Connect with us

operation sindoor

ഓപ്പറേഷന്‍ സിന്ദൂര്‍: സാഹചര്യം വിലയിരുത്തി കേന്ദ്ര പ്രതിരോധമന്ത്രി,11 മണിക്ക് മന്ത്രിസഭാ യോഗം

ആക്രമണശേഷമുള്ള സാഹചര്യം മൂന്ന് സേനാ മേധാവിമാരുമായി രാജ്‌നാഥ് സിംഗ് വിലയിരുത്തി. രാവിലെ 11 മണിക്ക് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭ യോഗം നടക്കും.

Published

|

Last Updated

ന്യൂഡല്‍ഹി|പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം പാകിസ്ഥാനില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പിന്നാലെ സാഹചര്യം വിലയിരുത്തി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ആക്രമണശേഷമുള്ള സാഹചര്യം മൂന്ന് സേനാ മേധാവിമാരുമായി അദ്ദേഹം വിലയിരുത്തി. രാവിലെ 11 മണിക്ക് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭ യോഗം നടക്കുമെന്നാണ് ലഭിക്കുന്ന വിവരം. പാകിസ്ഥാനിലേയും പാക് അധീന കശ്മീരിലേയും ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യന്‍ സൈന്യം ആക്രമിച്ചത്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സൈനിക നീക്കത്തില്‍ ഒന്‍പത് പാക് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യന്‍ സൈന്യം ആക്രമിച്ച് തകര്‍ത്തത്. നീതി നടപ്പാക്കിയെന്ന് എക്സില്‍ ഇന്ത്യന്‍ സൈന്യം കുറിച്ചു. രാവിലെ 10 മണിക്ക് വാര്‍ത്താസമ്മേളനം നടത്തി സൈന്യം വിശദമായ വിവരം നല്‍കും.

പഹല്‍ഗാം ആക്രമണത്തിനും ഭീകരവാദത്തിനും ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് രാജ്യം.
പഹല്‍ഗാം ആക്രമണം നടന്ന് 15 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ മറുപടി. ബുധനാഴ്ച പുലര്‍ച്ചെ 1.44നായിരുന്നു സൈന്യത്തിന്റെ ഓപ്പറേഷന്‍.ബഹവല്‍പൂര്‍, മുസാഫറബാദ്, കോട്ലി, മുരിഡ്‌കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. അഞ്ചിടത്ത് മിസൈല്‍ ആക്രമണമുണ്ടായെന്നും മൂന്നു പേര്‍ കൊല്ലപ്പെട്ടെന്നും 12 പേര്‍ക്ക് പരുക്കേറ്റതായും പാക് സൈന്യവും സ്ഥിരീകരിക്കുന്നു. ആറ് സ്ഥലങ്ങളിലായി 24 ആക്രമണങ്ങള്‍ നടന്നതായി പാകിസ്താന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.ഇന്ത്യ സൈനിക ആക്രമണങ്ങള്‍ നടത്തിയതായി സ്ഥിരീകരിച്ച പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തിരിച്ചടിക്കുമെന്ന് പ്രതികരിച്ചു. ആറ് സ്ഥലങ്ങളിലായി 24 ആക്രമണങ്ങള്‍ നടന്നതായി പാകിസ്താന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഓപ്പറേഷന്‍ സിന്ദൂരില്‍ പങ്കെടുത്തവര്‍ സുരക്ഷിതരെന്നാണ് റിപ്പോര്‍ട്ട് .രാത്രി മുഴുവന്‍ സൈനിക ഓപ്പറേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരീക്ഷിച്ചു.നിലവിലെ സാഹചര്യം കണക്കിലെടുത്ത്, മെയ് ഏഴിന് ഉച്ചയ്ക്ക് 12വരെ ജമ്മു, ശ്രീനഗര്‍, ലേ, ജോധ്പൂര്‍, അമൃത്സര്‍, ഭുജ്, ജാംനഗര്‍, ചണ്ഡീഗഡ്, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. അമൃത്സറിലേക്കുള്ള രണ്ട് അന്താരാഷ്ട്ര വിമാനങ്ങള്‍ ഡല്‍ഹിയിലേക്ക് തിരിച്ചുവിട്ടു.

ഇന്ത്യന്‍ സൈന്യം പാകിസ്ഥാനില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പിന്നാലെ രാജ്യത്ത് അതീവ ജാഗ്രത നിര്‍ദേശം. ജമ്മു കശ്മീരിലും രാജ്യതലസ്ഥാനത്തും സുരക്ഷ ശക്തമാക്കി. ഡല്‍ഹിയിലെ ലാല്‍ ചൗക്കിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ കേന്ദ്ര സേനയെ ഡല്‍ഹിയില്‍ വിന്യസിച്ചിട്ടുണ്ട്. ജമ്മു കശ്മീരില്‍ മേഖലയിലെ അടക്കം പത്ത് വിമാനത്താവളങ്ങള്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി അടച്ചു. ശ്രീനഗര്‍, ജമ്മു, ധരംശാല, അമൃത്സര്‍, ലേ, ജോധ്പൂര്‍, ഭുജ്, ജാംനഗര്‍, ചണ്ഡിഗഡ്, രാജ്‌കോട്ട് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. ഈ വിമാനത്താവളങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എന്നീ വിമാന സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കി.അതേസമയം, ശ്രീനഗര്‍ വിമാനത്താവളത്തെ പാക് സേന ലക്ഷ്യം വെച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമെന്ന് കേന്ദ്രം വ്യക്തമാക്കി.

സുരക്ഷ മുന്‍നിര്‍ത്തി ജമ്മു കശ്മീര്‍ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജമ്മു മേഖലയിലെ ജമ്മു, സാംബ, കത്വ, രജൗരി, പൂഞ്ച് എന്നിവിടങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്. കശ്മീര്‍ മേഖലയിലെ കുപ്വാര, ബാരാമുള്ള, ഗുരേസ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കശ്മീര്‍ ഡിവിഷണല്‍ കമ്മീഷണര്‍ അവധി പ്രഖ്യാപിച്ചു. അതിര്‍ത്തിയിലുള്ളവരെ ബങ്കറുകളിലേക്ക് അടക്കം മാറ്റി സുരക്ഷ മുന്‍കരുതല്‍ ശക്തമാക്കിയിട്ടുണ്ട്. നിയന്ത്രണ രേഖയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.

 

Latest