Kerala
കൈയിലെ ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടി; ചേര്‍ത്തല താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം
വളമംഗലം സ്വദേശി രാധാകൃഷ്ണന്‍ പിള്ള(60)യാണ് പരാതിയുമായി രംഗത്തെത്തിയത്.
ചേര്‍ത്തല|വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടിങ്ങിയെന്ന ആരോപണം വിവാദമായിരിക്കെ ചേര്‍ത്തല താലൂക്ക് ആശുപത്രിക്കെതിരെയും ചികിത്സാ പിഴവ് ആരോപണം. അപകടത്തില്‍ പരുക്കേറ്റയാളുടെ കൈയിലെ ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടിയെന്നാണ് ആരോപണം. വളമംഗലം സ്വദേശി രാധാകൃഷ്ണന്‍ പിള്ള(60)യാണ് പരാതിയുമായി രംഗത്തെത്തിയത്.
ഓട്ടോഡ്രൈവറാണ് രാധാകൃഷ്ണന്‍ പിള്ള. കഴിഞ്ഞ ഡിസംബര്‍ 18ന് ഓട്ടോയ്ക്ക് കുറുകെ നായ ചാടിയാണ് അപകടമുണ്ടായത്. ഓട്ടോമറിഞ്ഞ് ചില്ലുള്‍പ്പെടെ തകരുകയും രാധാകൃഷ്ണന് തലയ്ക്കും കൈയ്ക്കും പരുക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ മുറിവ് വൃത്തിയാക്കാതെ തുന്നിക്കെട്ടിയെന്നാണ് രാധാകൃഷ്ണന്‍ പറയുന്നത്. ഇതിന് ശേഷം കയ്യില്‍ നിരന്തരം വേദന അനുഭവിക്കുകയും ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ഇവിടെ നടത്തിയ പരിശോധനയിലാണ് ചില്ലിന്റെ കഷ്ണം തറച്ചിരുന്നത് വ്യക്തമായതെന്നും രാധാകൃഷ്ണന്‍ പിള്ള പറഞ്ഞു. മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കാനാണ് രാധാകൃഷ്ണന്റെ തീരുമാനം. നിലവില്‍ ഈ വിഷയത്തില്‍ ആശുപത്രി അധികൃതര്‍ പ്രതികരിച്ചിട്ടില്ല.



