്കും സംഘടനകള്‍ക്കും അങ്ങനെ ചില പ്രത്യേകതകളുണ്ട്.

അശരണര്‍ക്കും നിര്‍ധനര്‍ക്കും വേണ്ടി അധ്വാനിക്കുന്നവര്‍ക്ക് പകല്‍ നോന്പനുഷ്ഠിക്കുകയും രാത്രി നിസ്‌കരിക്കുകയും ചെയ്തതിന് സമാനമായ പ്രതിഫലം ലഭിക്കുമെന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ട്. പക്ഷേ, സാധാരണയായി ഒരാള്‍ക്ക് സദാസമയവും സാധുജന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനോ ഒരു കുടുംബത്തിന്റെയോ വ്യക്തിയുടെയോ പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കാനോ സാധിക്കണമെന്നില്ല.

എന്നാല്‍ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്കും ആതുര ശുശ്രൂഷക്കും വേണ്ടി സന്നദ്ധ സേവനം ചെയ്യുന്ന സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നമുക്ക് സാധിക്കും. അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകാനും ചെറിയ നിലക്കെങ്കിലും സാന്പത്തിക സഹകരണങ്ങള്‍ ചെയ്യാനും ശാരീരിക പിന്തുണകള്‍ നല്‍കാനും കഴിയും. അങ്ങനെയെങ്കിലും ഈ സദുദ്യമത്തില്‍ പങ്കാളികളാകണം.

അവശതയനുഭവിക്കുന്നവരെ കണ്ടെത്തി വേണ്ടത് ചെയ്ത് കൊടുക്കണം. സാന്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ ആവശ്യങ്ങള്‍ കണ്ടറിയണം. അനാഥര്‍ക്കും അഗതികള്‍ക്കും അത്താണിയാകണം. രോഗശയ്യയിലുള്ളവര്‍ക്ക് സാന്ത്വനമേകണം. ഇതൊന്നും നാം അവര്‍ക്ക് ചെയ്ത് കൊടുക്കുന്ന ഔദാര്യമല്ല. സമൂഹത്തിന്റെ കടമയാണ്. അത് നിര്‍വഹിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്.

ഐഹിക ലോകത്ത് പ്രയാസമകറ്റാന്‍ പ്രവര്‍ത്തിക്കുന്നവരുടെ പാരത്രിക ബുദ്ധിമുട്ടുകള്‍ അല്ലാഹു എളുപ്പമാക്കി നല്‍കുമെന്നും ഞെരുക്കമനുഭവിക്കുന്നവന് സഹായം ചെയ്യുന്നവരുടെ ഐഹികവും പാരത്രികവുമായ പ്രതിസന്ധികള്‍ അല്ലാഹു നീക്കിക്കൊടുക്കുമെന്നും നബി (സ) പ്രസ്താവിച്ചത് നമ്മെ കാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് പ്രചോദിപ്പിക്കാനും ഇത്തരം പ്രവണത നമ്മില്‍ വളര്‍ത്തുന്നതിനും വേണ്ടിയാണ്.

 

Latest