Kerala
വയറ്റില്‍ കത്രിക കുടുങ്ങിയത് നിര്‍ഭാഗ്യകരമായ സംഭവം; ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത് ഡോ. ഷാഹിദ
സര്‍ജറി ചെയ്യാന്‍ ആവശ്യമായ സ്റ്റാഫുകള്‍ അന്നുണ്ടായിരുന്നില്ല. ഉപയോഗിച്ച ഉപകരണങ്ങളില്‍ കുറവ് വന്നിട്ടില്ലെന്നും ആശുപത്രി അധികൃതര്‍
ആലപ്പുഴ| വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം ഗൗരവകരമായാണ് കാണുന്നതെന്ന് ആശുപത്രി അധികൃതര്‍. നിര്‍ഭാഗ്യകരമായ സംഭവമാണിത്. വിഷയത്തെ ഗൗരവമായാണ് കാണുന്നതെന്നും ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ ബി പത്മകുമാര്‍ പറഞ്ഞു. ഉഷ ജോസഫിന് ശസ്ത്രക്രിയ നടത്തിയത് അന്ന് അസിസ്റ്റന്റ് പ്രൊഫസറായിരുന്ന ഡോ. ഷാഹിദയുടെ നേതൃത്വത്തിലാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
കൊവിഡ് കാലത്തും പരിമിതികളില്‍ നിന്നുകൊണ്ട് എല്ലാവിധ സജ്ജീകരണങ്ങളുമൊരുക്കിയാണ് മെഡിക്കല്‍ കോളജ് പ്രവര്‍ത്തിച്ചിരുന്നത്. അത്തരമൊരു കാലഘട്ടത്തില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായി എന്നുള്ളത് ദൗര്‍ഭാഗ്യകരമാണ്. ഈ വിഷയം ഗൗരവമായാണ് എടുത്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ട്. ഇങ്ങനെയൊരു സംഭവം ഉണ്ടാകാന്‍ പാടില്ലായിരുന്നു. ശസ്ത്രക്രിയക്ക് ഒരു പ്രോട്ടോകോള്‍ ഉണ്ട്. ശസ്ത്രക്രിയക്കായി ഉപയോഗിച്ച ഉപകരണങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നതടക്കം ചെയ്യണം. അതെല്ലാം ചെയ്തിട്ടുണ്ടെന്ന് രേഖകളില്‍ വ്യക്തമാണ്. എന്നിട്ടും ഇത്തരത്തിലൊരു കാര്യം സംഭവിച്ചതിനെ ഗൗരവമായിതന്നെയാണ് എടുക്കുന്നത്. എന്തെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉഷ ജോസഫ് വയറ്റിലെ മുഴ നീക്കം ചെയ്യുന്നതിനായാണ് ആശുപത്രിയില്‍ എത്തിയത്. 2021 മെയ് 10നായിരുന്നു ചികിത്സ തേടിയത്. 12ന് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. മെയ് 15നാണ് ഡിസ്ചാര്‍ജ് ചെയ്തത്. അതിന് ശേഷം തുടര്‍ പരിശോധനക്കായി അവര്‍ എത്തിയതായി രേഖകളിലില്ല. എന്നാല്‍ കഴിഞ്ഞ ദിവസം യൂറോളജി സംബന്ധിയായ പ്രശ്നം കാരണം അവര്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ കാണുകയും അവിടെനിന്ന് നടത്തിയ പരിശോധനയില്‍ വയറ്റില്‍ ഉപകരണം കണ്ടെത്തുകയുമായിരുന്നു.




