

Featured
ഓണ്‍ലൈന്‍ പഠനം: കെ ഫോണില്‍ പ്രതീക്ഷ അര്‍പ്പിച്ച് ഗ്രാമങ്ങള്‍; പദ്ധതി ഇഴയുന്നു
ഓൺലെെൻ ക്ലാസിലെ ഒളിഞ്ഞുനോട്ടങ്ങൾ - പരമ്പര നാലാം ഭാഗം
വിദ്യാഭ്യാസം ഓണ്‍ലൈനില്‍ മാത്രമായി ഇനി എത്ര നാള്‍ തുടരേണ്ടിവരുമെന്നു നിശ്ചയമില്ല. ഇന്റര്‍നെറ്റിന്റെ സുഗമമായ ലഭ്യതയില്ലാതെ ഗ്രാമങ്ങളില്‍ ഓണ്‍ലൈന്‍ പഠനത്തില്‍ നിന്നു വലിയൊരു വിഭാഗം അകന്നു നില്‍ക്കുന്നു. ഈ പ്രതിസന്ധിക്ക് ഏറ്റവും വലിയ പരിഹാരമാവുമെന്ന പ്രതീക്ഷിച്ചതാണ് കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് ശൃംഖലയായ കെഫോണ്‍. എന്നാല്‍ ഏതൊരു പദ്ധതിയേയും പോലും കെഫോണ്‍ നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്ന പ്രവൃത്തിയും വിവിധ തടസ്സങ്ങളില്‍ കുടുങ്ങി ഇഴയുകയാണ്. സര്‍ക്കാറിന്റെ സ്വന്തം പദ്ധതികള്‍ പോലും കുരുക്കില്‍ പെട്ടു വൈകുന്ന അവസ്ഥ.
വൈദ്യതി വകുപ്പിന്റെ തൂണുകളിലൂടെയാണ് കെ ഫോണ്‍ കേബിള്‍ വലിക്കേണ്ടത്. കെ എസ് ഇ ബിയുടെ ട്രാന്‍സ്മിഷന്‍ ടവറുകളിലെ വൈദ്യുതി സപ്ലൈ ഓഫ് ചെയ്താണു കേബിളിങ് നടത്തേണ്ടത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടക്കുന്നതിനാല്‍ സപ്ലൈ അധിക നേരം ഓഫ് ചെയ്യാനാകില്ല.
കേബിള്‍ ജോലിക്കാരെല്ലാം ജാര്‍ഖണ്ഡില്‍ നിന്നുള്ളവരാണ്. 35 പേരടങ്ങിയ ഓരോ സംഘമാണ് ഈ ജോലി ചെയ്തിരുന്നത്. ഇവരില്‍ കോവിഡ് ബാധയും യാത്രയുമെല്ലാം പ്രശ്‌നമായതോടെ അങ്ങനെയും തടസ്സം നേരിട്ടു. വനം, പാലം, പൊതുമരാമത്ത് റോഡുകള്‍ എന്നിവയിലൂടെയെല്ലാം കേബിള്‍ ജോലി നടത്തേണ്ടതിനാല്‍ വിവിധ വകുപ്പുകളുടെ ഭാഗത്ത് നിന്നും തടസ്സം നേരിടുന്നുണ്ട്. ജില്ലാ കലക്ടര്‍മാര്‍ ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിക്കാന്‍ മേല്‍നോട്ടം വഹിക്കുകയും ഒരു സബ് കലക്ടര്‍ക്ക ്ചുമതല നല്‍കുകയും ചെയ്തിട്ടും തടസ്സങ്ങള്‍ നീങ്ങുന്നില്ല.
കേരള വിഷന്‍ പോലുള്ള കേബിള്‍ ടി വി ശൃംഖലയുമായി സഹകരിച്ചു വീടുകളില്‍ ഇന്റര്‍നെറ്റ് എത്തിക്കാനാണ് ലക്ഷ്യമെങ്കിലും ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതേയുള്ളൂ. പ്രതിസന്ധികളെല്ലാം മറികടന്ന് ഡിസംബറോടെ ഗ്രാമീണ മേഖലയില്‍ അര്‍ഹരായവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ കഴിയുമെന്നാണ് കെ ഫോണ്‍ പ്രൊജക്ട് ഹെഡ് മോസസ് രാജ്കുമാര്‍ പറയുന്നത്.
സംസ്ഥാനത്ത് ഇന്റര്‍നെറ്റ് രംഗത്ത് കുതിച്ചുചാട്ടം സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നതാണ് കെ ഫോണ്‍ (കേരള ഫൈബര്‍ ഓപ്റ്റിക് നെറ്റ്വര്‍ക്ക്) പദ്ധതി. സംസ്ഥാനത്തെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ശക്തവും കാര്യക്ഷമമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയിലൂടെ സുശക്തമായ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കാനാണു ലക്ഷ്യമിടുന്നത്. സ്‌കൂളുകള്‍, കോളജുകള്‍, ആശുപത്രികള്‍, ഇതര സ്ഥാപനങ്ങള്‍ എന്നിവര്‍ക്കു ന്യായമായ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
പദ്ധതി വഴി സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീടുകളിലേക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാക്കുകയും ലക്ഷ്യമാണ്. 30,000 കിലോമീറ്റര്‍ കേബിള്‍ വലിക്കാനാണ് ഉദ്ദേശിക്കുന്നത്. 12,000 കിലോമീറ്റര്‍ കേബിള്‍ ഇതുവരെ വലിച്ചു കഴിഞ്ഞു. 2020 ഡിസംബറില്‍ സംസ്ഥാനത്ത് എല്ലാവര്‍ക്കും അതിവേഗ ഇന്റര്‍നെറ്റ് ലഭിക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതി 2021 ഡിസംബറിലെങ്കിലും ഗ്രാമീണ മേഖലയില്‍ ലഭ്യമാക്കുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നു നില്‍ക്കുന്നത്.
പദ്ധതിയുടെ പുരോഗതി ഇതുവരെ 35 ശതമാനം മാത്രമാണെന്നാണു വിലയിരുത്തല്‍. ഈ ഓഗസ്റ്റില്‍ പദ്ധതി പൂര്‍ത്തിയാക്കണമെന്നായിരുന്നു ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (ബെല്‍) നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യവുമായി സര്‍ക്കാര്‍ വെച്ചിരുന്ന കരാര്‍ വ്യവസ്ഥ. ഡിസംബറിലെങ്കിലും യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതി പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ കണ്‍സോര്‍ഷ്യത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേബിള്‍ ഇടുന്നതിനുള്ള റൈറ്റ് ഓഫ് വേ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണല്‍, റെയില്‍വേ ലൈനുകളില്‍ ക്രോസ് ചെയ്തുള്ള കേബിളിങ് ഉള്‍പ്പെടെ കാര്യങ്ങളില്‍ അനുമതി ലഭ്യമാക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങളാണു മുമ്പിലുള്ളത്. കേരളത്തില്‍ ഏകദേശം 1,500 ഇടങ്ങളില്‍ റൈറ്റ് ഓഫ് വേ പ്രശ്‌നങ്ങളുണ്ടെന്നാണു വിവരം.
കെ എസ് ഇ ബി വൈദ്യുതി പോസ്റ്റുകളിലൂടെ എ ഡി എസ് എസ് കേബിളും (ഓള്‍ ഡൈഇലക്ട്രിക് സെല്‍ഫ് സപ്പോര്‍ട്ടിങ് കേബിള്‍) കെ എസ് ഇ ബിയുടെ ട്രാന്‍സ്മിഷന്‍ ടവറുകളിലെ പ്രധാന ലൈനുകളില്‍ ഒ പി ജി ഡബ്ല്യു (ഒപ്റ്റിക്കല്‍ ഗ്രൗണ്ട് വയര്‍) കേബിളുമാണ് ഉപയോഗിക്കുന്നത്. ആകെ സ്ഥാപിക്കേണ്ട 3,212 കിലോമീറ്റര്‍ ഒ പി ജി ഡബ്ല്യു കേബിളില്‍ 1,500 കിലോമീറ്റര്‍ പൂര്‍ത്തിയായിട്ടുണ്ട്. 32,000 കിലോമീറ്റര്‍ എ ഡി എസ് എസ് കേബിളില്‍ 10,000 കിലോമീറ്റര്‍ പൂര്‍ത്തിയായി എന്നാണു കണക്ക്. ഇന്‍ഫോപാര്‍ക്കിലെ നെറ്റ്‌വര്‍ക്ക് ഓപ്പറേഷന്‍സ് സെന്ററും പട്ടം വൈദ്യുതി ഭവനിലെ ഡേറ്റ റിക്കവറി സെന്ററും പൂര്‍ണസജ്ജമായിട്ടുണ്ട്.
ഡിസംബറില്‍ ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുന്നതോടെ ഓണ്‍ലൈന്‍ പഠനത്തില്‍ നിലവിലുള്ള പ്രതിസന്ധികള്‍ക്ക് വലിയതോതില്‍ പരിഹാരമാവുമെന്നാണു കരുതുന്നത്.
(തുടരും)