National
ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവെപ്പ്; തിരിച്ചടിച്ച് സുരക്ഷാസേന
കുപ്വാര, ഉറി, അഖ്‌നൂര്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയായാണ് ആക്രമണം നടന്നതെന്നാണ് വിവരം.

ന്യൂഡല്‍ഹി|ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വീണ്ടും പാക് സൈന്യം വെടിവെപ്പ് നടത്തിയതായി റിപ്പോര്‍ട്ട്. കുപ്വാര, ഉറി, അഖ്‌നൂര്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയായാണ് ആക്രമണം നടന്നതെന്നാണ് വിവരം. അതേസമയം, പാക് വെടിവെപ്പിന് ശക്തമായ മറുപടി നല്‍കിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
തുടര്‍ച്ചയായി ഏഴാം ദിവസമാണ് പാക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും അതിര്‍ത്തിയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്നും സുരക്ഷാസേന അറിയിച്ചു.
അതിനിടെ പാകിസ്താന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഇന്ത്യക്കു മുകളില്‍ പറക്കാനുള്ള അനുമതി റദ്ദാക്കി. പാകിസ്താന്‍ വ്യോമാതിര്‍ത്തി അടച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി. പ്രധാനമന്ത്രിയുടെ വസതിയില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും കരസേന മേധാവിയും നിര്‍ണായക കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വ്യോമാതിര്‍ത്തി അടക്കാനുള്ള തിരുമാനത്തിലേക്ക് കടന്നത്.