Connect with us

Articles

പാക്കിസ്ഥാനോട് 'ഇന്ത്യനത'യാകാം

വിമര്‍ശിക്കുന്നവരെ നോക്കി 'പാക്കിസ്ഥാനിലേക്ക് പോ' എന്ന് ആക്രോശിക്കലാണ് ദേശീയതയെന്നാണ് ചിലര്‍ ധരിച്ചുവെച്ചിരിക്കുന്നത്. ആര്‍ദ്രത, സഹാനുഭൂതി, മാനവികത തുടങ്ങിയവയാണ് 'ഇന്ത്യനത'യെന്ന് ഉച്ചത്തില്‍ പറയേണ്ട സമയമാണിത്. ഈ ആശയതലത്തില്‍ നിന്നു കൊണ്ട് പാക്കിസ്ഥാനിലെ സാമ്പത്തിക, സുരക്ഷാ പ്രശ്നങ്ങളെ സമീപിക്കുമ്പോള്‍ ആ ജനതയെ ഓര്‍ത്ത് സഹതപിക്കാനാകും.

Published

|

Last Updated

പാക്കിസ്ഥാനെ പാശ്ചാത്യര്‍ വിളിക്കാറുള്ളത് പരാജിത രാഷ്ട്രമെന്നാണ്. ഇന്ത്യയിലിരുന്ന് വിളിക്കാവുന്ന നല്ല പേര് കൂടിയാണത്. ഒരു കുഴപ്പമുണ്ട്. ഫെയില്‍ഡ് സ്റ്റേറ്റ് എന്നത് പാശ്ചാത്യര്‍ക്ക് ഒറ്റ രാജ്യത്തിന്റെ പേരല്ല. ഭൗമരാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ആളും അര്‍ഥവും ആയുധവുമിറക്കി കളിക്കാനായി തിരഞ്ഞെടുത്ത ഏത് രാജ്യവും അവര്‍ക്ക് പരാജിത രാഷ്ട്രമാണ്. ചിലപ്പോള്‍ അത് ഇറാഖായിരിക്കും. പിന്നെയത് സിറിയയാകും. മറ്റു ചിലപ്പോള്‍ ഇറാനായിരിക്കും. ഇനിയൊരു കാലം അത് ഇന്ത്യയുമാകാം. അതുകൊണ്ട് പാക്കിസ്ഥാനിലെ സങ്കീര്‍ണമായ പ്രതിസന്ധികളെ അല്‍പ്പം സഹാനുഭൂതിയോടെ കാണുകയെന്നതായിരിക്കും ‘ഇന്ത്യനത’.
അതി ദേശീയത ഇരുതലമൂര്‍ച്ചയുള്ള രാഷ്ട്രീയ ആയുധമായി പരിണമിച്ചിരിക്കുമ്പോള്‍ യഥാര്‍ഥ ‘ഇന്ത്യനത’ (ഭാരതീയത) എന്തെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. വിമര്‍ശിക്കുന്നവരെ നോക്കി ‘പാക്കിസ്ഥാനിലേക്ക് പോ’ എന്ന് ആക്രോശിക്കലാണ് ദേശീയതയെന്നാണ് ചിലര്‍ ധരിച്ചുവെച്ചിരിക്കുന്നത്. ആര്‍ദ്രത, സഹാനുഭൂതി, മാനവികത തുടങ്ങിയവയാണ് ഇന്ത്യനതയെന്ന് ഉച്ചത്തില്‍ പറയേണ്ട സമയമാണിത്. ഈ ആശയതലത്തില്‍ നിന്നു കൊണ്ട് പാക്കിസ്ഥാനിലെ സാമ്പത്തിക, സുരക്ഷാ പ്രശ്നങ്ങളെ സമീപിക്കുമ്പോള്‍ ആ ജനതയെ ഓര്‍ത്ത് സഹതപിക്കാനാകും, പ്രാര്‍ഥിക്കാനുമാകും. ഈ സമീപനം പാക്കിസ്ഥാനിലെ നുഴഞ്ഞു കയറ്റക്കാരെ പിന്തുണക്കലല്ല. ഇന്ത്യന്‍വിരുദ്ധത മാത്രം രാഷ്ട്രീയ മൂലധനമാക്കിയ പാക് നേതാക്കളെ ന്യായീകരിക്കലുമല്ല. സിവിലിയന്‍ സര്‍ക്കാറിനെ ഭരിക്കാനനുവദിക്കാത്ത പാക് സൈന്യത്തിന്റെ ചട്ടമ്പിത്തരത്തിന് കൈയടിക്കലുമല്ല.

ശ്രീലങ്കയേക്കാള്‍ കഷ്ടം
ചരിത്രത്തിലെ ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഈ അയല്‍ രാജ്യം കടന്നുപോകുന്നത്. അന്താരാഷ്ട്ര സഹായത്തിനുള്ള സാധ്യത മാത്രമാണ്, പാക്കിസ്ഥാനെ ശ്രീലങ്കയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. അത് മാറ്റിനിര്‍ത്തിയാല്‍ ദ്വീപ് രാഷ്ട്രത്തേക്കാള്‍ പരിതാപകരമാണ് കാര്യങ്ങള്‍. വിലക്കയറ്റം 48 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ദേശീയ ബേങ്കില്‍ 370 കോടി ഡോളര്‍ മാത്രമാണ് ബാക്കിയുള്ളത്. വെറും മൂന്നാഴ്ചത്തെ ഇറക്കുമതിക്കേ ഇത് തികയൂ. ധനസഹായ പാക്കേജുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഐ എം എഫ് പ്രതിനിധി സംഘം ഇസ്ലാമാബാദിലുണ്ട്. ഇനിയും ഇന്ധന വില കൂട്ടണമെന്നാണ് ഐ എം എഫിന്റെ തീട്ടൂരം. എല്ലാ സബ്സിഡിയും നിര്‍ത്തണം. ഏത് കഴുത്തറപ്പന്‍ നിബന്ധനയും അംഗീകരിച്ച് ഐ എം എഫ് പണം വാങ്ങാന്‍ തന്നെയാണ് തീരുമാനം. കരിഞ്ചന്ത നിയന്ത്രിക്കുന്നതിന് രൂപയുടെ മേലുള്ള നിയന്ത്രണത്തില്‍ സര്‍ക്കാര്‍ അയവു വരുത്തിയിരുന്നു. കൊടും കൊക്കയിലേക്ക് രൂപ പതിക്കുന്നതിലാണ് ഇത് കലാശിച്ചത്. ഭക്ഷ്യ വസ്തുക്കളും മരുന്നുമായി കറാച്ചി തുറമുഖത്ത് ഷിപ്പിംഗ് കണ്ടെയ്‌നറുകള്‍ കെട്ടിക്കിടക്കുകയാണ്. ബില്‍ കൊടുക്കാന്‍ പണമില്ല. വൈദ്യുതി വിതരണം താറുമാറാണ്.

ഇതെല്ലാം സഹിക്കാമായിരുന്നു, സുരക്ഷിതമായി ജീവിക്കാനാകുമായിരുന്നെങ്കില്‍. ഇത്തിരി ഗോതമ്പ് മാവിനായി ക്യൂ നിന്ന് തളര്‍ന്നു വീഴുന്ന മനുഷ്യര്‍ക്കിടയിലേക്ക് ചാവേറുകള്‍ ബോംബ് കെട്ടിവെച്ചിറങ്ങുന്നുവെന്നതാണ് പാക്കിസ്ഥാന്റെ ഏറ്റവും വലിയ ദുരന്തം. കഴിഞ്ഞ ദിവസം പെഷാവറിലെ പള്ളിയില്‍ മരിച്ചു വീണത് നൂറിലേറെ പേരാണ്. അഫ്ഗാനിസ്ഥാനോട് ചേര്‍ന്ന ഖൈബര്‍ പഖ്തൂണ്‍ഖ്വാ പ്രവിശ്യയിലെ ജനബഹുലമായ നഗരമാണ് പെഷാവര്‍. താലിബാന്റെ പാക് വിഭാഗമായ തെഹ്രീകെ താലിബാന്‍ പാക്കിസ്ഥാ (ടി ടി പി) ന്റെ ശക്തി കേന്ദ്രം. അതിര്‍ത്തി കടന്ന് തീവ്രവാദികള്‍ക്ക് എത്തിച്ചേരാന്‍ വളരെ എളുപ്പം. സ്ഫോടനം നടന്ന പള്ളി പോലീസ് സെക്രട്ടേറിയറ്റിനോട് ചേര്‍ന്ന് അതീവ സുരക്ഷാ മേഖലയിലാണ്. നിസ്‌കരിക്കാനെത്തുന്നവരില്‍ കൂടുതലും പോലീസ് ഉദ്യോഗസ്ഥരും സൈനികരും. പഴുതടച്ച സുരക്ഷയുണ്ട്. കൊല്ലാനും ചാവാനും ഇറങ്ങിപ്പുറപ്പെട്ട നരാധമന് അതൊന്നും തടസ്സമായില്ല. പള്ളിയാണെന്നതും പ്രശ്നമല്ല. മുന്‍ നിരയില്‍ സ്ഥാനം പിടിച്ചു. മധ്യാഹ്ന നിസ്‌കാരത്തിനെത്തിയവര്‍ക്കിടയില്‍ പൊട്ടിത്തെറിച്ചു. സംഭവം നടന്ന് മിനുട്ടുകള്‍ക്കകം ടി ടി പി ഉത്തരവാദിത്വമേറ്റ് രംഗത്തെത്തി. പിന്നെ, പറഞ്ഞു: ആ രക്തത്തില്‍ പങ്കില്ലെന്ന്. ഏതാണ് വിശ്വസിക്കേണ്ടത്? ഉത്തരവാദിത്വം ആര് ഏറ്റാലും ഏറ്റില്ലെങ്കിലും പാക് ജനതയുടെ അരക്ഷിതാവസ്ഥക്ക് ഒരു ശമനവും വന്നിട്ടില്ലെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. രാജ്യം കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്ന് പോകുമ്പോള്‍ കലാപത്തിന്റെ വക്കിലാണ് പാക് ജനത. ആ തക്കം നോക്കി തീവ്രവാദ ഗ്രൂപ്പുകള്‍ ശക്തി സംഭരിക്കുകയാണ്.

പാക് താലിബാന്‍
15 വര്‍ഷമായി മരണം വിതക്കുന്ന ടി ടി പി കഴിഞ്ഞ നവംബര്‍ മുതല്‍ നൂറിലധികം സ്ഫാടനങ്ങള്‍ നടത്തിയിട്ടുണ്ട്. 2013ലെ പൊതു തിരഞ്ഞെടുപ്പില്‍ നിരവധി രാഷ്ട്രീയ നേതാക്കളെ ഇവര്‍ വകവരുത്തിയിരുന്നു. 2021ല്‍ അഫ്ഗാന്‍ ഭരണം താലിബാന്റെ കൈകളില്‍ എത്തിയതോടെ ഈ ഗ്രൂപ്പ് കൂടുതല്‍ അപകടകാരിയായി. ഇംറാന്‍ ഖാന്റെ പതനത്തില്‍ കലാശിച്ച രാഷ്ട്രീയ അട്ടിമറി, ശഹബാസ് ശരീഫിന്റെ സ്ഥാനാരോഹണം, ഖാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം, പ്രളയം, സാമ്പത്തിക ദുരന്തം. മട്ടലില്‍ ചവിട്ടിയ സ്ഥിതിയിലാണ് പാക് സൈനിക, സിവിലിയന്‍ നേതൃത്വം. ഒന്നില്‍ കേന്ദ്രീകരിച്ചാല്‍ മറ്റൊന്നില്‍ തിരിച്ചടി വരും. തീവ്രവാദികളെ അമര്‍ച്ച ചെയ്യാന്‍ സാധിക്കാത്തതിന് കാരണം ഇതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ തീവ്രവാദികളോടുള്ള മൃദു സമീപനമാണ് അടിസ്ഥാന പ്രശ്നം. അഫ്ഗാനിസ്ഥാന്റെ മധ്യസ്ഥതയില്‍ ടി ടി പിയുമായി ഒരു ഭാഗത്ത് രഹസ്യചര്‍ച്ച നടക്കുന്നു. മറുഭാഗത്ത് അവരുടെ നേതാക്കള്‍ക്കെതിരെ ആക്രമണവും നടത്തുന്നു. സിവിലിയന്‍ നേതൃത്വം ചര്‍ച്ചക്ക് പോകുമ്പോഴാണ് സൈന്യം ഡ്രോണയക്കുന്നത്. ഫലത്തില്‍ രണ്ട് നീക്കവും പരാജയപ്പെടുന്നു. തീവ്രവാദികള്‍ സൈ്വര വിഹാരം നടത്തുന്നു. പാക് രാഷ്ട്രീയത്തില്‍ ഒരു നേതാവിനും അവഗണിക്കാനാകാത്ത ശക്തിയാണല്ലോ സൈന്യം. മറ്റ് രാജ്യങ്ങള്‍ക്കെല്ലാം ഒരു സൈന്യമുണ്ട്. പാക് സൈന്യത്തിന് ഒരു രാജ്യമുണ്ട്.

ഈ വര്‍ഷം അവസാനം ദേശീയ, പ്രവിശ്യാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുകയാണ് പാക്കിസ്ഥാനില്‍. ആശയക്കുഴപ്പത്തിന്റെ കൂടാരമായി കഴിഞ്ഞ പാക് രാഷ്ട്രീയ സാഹചര്യത്തില്‍ സമാധാനപരമായ തിരഞ്ഞെടുപ്പ് സാധ്യമാക്കുക ദുഷ്‌കരമായിരിക്കും. രാഷ്ട്രീയ, സൈനിക നേതൃത്വം നടത്തുന്ന മുന്നൊരുക്കങ്ങള്‍ക്കനുസരിച്ചിരിക്കും രാജ്യത്തിന്റെ ഭാവി. സൈന്യവും സിവിലിയന്‍ നേതൃത്വവും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാകുക മാത്രമാണ് പോംവഴി. നവാസ് ശരീഫിന്റെ സഹോദരനായ ശഹബാസ് ശരീഫിനും സര്‍ക്കാറിലെ മറ്റൊരു പ്രമുഖനായ ബിലാവല്‍ ഭൂട്ടോക്കും ഇക്കാര്യത്തില്‍ തുറന്ന സമീപനമാണുള്ളത്. സ്വന്തം മാതാവ് തീവ്രവാദിയാക്രമണത്തില്‍ പൊട്ടിച്ചിതറിപ്പോയത് കണ്ട ബിലാവലിന് ആ അനിവാര്യത മനസ്സിലാകും. ഭരണത്തലവന്‍മാരുടെ ചോര കൊണ്ട് പങ്കിലമാണ് പാക് രാഷ്ട്രീയമെന്ന് ഈ നേതാക്കള്‍ക്കെല്ലാമറിയാം. ഇന്ത്യയുമായി ഏത് കാര്യത്തിലും ചര്‍ച്ചയാകാമെന്നും യുദ്ധം കൊണ്ട് ഒന്നും നേടിയില്ലെന്നും ഈയിടെ ശഹബാസ് പറഞ്ഞത് അബദ്ധത്തിലല്ല. അദ്ദേഹത്തിന്റെ ബോധ്യം തന്നെയാണത്. പക്ഷേ, പല കോണില്‍ നിന്നുള്ള സമ്മര്‍ദത്തില്‍ അദ്ദേഹത്തിനത് വിഴുങ്ങേണ്ടി വന്നു. കാര്‍ഗില്‍ രക്ത സാക്ഷിയുടെ മകള്‍ ഗുര്‍മെഹര്‍ കൗര്‍ നേരത്തേ അത് പറഞ്ഞിട്ടുണ്ട്: ‘എന്റെ പിതാവിനെ കൊന്നത് പാക്കിസ്ഥാനല്ല, യുദ്ധമാണ്’

സൈന്യത്തിന്റെ രാജ്യം
പാക് സൈന്യം നിലപാട് മാറ്റുമെന്ന് തോന്നുന്നില്ല. ഇന്ന് അവരെ നിയന്ത്രിക്കുന്നത് ചൈനയാണ്. അമേരിക്കയുടെ ചരട് അല്‍പ്പമൊന്ന് അയഞ്ഞപ്പോഴാണ് ചൈന കയറി വന്നിരിക്കുന്നത്. ഇന്ത്യാവിരുദ്ധ വികാരം ഉപേക്ഷിക്കാന്‍ പാക് സൈന്യത്തിന് തത്കാലം സാധിക്കില്ല. തീവ്രവാദ ഗ്രൂപ്പുകളെ അതിര്‍ത്തിക്കകത്തും പുറത്തും ഉപയോഗിക്കുകയെന്ന പതിവില്‍ നിന്ന് മാറി നടക്കാന്‍ പാക് സൈനിക നേതൃത്വത്തിന് സാധിച്ചാല്‍ മാത്രമേ പ്രതീക്ഷക്ക് വകയുള്ളൂ. ശാന്തമായ പാക്കിസ്ഥാന്‍ ഇന്ത്യയടക്കം മേഖലയിലാകെ സമാധാനത്തിന് അനിവാര്യമാണ്. ആയുധ കച്ചവടക്കാര്‍ പക്ഷേ, അത് സമ്മതിക്കില്ല. ഇടക്കിടക്ക് പ്രയോഗിക്കാന്‍ പാകത്തില്‍ രാഷ്ട്രീയ ആയുധമായി ഇന്ത്യാ- പാക് ശത്രുതയെ ജ്വലിപ്പിച്ച് നിര്‍ത്താന്‍ ആഗ്രഹിക്കുന്ന അതിര്‍ത്തിക്കപ്പുറത്തും ഇപ്പുറത്തുമുള്ളവരും സമ്മതിക്കില്ല.

പാക്കിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും അരക്ഷിത മേഖലയായി മാറ്റിയതില്‍ ഒന്നാമത്തെ കുറ്റക്കാര്‍ സാമ്രാജ്യത്വ ശക്തികളാണ്. സോവിയറ്റ് യൂനിയന്‍ ഇവിടെ ആധിപത്യമുറപ്പിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ അമേരിക്കന്‍ ചേരി പുറത്തെടുത്ത കുതന്ത്രങ്ങളാണ് ഇന്നും ഈ മേഖലയെ അശാന്തമാക്കി നിര്‍ത്തുന്നത്. അന്ന് വിതറിയ ആയുധങ്ങളുടെ പിന്‍ബലത്തില്‍ രൂപം കൊണ്ട തീവ്രവാദ ഗ്രൂപ്പുകളാണ് പല പേരുകളില്‍ ഇന്നും നിലനില്‍ക്കുന്നത്. പെഷാവറിലെ മനുഷ്യരുടെ ചോരക്ക് സമാധാനം പറയേണ്ട മറ്റൊരു കൂട്ടര്‍ മതാധ്യാപനങ്ങളെ വളച്ചൊടിച്ച് തീവ്രവാദ സംഘങ്ങള്‍ക്ക് പ്രത്യയ ശാസ്ത്ര അടിത്തറയൊരുക്കിക്കൊടുത്തവരാണ്. അവര്‍ പടച്ചുവിട്ട അവബോധങ്ങളാണ് യുവാക്കളെ ആയുധമെടുപ്പിച്ചത്.

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest