From the print
പാര്‍ലിമെന്റ് സമ്മേളനം ഇന്ന് തുടങ്ങും; ഇടക്കാല ബജറ്റ് നാളെ
രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ ഇന്ന് അഭിസംബോധന ചെയ്യും.
ന്യൂഡല്‍ഹി | ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള പാര്‍ലിമെന്റ് സമ്മേളനം ഇന്ന് ആരംഭിക്കും. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ നാളെ ഇടക്കാല ബജറ്റ് അവതരിപ്പിക്കും. ഇതിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ ഇന്ന് അഭിസംബോധന ചെയ്യും. ഇടക്കാല ബജറ്റായതിനാല്‍ സാമ്പത്തിക സര്‍വേ റിപോര്‍ട്ടില്ലെന്ന് ധന മന്ത്രാലയം അറിയിച്ചു. സാമ്പത്തിക അവലോകന റിപോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ജി ഡി പി ഏഴ് ശതമാനമായിരിക്കുമെന്നാണ് റിപോര്‍ട്ട് വ്യക്തമാക്കുന്നത്.
രാജ്യത്തെ തൊഴില്‍രംഗം നേരിടുന്ന കടുത്ത പ്രതിസന്ധി ഉള്‍പ്പെടെ നേരിടുന്നതിനുള്ള പദ്ധതികള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ബജറ്റായതിനാല്‍ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ അതില്‍ പ്രതിഫലിക്കും. തൊഴിലുറപ്പ് പദ്ധതി വിഹിതം കൂട്ടുന്നതുള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന സൂചനയുണ്ട്. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതം 47 ശതമാനം വര്‍ധിപ്പിച്ച് 88,000 കോടി വകയിരുത്തുമെന്നാണ് റിപോര്‍ട്ട്. വരുന്ന സാമ്പത്തിക വര്‍ഷം തൊഴിലുറപ്പ് പദ്ധതിക്ക് 1.1 ലക്ഷം കോടി രൂപ അനുവദിക്കണമെന്നും വേതനം വര്‍ധിപ്പിക്കണമെന്നുമാണ് ഗ്രാമീണ വികസന മന്ത്രാലയത്തിന്റെ ശിപാര്‍ശ. നോട്ട് നിരോധനം, കൊവിഡ് തുടങ്ങിയവ കാരണം സൂക്ഷ്മ- ചെറുകിട- ഇടത്തരം സ്ഥാപനങ്ങളെ ബാധിച്ച പ്രതിസന്ധി മറികടക്കുന്നതിനും പ്രഖ്യാപനങ്ങളുണ്ടായേക്കും.
ബജറ്റ് സമ്മേളനത്തിന്റെ മുന്നോടിയായുള്ള സര്‍വകക്ഷി യോഗം ഇന്നലെ ചേര്‍ന്നു. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന ആരോപണം യോഗത്തില്‍ കോണ്‍ഗ്രസ്സ് ഉന്നയിച്ചു. സമ്മേളനം ഫെബ്രുവരി ഒമ്പതിന് അവസാനിക്കും.


