ISL
ഒഡീഷക്ക് വീണ്ടും തോല്‍വി; ഗോള്‍ മഴ തീര്‍ത്ത് മുംബൈ
രണ്ടാം പകുതിയിലാണ് ആറ് ഗോളുകളും വീണത്.

ഭുവനേശ്വര്‍ | ഐ എസ് എല്ലില്‍ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ തോറ്റ് ഒഡീഷ എഫ് സി. മുംബൈ സിറ്റി എഫ് സിയോട് രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് തോല്‍വി. രണ്ടാം പകുതിയിലാണ് ആറ് ഗോളുകളും വീണത്. മുംബൈയുടെ ലല്ലിയന്‍സുവല ഛാംഗ്‌തെയും ഒഡീഷയുടെ ഡീഗോ മൗറീഷ്യോയും ഇരട്ട ഗോള്‍ നേടി.
ഇരുടീമുകളും കിണഞ്ഞുശ്രമിച്ചെങ്കിലും ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. 56ാം മിനുട്ടില്‍ മുംബൈയാണ് ആദ്യ ഗോള്‍ അടിച്ചത്. ലല്ലിയന്‍സുവല ഛാംഗ്‌തെയാണ് മുംബൈക്ക് വേണ്ടി ഗോള്‍ നേടിയത്. ജോര്‍ജ് ഡയസ് ആയിരുന്നു അസിസ്റ്റ്. എന്നാല്‍, 62ാം മിനുട്ടില്‍ ഒഡീഷ സമനില നേടി. വിക്ടര്‍ റോഡ്രിഗസിന്റെ അസിസ്റ്റില്‍ ഡീഗോ മൗറീഷ്യോ ആണ് ഗോളടിച്ചത്.
ഏഴ് മിനുട്ട് പിന്നിട്ടപ്പോഴേക്കും 69ാം മിനുട്ടില്‍ മുംബൈയുടെ ബിപിന്‍ സിംഗ് ലീഡ് ഗോള്‍ നേടി. 80ാം മിനുട്ടില്‍ ഛാംഗ്‌തെ തന്റെ രണ്ടാം ഗോളും മുംബൈയുടെ മൂന്നാം ഗോളും അടിച്ചു. 86ാം മിനുട്ടില്‍ ആല്‍ബെര്‍ട്ടോ നോഗ്വീറ നാലാം ഗോളടിച്ച് പട്ടിക പൂര്‍ത്തിയാക്കി. ഛാംഗ്‌തെയായിരുന്നു അസിസ്റ്റ്. അധിക സമയത്ത് ഡീഗോ മൗറീഷ്യോ ഒഡീഷയുടെ രണ്ടാം ഗോളടിച്ചു. ജെറി മാവിമിംഗ്താംഗയായിരുന്നു അസിസ്റ്റ്. ജയത്തോടെ മുംബൈ പോയിൻ്റ് പട്ടികയിൽ ഒന്നാമതായി.