Connect with us

Business

പാലക്കാട് ലുലു മാൾ തുറന്നു; കേരളത്തിലെ അഞ്ചാമത്തെ ലുലു ഷോപ്പിങ്ങ് കേന്ദ്രം

ലോകോത്തര ഷോപ്പിങ്ങിന്റെ നവീന അനുഭവം നൽകി രണ്ട് ലക്ഷം സ്ക്വയർ ഫീറ്റിൽ അന്താരാഷ്ട്ര നിലവാരത്തിലാണ് ലുലു മാൾ. രണ്ട് നിലയുള്ള മാളിൽ, ഒരു ലക്ഷം സ്ക്വയർ ഫീറ്റിലുള്ള ലുലു ഹൈപ്പർമാർക്കറ്റ് തന്നെയാണ് ഏറ്റവും ആകർഷണം.

Published

|

Last Updated

പാലക്കാട് | കൊച്ചിക്കും തിരുവനന്തപുരത്തിനും പിന്നാലെ ലോകോത്തര ഷോപ്പിങ്ങ് വാതിൽ പാലക്കാടും തുറന്ന് ലുലു ഗ്രൂപ്പ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോപ്പിങ്ങ് വിസ്മയവുമായി, ദേശീയ പാതയോട് ചേർന്ന് കണ്ണാടിയിലാണ് പുതിയ ലുലു മാൾ.

പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ, കണ്ണാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത എം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനു മോൾ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ലുലു ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ എം എ അഷ്‌റഫ് അലി ഉദ്ഘാടനം നിർവ്വഹിച്ചു. ഷാഫി പറമ്പിൽ എം എൽ എ മാളിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു.

ഗ്രാമീണമേഖലയുടെ കൂടി വികസനമാണ് ലുലു വരുന്നതിലൂടെ സാധ്യമാകുന്നതെന്ന് ഷാഫി പറമ്പിൽ‌ പറഞ്ഞു. കേരളത്തിന്റെ വികസന അധ്യായത്തിൽ നിർണായക സ്ഥാനമാണ് ലുലു വഹിക്കുന്നത്. പാലക്കാട് സ്വദേശികൾക്ക് പുതിയ തൊഴിലവസരവും കാർ‌ഷിക മേഖലയ്ക്ക് ഉണർവുമാണ് ലുലു സമ്മാനിക്കുന്നതെന്നും പ്രാദേശിക വികസനത്തിനാണ് വഴിതുറന്നിരിക്കുന്നതെന്നും അദ്ദേഹം‌ ചൂണ്ടികാട്ടി.

പാലക്കാട് കാർഷിക മേഖലയിൽ നിന്നുള്ള ഉത്പന്നങ്ങളും കൽപ്പാത്തിയിൽ നിന്നുള്ള ഭക്ഷണവിഭവങ്ങളും വരെ ലുലുവിൽ ലഭ്യമാണ്. 1400 പേർക്കാണ് തൊഴിലവസരം ഉറപ്പാക്കിയിരിക്കുന്നത്, ഇതിൽ എഴുപത് ശതമാനം പേരും പാലക്കാട് നിന്നുള്ളവരാണ്. കോഴിക്കോട്, തൃശൂർ, കോട്ടയം, പെരിന്തൽമണ്ണ, തിരൂർ എന്നിവടങ്ങളിലും പുതിയ മാളുകളും ഹൈപ്പർമാർക്കറ്റുകളും ഉടൻ തുറക്കും. രാജ്യത്തെ ലുലുവിന്റെ പത്താമത്തെ കേന്ദ്രമാണിത്.

ചെന്നൈ, അഹമ്മദാബാദ്, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങി രാജ്യത്തിന്റെ വിവിധയിടങ്ങളിൽ പുതിയ പ്രൊജക്ടുകൾ ഉടൻ യാഥാർത്ഥ്യമാകും. ഇന്ത്യയില തന്നെ ഏറ്റവും വലിയ ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രമാണ് നോയിഡയിൽ ഒരുങ്ങുന്നത്. എൻആർഐ നിക്ഷേപങ്ങളെ ആഭ്യന്തര നിക്ഷേപമായി തന്നെ കണ്ട് പിന്തുണയ്ക്കാനുള്ള സർക്കാർ തീരുമാനമാണ് ഈ വലിയ നിക്ഷേപങ്ങൾക്ക് വഴിതുറന്നതെന്ന് എം.എ യൂസഫലി ഉദ്ഘാടന ചടങ്ങിൽ വ്യക്തമാക്കി

പ്രൗഢഗംഭീരമായ ഉദ്ഘാടനത്തിന് ശേഷം പൊതുജനങ്ങൾക്കായി മാൾ തുറന്നതോടെ വലിയ ജനതിരക്കാണ് അനുഭവപ്പെടുന്നത്. ലോകോത്തര ഷോപ്പിങ്ങിന്റെ നവീന അനുഭവം നൽകി രണ്ട് ലക്ഷം സ്ക്വയർ ഫീറ്റിൽ അന്താരാഷ്ട്ര നിലവാരത്തിലാണ് ലുലു മാൾ. രണ്ട് നിലയുള്ള മാളിൽ, ഒരു ലക്ഷം സ്ക്വയർ ഫീറ്റിലുള്ള ലുലു ഹൈപ്പർമാർക്കറ്റ് തന്നെയാണ് ഏറ്റവും ആകർഷണം. ലോകത്തെ വിവിധിയിടങ്ങളിൽ നിന്നുള്ള മികച്ച ഉത്പന്നങ്ങൾ ഒരു കുടക്കീഴിൽ അണിനിരത്തുകയാണ് ലുലു ഹൈപ്പർമാർക്കറ്റ്.

മുൻനിര ബ്രാൻഡഡ് ഉത്പന്നങ്ങൾ മുതൽ പാലക്കാട്ടെ കാർഷിക മേഖലയിൽ നിന്ന് നേരിട്ട് ശേഖരിച്ച പഴം പച്ചക്കറി പാൽ ഉത്പന്നങ്ങൾ വരെ ഹൈപ്പർമാർക്കറ്റിൽ ലഭ്യമാണ്. ലോകത്തെ വിവിധകോണുകളിൽ നിന്നുമുള്ള വ്യത്യസ്ഥമായ ഉത്പന്നങ്ങൾ മിതമായ നിരക്കിലാണ് ഉറപ്പാക്കിയിരിക്കുന്നത്. പലവഞ്ജനങ്ങൾ, മത്സ്യം ഇറച്ചി എന്നിവയ്ക്കായി പ്രത്യേകം കൗണ്ടറുകളുണ്ട്. ഹോട്ട് ഫുഡ് – ബേക്കറി വിഭവങ്ങളുടെ വിപുലമായ ശ്രേണിയും ഒരുക്കിയിട്ടുണ്ട്.

കൂടാതെ, വിട്ടുപകരണങ്ങളുടെയും ഡിജിറ്റൽ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെയും ശേഖരവുമായി ലുലു കണക്ടും ആകർഷകമായ ഫാഷൻ ശേഖരവുമായി ലുലു ഫാഷൻസ്റ്റോറും പുതുമയാർന്ന ഷോപ്പിങ്ങ് അനുഭമാണ് നൽകുന്നത്. ഇതിന് പുറമെ, കുട്ടികൾക്കായി ഗെംയിമിങ്ങ് സെക്ഷനായ ലുലു ഫൺടൂറയും മാളിലുണ്ട്.

വിപുലമായ ഫുഡ് കോർട്ടാണ് മറ്റൊരു പ്രത്യേകത. 250 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാനാകുന്ന സൗകര്യത്തിലാണ് ഫുഡ് കോർട്ട്. ചിക്കിങ്ങ്, ബാസ്കിൻ ആൻഡ് റോബിൻസ്, ഫലൂഡ നേഷൻ, എൻഎംആർ അപ്ടൗൺ ഈറ്റ്സ് തുടങ്ങി പതിനൊന്നിലേറെ ബ്രാൻഡുകളുടെ ഔട്ട്ലെറ്റുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

അമേരിക്കൻ ടൂറിസ്റ്റർ, വി സ്റ്റാർ, വിസ്മയ്, അക്ഷയ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, പോഷ് സലൂൺ, ജമാൽ ഒപ്റ്റിക്കൽസ്, പെയോറ അടക്കം മുപ്പതിലധികം ബ്രാൻഡുകളുടെ സ്റ്റോറുകളുണ്ട്. അഞ്ഞൂറോളം വാഹനങ്ങൾ സുഗമമായി പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

ബിൽടെക്‌ മാനേജിംഗ് ഡയറക്ടർ കെ. രാജൻ, ലുലു ഗ്രൂപ്പ് ഡയറക്ടർമാരായ സലിം എം.എ, മുഹമ്മദ് അൽത്താഫ്, ലുലു ഇന്ത്യ ഡയറക്ടർ ആൻഡ് സിഇഒ നിഷാദ് എം.എ, ലുലു ഇന്ത്യ ഡയറക്ടർ ഫഹാസ് അഷറഫ്, ലുലു ഇന്ത്യ സിഒഒ രജിത്ത് രാധാകൃഷ്ണൻ, ലുലു ഇന്ത്യ ഷോപ്പിങ്ങ് മാൾസ് ഡയറക്ടർ ഷിബു ഫിലിപ്പ്സ് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.