Connect with us

kerala Sahithyotsav 2021

വേദിയിതര മത്സരങ്ങൾ പൂർത്തിയായി; ഡിജിറ്റലായി കേരള സാഹിത്യോത്സവ്

മുൻ വർഷങ്ങളിലെ നടത്തിപ്പിന് വിപരീതമായി ജില്ലാ കേന്ദ്രങ്ങളിലെ സ്റ്റുഡിയോകളിൽ എത്തി തത്സമയം മത്സരത്തിൽ പങ്കെടുക്കുന്ന രീതിയാണ് കൊവിഡിനെ തുടർന്ന് ഇത്തവണയൊരുക്കിയിട്ടുള്ളത്.

Published

|

Last Updated

മഹാമാരിക്കാലത്തും കലയെ ചേർത്തുപിടിച്ച് എസ് എസ് എഫ് നടത്തുന്ന കേരള സാഹിത്യോത്സവ് പുരോഗമിക്കുന്നു. വിവിധ കേന്ദ്രങ്ങളിൽ ഈ മാസം 30 വരെ നടക്കുന്ന പ്രത്യേക ചർച്ചകളിൽ സാഹിത്യ രംഗത്തെ പ്രമുഖരാണ് പങ്കെടുക്കുന്നത്.  നാളെ മുതൽ പ്രധാന മത്സരയിനങ്ങൾ ആരംഭിക്കും. മുൻ വർഷങ്ങളിലെ നടത്തിപ്പിന് വിപരീതമായി ജില്ലാ കേന്ദ്രങ്ങളിലെ സ്റ്റുഡിയോകളിൽ എത്തി തത്സമയം മത്സരത്തിൽ പങ്കെടുക്കുന്ന രീതിയാണ് കൊവിഡിനെ തുടർന്ന് ഇത്തവണയൊരുക്കിയിട്ടുള്ളത്.

തമിഴ്‌നാട് ഉൾപ്പെടെയുള്ള 18 കേന്ദ്രങ്ങളിലും ഇതിനായി പ്രത്യേകം സ്റ്റുഡിയോകൾ സജ്ജമായി. മത്സരങ്ങളെല്ലാം ഇടതടവില്ലാതെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ തത്സമയം സംപ്രേഷണം ചെയ്യും. എസ് എസ് എഫിന്റെ ഔദ്യോഗിക യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലൂടെയാണ് സംപ്രേഷണം. മത്സരങ്ങളെല്ലാം നിയന്ത്രിക്കുന്നത് കണ്ണൂരിൽ ഒരുക്കിയ പ്രധാന സ്റ്റുഡിയോയിൽ നിന്നാണ്.

സാഹിത്യോത്സവിലെ വേദിയിതര മത്സരങ്ങൾ കഴിഞ്ഞ ദിവസം പൂർത്തിയായി. വിവിധ ജില്ലകളിൽ സംസ്ഥാന കമ്മിറ്റി നിശ്ചയിച്ച പരിശോധനകർ നേരിട്ടെത്തിയാണ് വേദിയിതര മത്സരങ്ങൾക്ക് നേതൃത്വം നൽകിയത്. ഇതിന്റെ മൂല്യനിർണയം കോഴിക്കോട് സ്റ്റുഡന്റ് സെന്ററിൽ നടന്നു. മത്സര ഫലങ്ങൾ വെള്ളിയാഴ്ച മുതലേ പുറത്തുവിടുകയുള്ളൂ. കൊവിഡ് അടച്ചുപൂട്ടൽ കാലത്ത് രണ്ടര ലക്ഷം കുടുംബങ്ങളിൽ ഫാമിലി സാഹിത്യോത്സവ് നടത്തിയായിരുന്നു ഇത്തവണ കലാമാമാങ്കത്തിന് തുടക്കമായത്. തുടർന്ന് 21,700 ബ്ലോക്കുകളിലും 6,700 യൂനിറ്റുകളിലും 600 സെക്ടറുകളിലും 121 ഡിവിഷൻതലങ്ങളിലും 17 ജില്ലകളിലും മത്സരിച്ച് വിജയിച്ചവരാണ് കേരള സാഹിത്യോത്സവിൽ പങ്കെടുക്കുന്നത്. ഏഴ് വിഭാഗങ്ങളിൽ 113 ഇനങ്ങളിലായി 1,649 പേരാണ് മത്സരരംഗത്തുള്ളത്. സൂഫീ ഗീതം, വ്‌ളോഗ്, പ്രൊജക്ട് തുടങ്ങിയ ആകർഷകമായ മത്സര ഇനങ്ങൾ ഈ വർഷത്തെ പ്രത്യേകതയാണ്.
ഈ മാസം 25ന് മന്ത്രി അഹ്്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്ത 28ാമത് കേരള സാഹിത്യോത്സവ്, അടുത്ത മാസം രണ്ടിന് വൈകുന്നേരം ഏഴിന് തളിപ്പറമ്പ് അൽ മഖറിൽ സമാപിക്കും. കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ ഉൾപ്പെടെയുള്ള പണ്ഡിതർ സമാപന സമ്മേളനത്തിൽ സംബന്ധിക്കും. കേരള സാഹിത്യോത്സവ് വിജയികൾ ദേശീയ സാഹിത്യോത്സവിലും മത്സരിക്കും.

Latest