International
അറബിക്കടലിൽ തുറമുഖം നിർമ്മിക്കാൻ അമേരിക്കക്ക് പാകിസ്ഥാൻ്റെ ക്ഷണം; 'ചാബഹാർ' തുറമുഖത്തിന് ഭീഷണിയോ?
പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിൻ്റെ ഉപദേശകരാണ് 1.2 ബില്യൺ ഡോളർ (ഏകദേശം 10,000 കോടി രൂപ) വരെ മൂല്യം വരുന്ന വാഗ്ദാനവുമായി പാക്കിസ്ഥാൻ യു എസ് ഉദ്യോഗസ്ഥരെ സമീപിച്ചത്

ഗ്വാദർ തുറമുഖം
ഇസ്ലാമാബാദ് | പാകിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾക്കിടെ അറബിക്കടലിൽ ഒരു തുറമുഖം നിർമ്മിക്കാനും പ്രവർത്തിപ്പിക്കാനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പാകിസ്ഥാൻ വാഗ്ദാനം നൽകിയതായി ‘ഫിനാൻഷ്യൽ ടൈംസ്’ റിപ്പോർട്ട് ചെയ്തു. ബലൂചിസ്ഥാനിലെ ഗ്വാദർ ജില്ലയിലുള്ള പസ്‌നി പട്ടണത്തിലാണ് ഈ സിവിലിയൻ തുറമുഖം സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. ഇത് ഇന്ത്യ ഇറാനിൽ വികസിപ്പിക്കുന്ന ചാബഹാർ തുറമുഖത്തിന് തന്ത്രപരമായി അടുത്താണ് സ്ഥിതി ചെയ്യുന്നത്.
പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിൻ്റെ ഉപദേശകരാണ് 1.2 ബില്യൺ ഡോളർ (ഏകദേശം 10,000 കോടി രൂപ) വരെ മൂല്യം വരുന്ന വാഗ്ദാനവുമായി പാക്കിസ്ഥാൻ യു എസ് ഉദ്യോഗസ്ഥരെ സമീപിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. പാകിസ്ഥാനിലെ അമൂല്യമായ ധാതു സമ്പത്തുകൾ പുറത്തെടുക്കുന്നതിനായി ഒരു ടെർമിനൽ നിർമ്മിക്കാനും പ്രവർത്തിപ്പിക്കാനും യു എസ്-നെ അനുവദിക്കുക എന്നതാണ് ബ്ലൂപ്രിൻ്റിലെ പ്രധാന നിർദ്ദേശം. അഫ്ഗാനിസ്ഥാൻ, ഇറാൻ അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാൻ പ്രവിശ്യയിലാണ് പസ്‌നി സ്ഥിതി ചെയ്യുന്നത്.
തുറമുഖം യു എസ് സൈനിക ആവശ്യങ്ങൾക്കോ സൈനിക താവളം സ്ഥാപിക്കാനോ ഉപയോഗിക്കില്ലെന്ന് പദ്ധതി രേഖയിൽ വ്യക്തമാക്കുന്നുണ്ട്. പസ്‌നി തുറമുഖത്തെ ധാതുസമ്പന്നമായ പടിഞ്ഞാറൻ പ്രവിശ്യകളുമായി ബന്ധിപ്പിക്കുന്ന ഒരു റെയിൽ ശൃംഖലയ്ക്ക് യു എസ് ധനസഹായം നൽകണമെന്നാണ് പാകിസ്ഥാൻ്റെ ആവശ്യം.
സൈനിക മേധാവിയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സെപ്റ്റംബറിൽ വൈറ്റ് ഹൗസിൽ ട്രംപുമായി അടച്ചിട്ട മുറിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് പുതിയ നീക്കം. ഖനനം, ഊർജ്ജ മേഖലകളിൽ അമേരിക്കൻ കമ്പനികളുടെ നിക്ഷേപം ഷെരീഫ് കൂടിക്കാഴ്ചയിൽ തേടിയിരുന്നു. കൂടാതെ, പാകിസ്ഥാൻ്റെ ധാതുസമ്പത്തിനെക്കുറിച്ച് മുനീർ ട്രംപിന് സൂചന നൽകുകയും കൂടിക്കാഴ്ചയ്ക്ക് ശേഷം അപൂർവ ധാതുക്കൾ അടങ്ങിയ ഒരു തടിപ്പെട്ടി ട്രംപിന് സമ്മാനിക്കുകയും ചെയ്തിരുന്നു.
ഇന്ത്യക്കുള്ള പ്രത്യാഘാതങ്ങൾ
ചൈനയുടെ ധനസഹായത്തോടെ നിർമ്മിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഗ്വാദർ തുറമുഖത്തിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയാണ് പസ്‌നി. ഇന്ത്യ ഇറാനിൽ വികസിപ്പിക്കുന്ന ഷഹീദ് ബെഹിസ്തി ടെർമിനലിൽ നിന്ന് 300 കിലോമീറ്റർ മാത്രം അകലെയാണ് പസ്‌നി തുറമുഖം. പാകിസ്ഥാനെ മറികടന്ന് അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും പ്രവേശിക്കാൻ ഇന്ത്യയെ സഹായിക്കുന്ന ഒരു തന്ത്രപരമായ തുറമുഖമാണ് ചാബഹാർ. 2024-ൽ ഇന്ത്യയും ഇറാനും ഈ ടെർമിനലിൻ്റെ വികസനത്തിനും നടത്തിപ്പിനുമായി 10 വർഷത്തെ കരാറിൽ ഒപ്പുവച്ചിരുന്നു.
പസ്‌നിയുടെ സാമീപ്യം മധ്യേഷ്യയിലേക്കും ഇറാനിലേക്കുമുള്ള വ്യാപാര സാധ്യതകൾ വർദ്ധിപ്പിക്കുമെന്നും അറബിക്കടലിലും മധ്യേഷ്യയിലും യു എസ് സ്വാധീനം വിപുലീകരിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാൻ അമേരിക്കയെ പ്രലോഭിപ്പിക്കാൻ ശ്രമിക്കുന്നത്.