Connect with us

Kerala

പത്തനംതിട്ടയിലെ ഡോക്ടേഴ്‌സ് ലെയിനില്‍ പാര്‍ക്കിംഗ് നിരോധിച്ചു

വാഹനങ്ങളുടെ പാര്‍ക്കിംഗ് അത്യാഹിത വിഭാഗത്തിലേക്ക് ഉള്‍പ്പടെ യാത്രക്ക് തടസ്സം സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.

Published

|

Last Updated

പത്തനംതിട്ട| നഗരത്തിലെ ട്രാഫിക് പരിഷ്‌കാരത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിക്ക് സമീപമുള്ള ഡോക്ടേഴ്‌സ് ലെയിനിലെ പാര്‍ക്കിംഗ് റെഗുലേറ്ററി കമ്മിറ്റി നിരോധിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന  ജനറല്‍ ആശുപത്രിലേക്കുള്ള ഡോക്ടേഴ്സ് ലെയിന്‍ വണ്‍വേ ആയി പ്രഖ്യാപിച്ചിരുന്നു. വാഹനങ്ങളുടെ പാര്‍ക്കിംഗ് അത്യാഹിത വിഭാഗത്തിലേക്ക് ഉള്‍പ്പടെ യാത്രക്ക് തടസ്സം സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. കാതോലിക്കേറ്റ് കോളേജ് ജംഗ്ഷനില്‍ വാഹനങ്ങളുടെ വേഗത കുറയ്ക്കുന്നതിന് റംപിള്‍ സ്ട്രിപ്സ് സ്ഥാപിക്കാന്‍ കൊല്ലം ദേശീയപാത അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കാനും തീരുമാനമായി.
കോളേജ് ജംഗ്ഷനിലെ ബസ് സ്റ്റോപ്പിന്റെ സ്ഥലം പുനക്രമീകരിക്കുന്നതിനും ട്രാഫിക് പൊതുമരാമത്ത് വകുപ്പുകള്‍ക്ക്  കമ്മിറ്റി ഉത്തരവ് നല്‍കി. അബാന്‍ ജംഗ്ഷനിലെ സുഗമമായ ഗതാഗതത്തിന് സര്‍വീസ് റോഡുകള്‍ വേഗം പൂര്‍ത്തീകരിക്കാനും താല്‍ക്കാലിക സംവിധാനം ഒരുക്കാനും കെആര്‍എഫ്ബിക്ക് നിര്‍ദ്ദേശം നല്‍കി . ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ വികസന സമിതിയുടെ ഫണ്ടില്‍ ഹോം ഗാര്‍ഡിനെ നിയമിക്കാനും ശുപാര്‍ശ ചെയ്തു. അപകടകരമായ നിലയില്‍ ഇലക്ട്രിക് പോസ്റ്റുകളില്‍ തറനിരപ്പിലേക്ക് ചുറ്റിക്കിടക്കുന്ന കേബിളുകള്‍ അടിയന്തരമായി നീക്കം ചെയ്യാനും  വകുപ്പുകള്‍ക്ക് ഉത്തരവ് നല്‍കിയിട്ടുണ്ട്.