Kerala
നിയമ സഭയില്‍ സ്പീക്കറുടെ മുഖംമറച്ച് ബാനര്‍ ഉയര്‍ത്തി ഇന്നും പ്രതിപക്ഷ പ്രതിഷേധം
സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി

തിരുവനന്തപുരം | ഇന്നും നിയമ സഭയില്‍ സ്പീക്കറുടെ മുഖംമറച്ച് ബാനര്‍ ഉയര്‍ത്തി പ്രതിപക്ഷം. ബാനര്‍ പിടിച്ചു വാങ്ങാന്‍ സ്പീക്കര്‍ വാച്ച് ആന്റ് വാര്‍ഡ്മാരോട് നിര്‍ദ്ദേശിച്ചത് സഭയില്‍ പ്രതിഷേധം ശക്തമാക്കി. ബാനറുമായി പ്രതിപക്ഷം വീണ്ടും സ്പീക്കറുടെ ഡയസിനു മുന്നില്‍ നിന്നുകൊണ്ട് പ്രതിഷേധിച്ചു. സ്പീക്കറുടെ ചെയറിനു മുന്നില്‍ ബാനര്‍ പിടിക്കരുതെന്ന നിലപാട് സ്പീക്കര്‍ആവര്‍ത്തിച്ചു. തുടര്‍ച്ചയായി നാലാം ദിവസമാണ് സഭയില്‍ പ്രതിപക്ഷ ബഹളം നടക്കുന്നത്.
സഭാ നടപടികള്‍ തുടങ്ങിയ ഉടനെ പ്രതിപക്ഷ നേതാവ് സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് പ്രതിഷേധത്തിന് വഴിവെച്ചത്. വാച്ച് ആന്‍ഡ് വാര്‍ഡ്മാരെ വെച്ച് പ്രതിപക്ഷത്തെ നേരിടാന്‍ സ്പീക്കര്‍ ശ്രമിച്ചുവെന്നും മുഖ്യമന്ത്രിയുടെ ഇന്നലത്തെ ബോഡി ഷെയ്മിംഗ് പരാമര്‍ശവും വി ഡി സതീശന്‍ സഭയില്‍ ഉന്നയിച്ചു. ഇതോടെ സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. താന്‍ സംസാരിക്കുമ്പോള്‍ ഇടപെടരുതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതോടെ പ്രതിപക്ഷം ബാനറുമായി നടുത്തളത്തിലേക്കിറങ്ങി.
ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിഷയത്തിലാണ് പ്രതിഷേധം നടക്കുന്നത്. അതിനിടെ, സ്പീക്കറെ പ്രതിരോധിച്ച് ഭരണപക്ഷ എം എല്‍ എമാര്‍ രംഗത്തെത്തി. ഒരു വനിതയെ ആക്രമിച്ചെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. പ്രതിപക്ഷം സഭയില്‍ തോന്നിവാസം കാണിക്കുകയാണ്. പ്രതിപക്ഷനേതാവ് ഗുണ്ടായിസത്തിന് നേതൃത്വം കൊടുക്കുകയാണെന്നും എം ബി രാജേഷ് പറഞ്ഞു.
ചോദ്യോത്തരവേള തടസ്സപ്പെടുത്താന്‍ പ്രതിപക്ഷ നീക്കം നടത്തുകയാണെന്ന് സ്പീക്കറും പ്രതികരിച്ചു. ബഹളത്തിനിടെ ചോദ്യോത്തര വേളയിലേക്ക് സ്പീക്കര്‍ കടക്കുകയും ചെയ്തു. ബാനര്‍ മാറ്റാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ഗണേഷ് കുമാര്‍ പ്രതികരിച്ചു.