Connect with us

Featured

പൂക്കോട്ടൂർ യുദ്ധ സ്മൃതികൾക്ക് നൂറു വയസ്സ്

‘ബാറ്റിൽ ഓഫ്‌ പൂക്കോട്ടൂർ’ എന്ന്‌ ബ്രിട്ടീഷ്‌ രേഖകൾപോലും പരാമർശിച്ച ഏറ്റുമുട്ടൽ. ജന്മനാടിന്റെ മോചനത്തിനായി നെഞ്ചൂക്കോടെ അണിചേർന്നവരുടെ വീര്യത്തിനു മുൻപിൽ വെള്ളപ്പട്ടാളം വിറച്ച..

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീരമാര പോരാട്ടത്തിന്റെ സ്മരണക്ക് ഒരു നൂറ്റാണ്ട് പിന്നിടുന്നു. 1921 ആഗസ്‌ത്‌ 26 വെള്ളിയാഴ്ച നടന്ന പൂക്കോട്ടൂർ യുദ്ധം. ഇന്ത്യൻ സ്വാതന്ത്ര്യസമര ഗാഥയിലെ തുടിക്കുന്ന അധ്യായം. 1921ലെ മലബാർ വിപ്ലവ സമരങ്ങളുടെ പോരാട്ടഭൂമികളിലൊന്നായ പൂക്കോട്ടൂരിൽ സർവ സന്നാഹങ്ങളുമുള്ള ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കരുത്തരായ സൈന്യത്തോട് കൈയിൽ കിട്ടിയ ആയുധങ്ങളുമായി മാപ്പിള പോരാളികൾ ഏറ്റുമുട്ടിയ തുല്യതയില്ലാത്ത സമരചരിത്രമാണ് പൂക്കോട്ടൂർ യുദ്ധത്തിന് പറയാനുള്ളത്. ബ്രിട്ടീഷ് പട്ടാളം എത്തുന്നതറിഞ്ഞ് മാപ്പിളമാർ അവരെ ഗറില്ല യുദ്ധമുറയിൽ നേരിടാൻ തീരുമാനിക്കുകയായിരുന്നു.

‘ബാറ്റിൽ ഓഫ്‌ പൂക്കോട്ടൂർ’ എന്ന്‌ ബ്രിട്ടീഷ്‌ രേഖകൾപോലും പരാമർശിച്ച ഏറ്റുമുട്ടൽ. ജന്മനാടിന്റെ മോചനത്തിനായി നെഞ്ചൂക്കോടെ അണിചേർന്നവരുടെ വീര്യത്തിനു മുൻപിൽ വെള്ളപ്പട്ടാളം വിറച്ചു പോയി. ലഹളയെന്നും കലാപമെന്നും വിളിച്ച് ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ നിസ്സാരവൽക്കരിക്കാൻ ശ്രെമിക്കാറുള്ള ബ്രിട്ടീഷുക്കാർക്ക് പൂക്കോട്ടൂർ സമര പോരാട്ടത്തെ യുദ്ധം എന്ന് തന്നെ വിളിക്കേണ്ടി വന്നു. ബ്രിട്ടീഷ് പത്രങ്ങൾ പൂക്കോട്ടൂർ യുദ്ധ വാർത്തകൾ പ്രസിദ്ധീകരിച്ചു. 1921-ലെ മലബാർ വിപ്ലവ സമരങ്ങളുടെ പോരാട്ടഭൂമികളിലൊന്നായ പൂക്കോട്ടൂരിൽ സർവ സന്നാഹങ്ങളുമുള്ള ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കരുത്തരായ സൈന്യത്തോട് കൈയിൽ കിട്ടിയ ആയുധങ്ങളുമായി മാപ്പിള പോരാളികൾ ഏറ്റുമുട്ടിയ തുല്യതയില്ലാത്ത സമരചരിത്രമാണ് പൂക്കോട്ടൂർ യുദ്ധത്തിന് പറയാനുള്ളത്.

മഹാത്മാഗാന്ധിയുടെ കോഴിക്കോട്‌ സന്ദർശനം ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്റെ ഊർജമേറ്റി. ബ്രിട്ടീഷ്‌വിരുദ്ധ വികാരം നാട്ടുവഴികളിൽ പടർന്നു. തിരൂരങ്ങാടിയിലെ വെടിവയ്‌പ്പിനുശേഷം മലപ്പുറമാകെ സംഘടിതമായി വെള്ളക്കാർക്കെതിരെ നിലയുറപ്പിച്ചു. അതിന്റെ മൂർത്ത രൂപമാണ്‌ പൂക്കോട്ടൂർ യുദ്ധം. കണ്ണൂരിൽനിന്ന്‌ പട്ടാളസംഘം മലപ്പുറത്തേക്ക്‌ പുറപ്പെട്ടുവെന്ന വിവരം ഖിലാഫത്ത്‌ കേന്ദ്രകമ്മിറ്റിയിൽനിന്ന്‌ പൂക്കോട്ടൂരിലറിഞ്ഞു. ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്റെ പൂക്കോട്ടൂരിലെ സെക്രട്ടറി വടക്കേവീട്ടിൽ മുഹമ്മദ്‌, കാരാട്ട്‌ മൊയ്‌തീൻകുട്ടിഹാജി എന്നിവരുടെ നേതൃത്വത്തിൽ പട്ടാളത്തെ നേരിടാൻ തീരുമാനിച്ചു. കോഴിക്കോട്‌-പാലക്കാട്‌ റൂട്ടിൽ നിരവധി സ്ഥലങ്ങളിൽ പാലം പൊളിച്ചും മരങ്ങൾ മുറിച്ചിട്ടും റോഡ്‌ തടസ്സപ്പെടുത്തി. എല്ലാം തരണംചെയ്‌ത്‌ ആഗസ്‌ത്‌ 25ന്‌ ക്യാപ്‌റ്റൻ മെക്കൻറോയിയുടെ നേതൃത്വത്തിൽ 1500 അംഗങ്ങളുള്ള പട്ടാളവ്യൂഹം അറവങ്കര പാപ്പാട്ടുങ്ങലിലെത്തി. അവിടെയുള്ള വലിയ പാലം പൊളിച്ചതിനാൽ കൊണ്ടോട്ടിയിലേക്ക്‌ മടങ്ങി.

പിറ്റേന്ന്‌ താൽക്കാലിക പാലം നിർമിച്ച്‌ 22 വാഹനങ്ങളിലായി അവർ യാത്ര തുടർന്നു. യുദ്ധസന്നാഹവുമായി രണ്ടായിരത്തിലധികം പ്രക്ഷോഭകാരികൾ പൂക്കോട്ടൂരിനും പിലാക്കലിനുമിടയ്ക്കുള്ള വയലിലും കുറ്റിക്കാട്ടിലും തോട്ടിലുമായി പട്ടാളത്തെ കാത്തിരുന്നു. പൂക്കോട്ടൂർ സ്വദേശികൾക്കുപുറമെ വള്ളുവമ്പ്രം, പൊടിയാട്ട്‌‌ മേൽമുറി, പുല്ലാര, വീമ്പൂർ, ആനക്കയം, പന്തല്ലൂർ, പാണ്ടിക്കാട്‌, പാപ്പിനിപ്പാറ, മലപ്പുറം എന്നിവിടങ്ങളിൽനിന്നുള്ളവരും യുദ്ധത്തിൽ പങ്കെടുക്കാനെത്തി. വാഹനവ്യൂഹത്തിന്റെ ആദ്യനിര പിലാക്കൽ അങ്ങാടിയിലെത്തുമ്പോൾ മുന്നിലെ ലോറിക്ക്‌ വെടിവയ്ക്കാനും അതോടൊപ്പം നാല്‌ ഭാഗവും വളയാനുമായിരുന്നു പദ്ധതി. യുദ്ധതന്ത്രം മെനയുമ്പോൾ സ്ഥലത്തില്ലാതിരുന്ന പറാഞ്ചേരി കുഞ്ഞറമുട്ടിയും അയമുവും ആ തീരുമാനമറിഞ്ഞില്ല. പറാഞ്ചേരി കുഞ്ഞറമുട്ടി രണ്ടോ മൂന്നോ ലോറി പാടത്തിന്റെ‌ ഭാഗത്തേക്ക്‌ കടന്നതോടെ വെടിവച്ചു. അതോടെ പട്ടാളം ലോറികൾ പിന്നോട്ടെടുത്ത്‌ പൂക്കോട്ടൂർ അങ്ങാടിയിൽ ഇറങ്ങി പുകബോംബെറിഞ്ഞു. പുക നിറഞ്ഞതോടെ പോരാളികളുടെ ഉന്നം പിഴച്ചു. പട്ടാളക്കാരെ നാട്ടുകാർ കൈത്തോക്കുകളും മറ്റായുധങ്ങളുമായി എതിരിട്ടു. വാളുകളും കൈയിൽ കിട്ടിയ ആയുധങ്ങളുമായി പട്ടാളക്കാരുടെ നേരെ കുതിച്ചു. എന്നാൽ പീരങ്കികളും വലിയ യന്ത്രത്തോക്കുകളുമായി സുസജ്ജമായിരുന്നു ബ്രിട്ടീഷ്‌നിര. പീരങ്കിയുണ്ടകൾക്ക്‌ മുമ്പിൽ തലകുനിക്കാതെ നാട്ടുകാർ പൊരുതി. ബ്രിട്ടീഷ് പട്ടാളക്കാരിൽ കുറെ പേർ മരണപ്പെട്ടു. സ്പെഷൽ ഫോഴ്സ്‌ സൂപ്രണ്ട്‌ ലങ്കാസ്റ്ററെ വെട്ടിവീഴ്ത്തി.

അഞ്ച്‌‌ മണിക്കൂർ നീണ്ട പോരാട്ടത്തിൽ നാനൂറോളം തദ്ദേശീയർ രക്ത സാക്ഷികളായി. അവർക്കെല്ലാം നെഞ്ചത്താണ്‌ വെടിയേറ്റത്. യുദ്ധശേഷം പ്രദേശത്തെ ആകമാനം നാമാവശേഷമാക്കി ബ്രിട്ടീഷ് പട്ടാളം. പോരാളികളെ അന്തമാനിലേക്കും ബെല്ലാരിയിലേക്കും നാടുകടത്തി. ചിലരെ തൂക്കിക്കൊന്നു, ചിലരെ വെടിവെച്ചു കൊന്നു. ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്റെ പൂക്കോട്ടൂരിലെ സെക്രട്ടറിയായിരുന്ന വടക്കുവീട്ടിൽ മുഹമ്മദായിരുന്നു യുദ്ധത്തിന്‌ നേതൃത്വം നൽകിയത്‌. ചരിത്രയേടുകളിൽ ഇടമില്ലാത്ത പോരാട്ട സ്മരണകളായി അവ നിലകൊള്ളുകയാണിപ്പോഴും.

വെള്ളക്കാരന്റെ കിരാത ഭരണത്തിൽ നിന്ന് മാതൃരാജ്യത്തെ മോചിപ്പിക്കാൻ പൂക്കോട്ടൂരിലെ യോദ്ധാക്കൾ ഹൃദയരക്തം കൊണ്ട്‌ ചരിത്രമെഴുതിയ ഈ പോരാട്ടത്തെ ഭാവി തലമുറക്ക് മനസ്സിലാക്കാൻ ഉതകുന്ന സ്മാരകങ്ങൾ ഉയരട്ടെ എന്ന് ആശിക്കുന്നു.

 

---- facebook comment plugin here -----

Latest