Connect with us

operation arikomban

ഓപറേഷന്‍ അരിക്കൊമ്പന്‍: വനം വകുപ്പ് സംഘങ്ങളുടെ രൂപവത്കരണം ഇന്ന്

നാല് താപ്പാനകളെ ഉപയോഗിച്ച് നാളെ മോക് ഡ്രില്‍ നടത്തും.

Published

|

Last Updated

ഇടുക്കി | അരിക്കൊമ്പനെ പിടികൂടാനുള്ള വനം വകുപ്പ് സംഘങ്ങളുടെ രൂപവത്കരണം ഇന്ന് ദേവികുളം സെന്‍ട്രല്‍ നഴ്സറി പരിസരത്ത് നടക്കും. 26 പേരാണ് മുത്തങ്ങയില്‍ നിന്ന് ഇതിനായി എത്തിയിരിക്കുന്നത്. ഇവർക്കൊപ്പം ജില്ലയിൽ നിന്നുള്ള 55 പേരും ഇതര വകുപ്പ് ഉദ്യോഗസ്ഥരും ഓപറേഷനില്‍ പങ്കാളികളാകും.

നാളെ ഹൈക്കോടതി വിഷയം പരിഗണിക്കുമ്പോള്‍ അനുകൂല വിധി ഉണ്ടാകുമെന്നാണ് വനം വകുപ്പ് കണക്കുകൂട്ടുന്നത്. മറിച്ചായാലും ആനയെ പിടികൂടുന്നതില്‍ നിന്ന് വനം വകുപ്പ് പിന്നോട്ടു പോകില്ല. 30ന് തന്നെ ദൗത്യം ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ കോളര്‍ റേഡിയോ പിടിപ്പിക്കും. സ്ഥലത്ത് നിന്ന് മാറ്റി മറ്റൊരു വനമേഖലയിലേക്ക് തുറന്നു വിടാന്‍ കോടതി അനുവദിച്ചാല്‍ അതിനുള്ള നീക്കവും നടക്കുന്നുണ്ട്.

സംഘങ്ങള്‍ രൂപവത്കരിച്ച ശേഷം നാല് താപ്പാനകളെ ഉപയോഗിച്ച് നാളെ മോക് ഡ്രില്‍ നടത്തും. ഓപറേഷന്റെ ഭാഗമായി എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ ചെയ്യണമെന്ന നിര്‍ദേശം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. 2017ലും അരിക്കൊമ്പനെ പിടികൂടാന്‍ ശ്രമിച്ചിരുന്നു. അന്ന് മയക്കുവെടിയേറ്റ ആന കിലോമീറ്ററോളം ഓടി. ഏറെ പണിപ്പെട്ടാണ് പിന്നീട് അതിനെ കണ്ടെത്തിയത്. ഏഴ് തവണ മയക്കുവെടി ഉതിര്‍ത്തെങ്കിലും ആന മയങ്ങിയില്ല. നേരം ഇരുട്ടിയതിനാല്‍ അന്ന് ശ്രമം ഉപേക്ഷിക്കുകയും ചെയ്തു.

ഇത്തവണ ഇത്തരം പ്രതിസന്ധികൾ ഒഴിവാക്കാനും ആന ഓടിയാല്‍ തടയാനും കുങ്കിയാനകളെ രംഗത്തിറക്കും. അരിക്കൊമ്പന്റെ പെരുമാറ്റം പ്രവചനാതീതമായതിനാല്‍ എല്ലാ മുന്നൊരുക്കവും നടത്തിവരികയാണ്. ആനയെ പിടികൂടാന്‍ പറ്റാതിരിക്കുകയോ കോടതി വിധി പ്രതികൂലമാകുകയോ ചെയ്താല്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുമെന്ന ആശങ്കയും അധികൃതര്‍ക്കുണ്ട്.