Kerala
മന്ത്രി വീണ ജോര്‍ജിനെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ സമ്മതിക്കില്ല; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്
ആരോഗ്യമന്ത്രി പ്രൈവറ്റ് ആശുപത്രികളുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണ്. വരും ദിവസങ്ങളില്‍ കേരളത്തിന്റെ തെരുവോരങ്ങളില്‍ അതിശക്തമായ സമരം നടക്കും
ആലപ്പുഴ| വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിവെക്കണമെന്ന ആവശ്യവുമായാണ് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയത്. മെഡിക്കല്‍ കോളജിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തുകയാണ്. ആരോഗ്യമന്ത്രി പ്രൈവറ്റ് ആശുപത്രികളുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണ്. സാധാരണക്കാര്‍ ആശ്രയിക്കുന്ന മെഡിക്കല്‍ കോളജുകളെയും താലൂക്ക് ആശുപത്രികളെയും പിന്തുണക്കുന്നില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. എല്ലാ മാസവും സമാനമായ സംഭവങ്ങള്‍ ഉണ്ടാവുകയാണ്. ഇതിനെതിരെ ജനാധിപത്യപരമായി പ്രതിഷേധിച്ച യുവജനപ്രസ്ഥാനത്തെ പോലീസ് ലാത്തിവെച്ചാണ് നേരിടുന്നത്. വരും ദിവസങ്ങളില്‍ കേരളത്തിന്റെ തെരുവോരങ്ങളില്‍ അതിശക്തമായ സമരം നടക്കുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.
മെഡിക്കല്‍ കോളജില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ വാര്‍ത്താസമ്മേളനം നടക്കുന്നതിനിടെയാണ് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ എത്തിയത്. വാര്‍ത്താസമ്മേളനം നടന്ന ഹാളിലേക്ക് എത്തിയ പ്രവര്‍ത്തകര്‍ മേശയില്‍ കയറിയിരുന്ന് മുദ്രാവാക്യം വിളിച്ചു. പോലീസ് ഇവരെ മാറ്റാന്‍ ശ്രമിച്ചതോടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ബലപ്രയോഗമുണ്ടായി. തുടര്‍ന്ന് ആശുപത്രിയ്ക്ക് പുറത്ത് കുത്തിയിരിപ്പ് സമരത്തിലേക്കും പ്രതിഷേധക്കാര്‍ പോയി. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.




