Connect with us

Kerala

പരാമര്‍ശം വളച്ചൊടിച്ചു; വിവാദം സി പി എമ്മിനെ വെള്ളപൂശാന്‍: കെ സുധാകരന്‍ എം പി

'പരാമര്‍ശം വളച്ചൊടിച്ച് കോണ്‍ഗ്രസ് ലീഗ് ബന്ധം തകര്‍ക്കാനാകില്ല.'

Published

|

Last Updated

കണ്ണൂര്‍ | ജനവിരുദ്ധമായ നയങ്ങള്‍ കൊണ്ട് അപ്രസക്തമായ സി പി എമ്മിനെ വെള്ളപൂശി ഏതുവിധേനെയും രക്ഷപ്പെടുത്താന്‍ ചില കൂലി എഴുത്തുകാരും സി പി എമ്മും ശ്രമിക്കുന്നതിന്റെ ഭാഗമാണ് മുസ്ലീം ലീഗുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്ന വിവാദമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ എം പി.

കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ വച്ച് മുസ്ലിം ലീഗിന്റെ എം പിയായ ഇടി മുഹമ്മദ് ബഷീറുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് എനിക്കറിയാത്ത വിഷയത്തില്‍ മറുപടി പറയാന്‍ താനാളല്ലെന്ന് പലതവണ പറഞ്ഞിരുന്നു. എന്നിട്ടും ഇതേ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ സാങ്കല്‍പ്പികമായ സാഹചര്യം മുന്‍നിര്‍ത്തിയുള്ള ചോദ്യത്തിന് എങ്ങനെ മറുപടി നല്‍കാന്‍ സാധിക്കും എന്ന ചിന്തയോടെയാണ് ‘അടുത്ത ജന്മത്തില്‍ പട്ടിയാകുന്നതിന് ഈ ജന്മത്തില്‍ കുരയ്ക്കണമോ എന്ന് തമാശ രൂപേണ പ്രതികരിച്ചത്. അത് മുസ്ലീം ലീഗിനെതിരാണെന്ന് വളച്ചൊടിച്ച് ചിലര്‍ വാര്‍ത്ത നല്‍കി. സി പി എമ്മിന് അനുകൂല രാഷ്ട്രീയ സാഹചര്യം ഒരുക്കുകയെന്നതിന് വേണ്ടി ചിലര്‍ പണിയെടുക്കുന്നതിന്റെ ഭാഗമാണ് ഇത്തരമൊരു വാര്‍ത്ത.

അഞ്ച് പതിറ്റാണ്ടോളം നീണ്ട സുദൃഢ ബന്ധമാണ് കോണ്‍ഗ്രസും ലീഗും തമ്മിലുള്ളത്. കേരളത്തിലെ മുസ്ലീം ലീഗിന്റെ എല്ലാ നേതാക്കളുമായി വളരെ അടുത്ത വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്ന ആളാണ് താന്‍. വളച്ചൊടിച്ച വാര്‍ത്ത നല്‍കി കോണ്‍ഗ്രസിനെയും ലീഗിനെയും തകര്‍ക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്. തന്റെ രാഷ്ട്രീയമെന്താണെന്ന് കൃത്യമായ ബോധ്യം മുസ്ലീം ലീഗ് നേതൃത്വത്തിനുണ്ട്. ലീഗ് നേതാക്കളായ പി കെ കുഞ്ഞാലികുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവരുമായി ഈ വിഷയം താന്‍ സംസാരിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

മുസ്ലിം ലീഗിനെതിരായ പട്ടി പരാമര്‍ശത്തില്‍ വിശദീകരണവുമായി കെ സുധാകരന്‍. വിവാദം സി പി എമ്മിനെ വെള്ളപൂശാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് സുധാകരന്‍ പറഞ്ഞു. പരാമര്‍ശം വളച്ചൊടിച്ച് കോണ്‍ഗ്രസ് ലീഗ് ബന്ധം തകര്‍ക്കാനാകില്ല. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉപമ പറയുകയാണ് താന്‍ ചെയ്തതെന്നും സുധാകരന്‍ പറഞ്ഞു.

രോഷാകുലരായ ലീഗ് നേതാക്കളെ അനുനയിപ്പിക്കാന്‍ കെ സുധാകരന്‍ അവരുമായി ഫോണില്‍ സംസാരിച്ചു. വിവാദ പരാമര്‍ശം നടത്തിയതു ലീഗിനെക്കുറിച്ചല്ലെന്ന് സുധാകരന്‍ പറഞ്ഞു.

സുധാകരന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സുധാകരന്‍ അല്ല ആരായാലും പദവികളിലിരിക്കുന്നവര്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പ്രതികരിച്ചു.

കെ സുധാകരന്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീറും പറഞ്ഞു. സുധാകരന്റെ പട്ടിപ്രയോഗത്തിനൊന്നും മറുപടി പറയാനില്ല. തന്റെ പ്രസ്താവന വിവാദമാക്കേണ്ട കാര്യമില്ല. മുസ്ലിം ലീഗ് ലീഗ് ഇടതുപക്ഷത്തേക്ക് ചായുന്നുവെന്ന ആരോപണം തെറ്റാണ്. വ്യക്തിപരമായി തോന്നിയ കാര്യമാണ് പറഞ്ഞത്. ഫലസ്തീന്‍ വിഷയത്തില്‍ ഒരുമിച്ച് നില്‍ക്കുക എന്നത് മാത്രമാണ് ഉദ്ദേശിച്ചത്. സി പി എമ്മിനൊപ്പം നില്‍ക്കുക, കോണ്‍ഗ്രസില്‍ നിന്ന് മാറുക എന്നൊന്നും ഉദ്ദേശിച്ചില്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. പാര്‍ട്ടി ഒരു അഭിപ്രായം പറഞ്ഞാല്‍ അതിനൊപ്പം നില്‍ക്കും. വിഷയത്തില്‍ അന്തിമ തീരുമാനം പാര്‍ട്ടി നേതൃത്വം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലപാടിലെ നന്മയെ കുറിച്ചാണ് സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയിലേക്ക് സി പി എം ക്ഷണം ലീഗ് സ്വീകരിക്കുമെന്ന തരത്തില്‍ ഇ ടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചതിനു പിന്നാലെയാണ്, അടുത്ത ജന്മത്തില്‍ പട്ടിയായി ജനിക്കുന്നതിന് ഇപ്പോഴേ കുരയ്ക്കണമോ എന്നു കെ സുധാകരന്‍ ചോദിച്ചത്. ഈ പരാമര്‍ശം ലീഗ് അണികളില്‍ കടുത്ത അമര്‍ഷത്തിനു കാരണമായിരുന്നു.

 

 

 

 

Latest