Connect with us

Kerala

എണ്ണ കലർന്ന മലിനജലം ശുദ്ധീകരിക്കാം: മെംബ്രെയ്ൻ സാങ്കേതികവിദ്യയുമായി എൻ ഐ ടി ഗവേഷകർ

മുഹമ്മദ് ശബീർ നൂറാനി, പ്രൊഫ. ഡോ. എ സുജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്

Published

|

Last Updated

കോഴിക്കോട് | എണ്ണ കലർന്ന മലിനജലം ശുദ്ധീകരിക്കുന്ന പരിസ്ഥിതി സൗഹൃദ മെംബ്രെയ്ൻ സാങ്കേതിക വിദ്യയുമായി എൻ ഐ ടി കാലിക്കറ്റിലെ ഗവേഷകർ. കെമിസ്ട്രി വിഭാഗം ഒന്നാം വർഷ ഗവേഷക വിദ്യാർഥി മുഹമ്മദ് ശബീർ നൂറാനി, പ്രൊഫ. ഡോ. എ സുജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്.

നഗര- വ്യവസായവത്്കരണങ്ങളുടെ ഭാഗമായി ദിവസവും ലക്ഷക്കണക്കിന് ലിറ്റർ വിവിധയിനം എണ്ണകളാണ് നദികളിലേക്കും സമുദ്രങ്ങളിലേക്കും ചെന്നെത്തുന്നത്. ഇത് അവിടെയുള്ള ജലസ്രോതസ്സിനെയും ജീവജാലങ്ങളെയും ബാധിക്കുന്നുണ്ട്. അതിലുപരി വൻതോതിൽ ഫോസിൽ ഇന്ധനങ്ങൾ പാഴാവുകയും വ്യത്യസ്്ത തരം മാരക രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ഇതിന്റെ ശാസ്്ത്രീയ പരിഹാര മാർഗമാണ് ഗവേഷകർ മുന്നോട്ടുവെച്ചത്.

ഒരു കിലോഗ്രാം മെംബ്രെയ്ൻ കൊണ്ട് 250 കിലോഗ്രാം വരെ ഓയിലുകളെ വേർതിരിച്ചെടുക്കാൻ സാധിക്കും. ജല മലിനീകരണത്തിനെതിരെയുള്ള ഉത്തമ പരിഹാരമായി ഈ വിദ്യ ഉപയോഗിക്കാൻ കഴിയുമെന്ന് ഗവേഷകർ അവകാശപ്പെടുന്നു. പ്രതികൂല സാഹചര്യങ്ങളിൽ പ്രവർത്തനക്ഷമതയുള്ള മെംബ്രെയ്ൻ പലതവണ വീണ്ടും ഉപയോഗിക്കാം. ക്ഷമത കുറയാതെ ഓയിൽ വാട്ടർ ശുദ്ധീകരണത്തിന് ഉപയോഗിക്കാൻ സാധിക്കുമെന്നും ഗവേഷകർ കണ്ടെത്തി.
കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ബിരുദവും എൻ ഐ ടി കാലിക്കറ്റിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശബീർ, ഈ വർഷമാണ് എൻ ഐ ടി യിൽ പി എച്ച് ഡി പ്രവേശനം നേടിയത്. വിവിധ നാഷനൽ, ഇന്റർനാഷനൽ സയൻസ് കോൺഫറൻസുകളിൽ പേപ്പർ അവതരിപ്പിക്കുകയും പ്രമുഖ ജേർണലുകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ജാമിഅ മദീനത്തുന്നൂർ പൂർവ വിദ്യാർഥിയായ ശബീർ നൂറാനി, കാസർകോട് ദേലംപാടി ഹസൈനാർ ഹാജി- ഫൗസിയ ദന്പതികളുടെ മകനാണ്.