Connect with us

Articles

തീര്‍ച്ച, വംശഹത്യാ ശ്രമങ്ങളെ ഫലസ്തീന്‍ തോല്‍പ്പിക്കും

നിലവില്‍ നാം കടന്നുപോകുന്ന സാഹചര്യം ചരിത്രത്തിലെ ഏറ്റവും സങ്കടകരമായ നിമിഷങ്ങളാണ്. മനുഷ്യരാശിയുടെ ഏറ്റവും മോശമായ അവസ്ഥകളിലൂടെയാണ് നാം കടന്നുപോകുന്നത്. എങ്കിലും, പ്രഭാതത്തിന് മുമ്പുള്ള രാത്രി ഇരുണ്ടതാണെന്ന പോലെ ഫലസ്തീന്‍ വിജയത്തിന് മുന്നോടിയായുള്ള ഇരുട്ട് മാത്രമാണിത്. നമുക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. ആഗോള തലത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നവര്‍ക്കിടയിലേക്ക് നാം ചേരുന്നതിലൂടെ ഇസ്‌റാഈല്‍ വംശഹത്യ അവസാനിപ്പിക്കും.

Published

|

Last Updated

ബോംബാക്രമണങ്ങള്‍, നിലക്കാത്ത വെടിവെപ്പുകള്‍, കഠിനമായ വിശപ്പും ദാഹവും, കൊടും ക്ഷാമം, അങ്ങിങ്ങായി കൂട്ടം കൂട്ടമായി കുഴിക്കപ്പെടുന്ന കുഴിമാടങ്ങള്‍, ആശുപതികള്‍, ഭക്ഷണ ശാലകള്‍ എന്നിങ്ങനെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളുടെയും സമ്പൂര്‍ണ നാശം… ഗസ്സയിലെ ഭീകരാവസ്ഥയുടെ ചെറിയൊരു രൂപം മാത്രമാണിത്.

ചരിത്രത്തില്‍ സമാനതകളില്ലാത്ത രൂപത്തിലുള്ള അടിച്ചമര്‍ത്തലാണ് ഫലസ്തീനികളിപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്നത്. നാശം വിതക്കപ്പെട്ട ഗസ്സയുടെ ചരിത്രങ്ങളിലേക്ക് കണ്ണോടിച്ചു നോക്കിയാല്‍ ഇസ്‌റാഈല്‍ ചെയ്തു കൊണ്ടിരിക്കുന്ന ഈ വംശഹത്യയുടെ പിന്നിലെ അന്യായം എന്താണെന്ന് നമുക്ക് വ്യക്തമാകും. ഫലസ്തീനിലെ തദ്ദേശീയരായ മുസ്‌ലിം ജനതയെ ഉന്മൂലനം ചെയ്ത് അവിടം തങ്ങളുടേതാക്കി മാറ്റുക എന്ന ലക്ഷ്യം മാത്രമാണ് കാലങ്ങളായി അവരെ നീചമായി മുന്നോട്ട് നയിക്കാന്‍ പ്രേരിപ്പിക്കുന്നത്.

ഈയടുത്ത ദിവസങ്ങളില്‍, വെസ്റ്റ് ബാങ്കില്‍ മാത്രമായി, 120 ഗ്രാമങ്ങളിലാണ് ഇസ്‌റാഈല്‍ സൈനിക ക്രൂരതകളും ആക്രമണങ്ങളും നടന്നത്. അവിടെയുള്ള മിക്ക അഭയാര്‍ഥി ക്യാമ്പുകളിലും വന്‍തോതില്‍ നാശം വിതച്ചു. നിരവധി പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പലരെയും അറസ്റ്റ് ചെയ്ത് കൊണ്ടുപോയിട്ടുമുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ ഏഴ് മുതല്‍ വെസ്റ്റ് ബാങ്കില്‍ മാത്രം സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്കനുസരിച്ച്, 806 കെട്ടിടങ്ങളാണ് തകര്‍ക്കപ്പെട്ടിട്ടുള്ളത്. 1,758 പേരെ പരുക്കേറ്റ് മാറ്റിപ്പാര്‍പ്പിക്കപ്പെട്ടു. ഏകദേശം 5,19,000 ഫലസ്തീനികളുടെ ജീവിതത്തെ ആക്രമണം ബാധിച്ചു. ഇരുപത്തിയഞ്ചോളം ഫലസ്തീന്‍ കുടുംബങ്ങള്‍ പൂര്‍ണമായും ഇല്ലായ്മ ചെയ്യപ്പെട്ടു. 8,088 ആളുകള്‍ നിലവില്‍ നിയമവിരുദ്ധമായി ഇസ്‌റാഈല്‍ തടങ്കലില്‍ വെക്കപ്പെട്ടിരിക്കുന്നു. വെസ്റ്റ് ബാങ്കില്‍ നിന്ന് ഇസ്‌റാഈല്‍ സൈന്യം 37 കി.മി അളവില്‍ ഭൂമി പിടിച്ചെടുത്തു. 30 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഭൂമി പിടിച്ചെടുക്കലായിരുന്നു ഇത്.

നിലവില്‍ വെസ്റ്റ് ബാങ്കിന്റെ 42 ശതമാനം ഫലസ്തീന് അധികാരമില്ലാത്ത ഇടമായി മാറിയിരിക്കുകയാണ്. അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന ജോര്‍ദാന്‍ താഴ്്വരയിലും ഹെബ്രോണിന്റെ തെക്ക് ഭാഗത്തും ഫലസ്തീനികളെ പൂര്‍ണമായും കുടിയൊഴിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുന്നു. ദീര്‍ഘ കാലമായി നടന്നു കൊണ്ടിരിക്കുന്ന ഇസ്‌റാഈലിന്റെ കുടിയേറ്റ, അധിനിവേശ ക്രൂരതകളുടെ ഏറ്റവും ഇരുണ്ട ഘട്ടമാണിത്. എങ്കിലും, നെതന്യാഹുവിന്റെ “സമ്പൂര്‍ണ വിജയം’ നേടുമെന്ന പ്രഖ്യാപനം നടപ്പാക്കാന്‍ സമ്മതിക്കില്ലെന്നാണ് ഫലസ്തീനികള്‍ ഉറക്കെയുറക്കെ പറയുന്നത്. അതുകൊണ്ട് തന്നെയാകണം ഇസ്‌റാഈല്‍ അധിനിവേശത്തെ സംബന്ധിച്ച് ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ തന്നെ, “സമ്പൂര്‍ണ പരാജയം’ എന്ന് വിശേഷിപ്പിക്കുന്നത്. ഇസ്‌റാഈലിലെ റീച്ച്മാന്‍ സര്‍വകലാശാലയില്‍ നിന്നുള്ള പുതിയ പഠനം പറയുന്നത്, വെസ്റ്റ് ബാങ്കില്‍ ഇസ്‌റാഈല്‍ ശക്തമായ ആക്രമണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അവര്‍ക്കാവശ്യമായ മുന്നേറ്റങ്ങള്‍ക്കോ ഇടപെടലുകള്‍ക്കോ യാതൊരു അവസരവും ലഭിക്കുന്നില്ല, എന്നാണ്.

ഇസ്‌റാഈലിനെ സംബന്ധിച്ചിടത്തോളം അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം പ്രതിസന്ധിയിലാണ്. 2023 അവസാനത്തോടെ ഇസ്‌റാഈലിന്റെ സമ്പദ് വ്യവസ്ഥയുടെ 20 ശതമാനം ഇടിഞ്ഞുവെന്നാണ് റിപോര്‍ട്ടുള്ളത്. ഇതിന് പുറമെ ഇസ്‌റാഈലിന്റെ നരനായാട്ടിന് പിന്തുണ നല്‍കിയവര്‍ അവരെ കൈവിട്ടുപോകുന്നതും ഇസ്‌റാഈലിന്റെ അഹങ്കാരത്തിന് മങ്ങലേല്‍പ്പിക്കുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ റേറ്റിംഗ് ഏജന്‍സികളുടെ കണക്കനുസരിച്ച് നിലവില്‍ സമ്പദ് വ്യവസ്ഥയില്‍ ഇസ്‌റാഈലിന്റെ സ്ഥാനം താഴെയാണുള്ളത്.

നിലവില്‍ “കൂനിന്‍മേല്‍ കുരു’ എന്ന രൂപത്തില്‍ കൂടുതല്‍ പ്രതിസന്ധികളില്‍ അകപ്പെട്ടിരിക്കുകയാണ് നെതന്യാഹുവും ഇസ്‌റാഈല്‍ ഭരണകൂടവും. മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഈ യുദ്ധത്തിനിടെ ഇസ്‌റാഈല്‍ ജനത മുമ്പൊന്നുമില്ലാത്ത വിധം പ്രക്ഷുബ്ധരായിരിക്കുന്നു. ഭൂരിപക്ഷം പേരും നെതന്യാഹുവും ഭരണകൂടവും അധികാരത്തില്‍ നിന്ന് പുറന്തള്ളപ്പെടുന്നത് കാണാനാണ് ആഗ്രഹിക്കുന്നത്. കുഞ്ഞുങ്ങളെന്നോ സ്ത്രീകളെന്നോ പരിഗണനയില്ലാതെ ഫലസ്തീനികളെ കൊന്നൊടുക്കുകയും അവരെ പട്ടിണിയിലാക്കുകയും ചെയ്യുന്നുണ്ടെങ്കിലും നിലവില്‍ ഇസ്‌റാഈലിനേല്‍ക്കുന്ന പരാജയങ്ങള്‍ക്കുള്ള മുഴുവന്‍ ക്രെഡിറ്റും ഫലസ്തീന്‍ ജനതക്കുള്ളതാണ്.

തങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കാത്ത സുരക്ഷിതമായ രാജ്യമായി ഫലസ്തീനിനെ അംഗീകരിക്കണമെന്ന ആവശ്യം കൂടി മുന്നോട്ട് വെച്ച് കൊണ്ടാണ് ഫലസ്തീനികള്‍ തെരുവുകളില്‍ പ്രക്ഷോഭം നടത്തുന്നത്. അതേസമയം, ഇസ്‌റാഈല്‍ നടത്തുന്ന വംശഹത്യാപരമായ നീക്കങ്ങളെ അവസാനിപ്പിക്കാന്‍ കാര്യമായി അവര്‍ക്കൊന്നും ചെയ്യാനാകുന്നുമില്ല. ഇങ്ങനെയൊക്കെയാണെങ്കിലും, ഫലസ്തീനികളുടെ വാക്കുകള്‍ നല്‍കുന്ന പ്രതീക്ഷ വലുതാണ്. അവര്‍ പറയുന്നു: “ഈ ഇരുണ്ട കാലത്തും ഞങ്ങളുടെ ദൃഢതക്ക് കോട്ടം സംഭവിച്ചിട്ടില്ല. ഞങ്ങള്‍ക്കുള്ളത് ഞങ്ങള്‍ പരസ്പരം പങ്കിടുന്നു.

ഞങ്ങള്‍ പരസ്പരം സംരക്ഷിക്കുകയും അഭയം കൊടുക്കുകയും ചെയ്യുന്നു. നിലനില്‍പ്പിനായി ഞങ്ങള്‍ സ്വയം സംഘടിക്കുന്നു. ഫലസ്തീനിലെ ജനതയും സാമൂഹിക പ്രസ്ഥാനങ്ങളും സംഘടനകളുമെല്ലാം ഒറ്റക്കെട്ടായാണ് നില്‍ക്കുന്നത്. വിജയത്തിനുള്ള തന്ത്രങ്ങള്‍ ഞങ്ങള്‍ മെനയുകയും അവ വിശകലനം ചെയ്ത് നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു’.

ഇതിനെല്ലാമപ്പുറം ഗസ്സയുടെ കാര്യത്തില്‍ നമുക്കൊരു നീതിബോധമുണ്ട്. ഗസ്സയില്‍ വംശഹത്യയുടെ ഉത്തരവാദിത്വം ഇസ്‌റാഈലിനാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചിരുന്നു. യു എന്‍ സംഘടനകളും അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന എല്ലാ മനുഷ്യാവകാശ സംഘടനകളും ഇസ്‌റാഈല്‍ നടത്തുന്നത് വംശീയ വിവേചനമാണെന്നും അതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു ഭരണം കെട്ടിപ്പടുത്തിട്ടുള്ളതെന്നും തറപ്പിച്ചു പറയുന്നു. വേഗത്തിലുള്ള വെടിനിര്‍ത്തല്‍, യുദ്ധം അവസാനിപ്പിക്കല്‍, അഭയാര്‍ഥികള്‍ക്ക് മടങ്ങിവരാനുള്ള അവകാശം എന്നീ ആവശ്യങ്ങള്‍ യു എന്‍ ജനറല്‍ അസംബ്ലിയും സെക്യൂരിറ്റി കൗണ്‍സിലും മുന്നോട്ട് വെച്ചിട്ടുണ്ട്.

ഫലസ്തീന്‍ വംശഹത്യ മുന്നോട്ട് പോയാല്‍ അപകടത്തിലാകുന്നത് 2.3 ദശലക്ഷം ഫലസ്തീനികളുടെ ജീവന്‍ മാത്രമല്ല, അന്താരാഷ്ട്ര നിയമ വ്യവസ്ഥയും ഐക്യരാഷ്ട്ര സഭ വിഭാവനം ചെയ്യുന്ന മാനവികതയുടെ അടിസ്ഥാന തത്ത്വങ്ങളുടെ നിലനില്‍പ്പുമാണ്.

ഇസ്‌റാഈലിനെതിരായ ഉപരോധത്തിനും ബഹിഷ്‌കരണത്തിനുമായി 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപവത്കരിക്കപ്പെട്ട ബി ഡി എസ് ഇന്നും പ്രസ്തുത കാര്യങ്ങളില്‍ വിജയങ്ങള്‍ നേടുകയും മുമ്പെങ്ങുമില്ലാത്ത വിധം വളരുകയുമാണ്. ഇതിനിടെയായിരുന്നു അമേരിക്കയിലെ ഉന്നത സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് ഒരു ആഗോള ക്യാമ്പസ് പ്രക്ഷോഭത്തിന് തുടക്കമിട്ടത്. ദക്ഷിണാഫ്രിക്കയിലുണ്ടായ വര്‍ണവിവേചനത്തിനെതിരായ പ്രതിഷേധത്തിന്റെയും വിയറ്റ്‌നാം യുദ്ധത്തിനെതിരായ പ്രതിഷേധത്തിന്റെയും ഓര്‍മകളാണ് ഈ ദൃശ്യങ്ങള്‍ നമ്മില്‍ ഉണര്‍ത്തുന്നത്. അതോടൊപ്പം, ഇസ്‌റാഈലിന്റെ ക്രൂരഹത്യക്ക് പിന്തുണ നല്‍കുന്ന, അംഗീകാരം നല്‍കുന്ന രാജ്യങ്ങള്‍ക്കെതിരെ ആഗോള തലത്തില്‍ അഭിഭാഷകരും നിയമ സംഘടനകളും കൂടുതല്‍ കേസുകള്‍ ഫയല്‍ ചെയ്യുന്നുണ്ട്.

നിലവില്‍ നാം കടന്നുപോകുന്ന സാഹചര്യം ചരിത്രത്തിലെ ഏറ്റവും സങ്കടകരമായ നിമിഷങ്ങളാണ്. മനുഷ്യരാശിയുടെ ഏറ്റവും മോശമായ അവസ്ഥകളിലൂടെയാണ് നാം കടന്നുപോകുന്നത്. എങ്കിലും, പ്രഭാതത്തിന് മുമ്പുള്ള രാത്രി ഇരുണ്ടതാണെന്ന പോലെ ഫലസ്തീന്‍ വിജയത്തിന് മുന്നോടിയായുള്ള ഇരുട്ട് മാത്രമാണിത്. നമുക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. ആഗോള തലത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നവര്‍ക്കിടയിലേക്ക് നാം ചേരുന്നതിലൂടെ ഇസ്‌റാഈല്‍ വംശഹത്യ അവസാനിപ്പിക്കും. സമാധാനത്തിന്റെ നല്ലൊരു ഭാവി കെട്ടിപ്പടുക്കാന്‍ നമുക്ക് സാധിക്കും. തീര്‍ച്ചയായും നമുക്കത് സാധിക്കും.

വിവര്‍ത്തനം: ഹസ്ബുല്ല മാട്ടായ
കടപ്പാട്: മിഡില്‍ ഈസ്റ്റ് ഐ

Latest