Uae
ദുബൈയിലെ പള്ളികൾക്ക് സമീപം പാർക്കിംഗിന് 24 മണിക്കൂറും പണം നൽകണം
നിസ്‌കാര സമയത്ത് സൗജന്യം

ദുബൈ | ദുബൈയിലെ 59 പള്ളികളോട് ചേർന്നുള്ള 2,100 പാർക്കിംഗ് സ്ഥലങ്ങളുടെ മേൽനോട്ടവും നടത്തിപ്പും ആഗസ്റ്റ് മുതൽ പാർക്കിൻ കമ്പനി ഏറ്റെടുക്കും. നിസ്‌കാര സമയത്ത് ഒരു മണിക്കൂർ നേരത്തേക്ക് വിശ്വാസികൾക്ക് ഇവിടെ സൗജന്യ പാർക്കിംഗ് അനുവദിക്കും. 24 മണിക്കൂറും പണം നൽകേണ്ട പാർക്കിംഗ് സംവിധാനം ആഗസ്റ്റിൽ നിലവിൽ വരും. ഈ പാർക്കിംഗ് സ്ഥലങ്ങളെ സോൺ എം (സാധാരണ) അല്ലെങ്കിൽ സോൺ എം പി (പ്രീമിയം) എന്നിങ്ങനെ തരംതിരിക്കും. നിസ്‌കാര സമയമല്ലാത്തപ്പോൾ, ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും ഈ സ്ഥലങ്ങളിൽ പാർക്കിംഗ് ചാർജ് ഈടാക്കും. നിസ്‌കാര സമയത്ത്, പള്ളി സന്ദർശകർക്ക് ഒരു മണിക്കൂർ വരെ സൗജന്യമായി പാർക്ക് ചെയ്യാം.
59 പള്ളികളിൽ, 41 എണ്ണം സോൺ എമ്മിലും 18 എണ്ണം സോൺ എം പിയിലും ആയിരിക്കും. സോൺ എം പാർക്കിംഗിന് അര മണിക്കൂറിന് രണ്ട് ദിർഹമും ഒരു മണിക്കൂറിന് നാല് ദിർഹമും ഈടാക്കും. പ്രീമിയം പാർക്കിംഗ് നിരക്ക് (എം പി) തിരക്ക് കുറഞ്ഞ സമയങ്ങളിൽ അര മണിക്കൂറിന് രണ്ട് ദിർഹമും ഒരു മണിക്കൂറിന് നാല് ദിർഹമും ആയിരിക്കും. തിരക്കുള്ള സമയങ്ങളിൽ എം പിക്ക് അര മണിക്കൂറിന് മൂന്ന് ദിർഹമും ഒരു മണിക്കൂറിന് ആറ് ദിർഹമും ഈടാക്കും.
ഇക്കാര്യത്തിന് പാർക്കിൻ കമ്പനി, ഇസ്്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്റുമായി വരുമാനം പങ്കിടുന്ന കരാറിൽ ഒപ്പുവെച്ചു. കൂടുതൽ പള്ളികളിലേക്ക് ഭാവിയിൽ വ്യാപിപ്പിക്കും. ഇതോടെ പാർക്കിൻ കമ്പനിയുടെ മൊത്തം സ്വകാര്യ പാർക്കിംഗ് ഏരിയ 20,800 സ്ഥലങ്ങളായി മാറും.