Kerala
ഓണം കൊടിയിറങ്ങുന്നു; തൃശൂരില്‍ ഇന്നു പുലികളിറങ്ങും
ഒമ്പത് പുലികളി സംഘങ്ങളാണ് ഇത്തവണ ഇറങ്ങുക. ഒരു ടീമില്‍ 35 മുതല്‍ 50 പുലികള്‍ വരെയുണ്ടാവും

തൃശൂര്‍ | ഓണാഘോഷത്തിനു സമാപനം കുറിച്ച് തൃശ്ശൂരില്‍ ഇന്ന് പുലികളിറങ്ങും. രാവിലെമുതല്‍ പുലിമടകളില്‍ ചായം തേക്കുന്ന ചടങ്ങുകള്‍ തുടങ്ങി. വൈകിട്ട് നാലുമണിയോടെയാണ് പുലികളി സംഘങ്ങള്‍ സ്വരാജ് റൗണ്ടില്‍ പ്രവേശിക്കുക.
ഒമ്പത് പുലികളി സംഘങ്ങളാണ് ഇത്തവണ ഇറങ്ങുക. ഒരു ടീമില്‍ 35 മുതല്‍ 50 പുലികള്‍ വരെയുണ്ടാവും. വിജയികള്‍ക്ക് തൃശൂര്‍ കോര്‍പറേഷന്‍ ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിക്കും. ഓരോ പുലികളി സംഘവും നിശ്ചലദൃശ്യങ്ങളും അവതരിപ്പിക്കും. പുലികളിയില്‍ സര്‍പ്രൈസുകള്‍ ഒരുക്കുന്ന തിരക്കിലാണ് വിവിധ സംഘങ്ങള്‍.
പുലികളി മഹോത്സവത്തിനോടനുബന്ധിച്ച് തിങ്കളാഴ്ച ഉച്ചക്ക് ശേഷം തൃശൂര്‍ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും അവധിയാണ്. സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. പുലികളിയുടെ ഭാഗമായി ഇന്ന് തൃശൂര്‍ നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.