Kerala
വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ശസ്ത്രക്രിയ ചെയ്തത് താനല്ലെന്ന് ഡോ. ലളിതാംബിക
ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. എന്നാല്‍ അതിന്റെ ഉത്തരവാദി താന്‍ അല്ല.
ആലപ്പുഴ|വണ്ടാനം മെഡിക്കല്‍ കോളജില്‍ വച്ച് വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി ശസ്ത്രക്രിയ ചെയ്തെന്ന് ആരോപിക്കപ്പെടുന്ന ഡോ. ലളിതാംബിക. താനല്ല ഓപ്പറേഷന്‍ ചെയ്തത് എന്നാണ് ഡോ. ലളിതാംബികയുടെ പ്രതികരണം. എച്ച്ഒഡി ആയിരുന്നത് കൊണ്ടാകാം തന്റെ പേര് രോഗി പറയുന്നത്. 2021ല്‍ ആലപ്പുഴയിലെ വണ്ടാനം മെഡിക്കല്‍ കോളജില്‍ വെച്ച് നടന്ന ശസ്ത്രക്രിയക്കിടെയാണ് വീട്ടമ്മയായ ഉഷ ജോസഫിന്റെ വയറ്റില്‍ കത്രിക കുടുങ്ങിയത് എന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. എന്നാല്‍ അതിന്റെ ഉത്തരവാദി താന്‍ അല്ലെന്നാണ് ഡോ. ലളിതാംബിക പറയുന്നത്.
ഈ രോഗിയെ ഞാന്‍ ചികിത്സിച്ചിട്ടില്ല. ശസ്ത്രക്രിയയും നടത്തിയിട്ടില്ല. ഇന്ന് കേസ് ഷീറ്റ് ഓപ്പണ്‍ ചെയ്യുമല്ലോ അപ്പോള്‍ ആരാണ് ഈ ഓപ്പറേഷന്‍ ചെയ്തതെന്ന് കൃത്യമായി അറിയാം. 2021 മെയ് 31 നാണ് ഞാന്‍ റിട്ടയര്‍ ചെയ്യുന്നത്. സര്‍ജറി നടന്നത് തൊട്ടുമുന്‍പുള്ള തിയതിയിലാണ്. സാധാരണ സര്‍ജറികളാണെങ്കില്‍ ഓര്‍ത്തുവെക്കണമെന്നില്ല. എന്നാല്‍ മൂന്നര കിലോയുള്ള ട്യൂമര്‍ നീക്കം ചെയ്തിട്ടുണ്ടെങ്കില്‍ അത് എനിക്ക് ഓര്‍മ കാണും. അതുകൊണ്ട് ഞാന്‍ അല്ല ഓപ്പറേഷന്‍ ചെയ്തതെന്ന് ഉറപ്പിച്ച് പറയാം. മാത്രമല്ല കൊവിഡിന്റെ രണ്ടാം വേവ് വന്ന സമയം ആയതുകൊണ്ട് ഞാന്‍ അതിന്റെ ചുമതലകളിലും ആയിരുന്നു.
സ്‌കാനിങ്ങ് റിപ്പോര്‍ട്ടുമായി ചിലര്‍ കണ്‍സള്‍ട്ടേഷന് വീട്ടിലേക്ക് വരാറുണ്ട്. അങ്ങനെ ഇവര്‍ വന്നിട്ടുണ്ടോ എന്ന് ഓര്‍ക്കുന്നില്ല. ചിലപ്പോള്‍ കണ്‍സള്‍ട്ട് ചെയ്തിരിക്കാം. ഓപ്പറേഷന് ഞാന്‍ രോഗിയുടെ കയ്യില്‍ നിന്നും പണം വാങ്ങാറില്ല. അത് ആരോട് ചോദിച്ചാലും അറിയാം. ഞാനാണ് ഓപ്പറേഷന്‍ ചെയ്തതെങ്കില്‍ അവര്‍ ഒരിക്കലെങ്കിലും വേദനയുമായി എന്റെ അടുത്ത് വരേണ്ടതല്ലേ. അത് ഒരിക്കലും ഉണ്ടായിട്ടില്ല. എല്ലാത്തിനും ഡോക്ടര്‍മാരെ എളുപ്പത്തില്‍ കുറ്റം പറയാം. പക്ഷെ ഇതിനൊരു മറുവശം ഉണ്ട്. സര്‍ജറിയുടെ ഉപകരണങ്ങള്‍ ചെക്ക് ചെയ്യാനുള്ള സംവിധാനം ഇവിടെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലും ഇല്ല. ഓരോ സര്‍ജറിയ്ക്കും രണ്ട് നഴ്സുമാര്‍ വേണം, സ്‌ക്രബ് നഴ്സും ഫ്ളോര്‍ നഴ്സും. ഫ്ളോര്‍ നഴ്സ് ബോര്‍ഡില്‍ ഓരോ സര്‍ജറിയ്ക്കും മുന്‍പ് എടുത്ത ഉപകരണങ്ങള്‍ എഴുതി വെക്കുകയാണ് വേണ്ടത്. എന്നാല്‍ അങ്ങനെ എഴുതിവെക്കാനുള്ള ബോര്‍ഡോ അതിനുള്ള സ്റ്റാഫോ സര്‍ക്കാര്‍ ആശുപത്രികളില്ലെന്നും ഡോ. ലളിതാംബിക വ്യക്തമാക്കി.
അതേസമയം, ഉഷ ജോസഫിന് നീതി ലഭിക്കാനായി സമരം ആരംഭിക്കുമെന്ന് പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോബിയാസ് പറഞ്ഞു. ഉഷ തൊഴിലുറപ്പ് തൊഴിലാളിയാണ്. അഞ്ച് വര്‍ഷമായി ജോലി ചെയ്യാന്‍ പോലും കഴിയാതെ വേദന അനുഭവിക്കുകയാണ്. ഉത്തരവാദികളായ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണം. കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും തോബിയാസ് പറഞ്ഞു.

