Connect with us

Kozhikode

പുരാവസ്തുവല്ല, ഇത് ഷാലു പണിത കുഞ്ഞൻ റോൾസ് റോയ്‌സ്

ഷാലു ജോസ് ഈ റോൾസ് റോയ്‌സ് സ്വന്തമാക്കിയത് പുരാവസ്തു ശേഖരത്തിൽ നിന്നോ മ്യൂസിയത്തിൽ നിന്നോ ഒന്നുമല്ല . ഈ ലോക്ക്ഡൗണിൽ കുത്തിയിരുന്ന് നിർമിച്ചെടുത്തതാണ്.

Published

|

Last Updated

കോഴിക്കോട് | വെള്ളിമാട് കുന്നിലുണ്ട് ഉദയ്പൂർ രാജാവിന്റെ കാർ. കേട്ടപ്പോൾ ചെറിയൊരു ആശ്ചര്യം തോന്നുന്നുണ്ടല്ലേ. പഴയ കാലഘട്ടത്തിൽ നിരത്തുകൾ കീഴടക്കിയ 1935 ഫാന്റം മോഡൽ റോൾസ് റോയ്‌സ് എങ്ങനെ ഇവിടെയെത്തിയെന്ന്. എന്നാൽ നേരിട്ട് കാണണമെങ്കിൽ ഷാലു ജോസിന്റെ സാറാ വില്ലയിലെത്തണം. ഷാലു ജോസ് ഈ റോൾസ് റോയ്‌സ് സ്വന്തമാക്കിയത് പുരാവസ്തു ശേഖരത്തിൽ നിന്നോ മ്യൂസിയത്തിൽ നിന്നോ ഒന്നുമല്ല . ഈ ലോക്ക്ഡൗണിൽ കുത്തിയിരുന്ന് നിർമിച്ചെടുത്തതാണ്.

വിന്റേജ് കാറുകളോടുള്ള മോഹവുമായി നടന്ന ഷാലു അപ്രതീക്ഷിതമായാണ് ഗൂഗിളിൽ ഉദയ്പൂർ മ്യൂസിയത്തിലെ റോൾസ് റോയ്‌സ് കാണുന്നത്. രാജകീയ പ്രൗഡിയിലുളള റോൾസ് റോയ്‌സിനെ അവിടെ ഉപേക്ഷിക്കാൻ ഷാലു തയ്യാറായില്ല. എങ്ങനെയെങ്കിലും അതിന്റെ ഒരു കുഞ്ഞു പതിപ്പ് തനിക്കും വേണമെന്നായി. സ്വകാര്യ മൊബൈൽ കമ്പനിയിൽ ജോലി ചെയ്യുന്ന ഷാലുവിന് ലോക്ക്ഡൗണിൽ ജോലി കുറഞ്ഞപ്പോൾ തന്റെ ഉള്ളിലുള്ള റോൾസ് റോയ്‌സ് മോഹവും പുറത്ത് വന്നു. അങ്ങനെ വീട്ടിലെ ആക്രി സാധനങ്ങളും വാഹനങ്ങളിലെ പാർട്‌സുകളും സംഘടിപ്പിച്ച് പണി തുടങ്ങി. ഇരുപത്തിനാല് ദിവസം കൊണ്ട് വെൽഡിംഗ് ജോലികളക്കം പൂർത്തിയായി. പെയിന്റിംഗും വണ്ടിയുടെ എംബ്ലമായ സ്പിരിറ്റ് ഓഫ് എക്‌സ്റ്റസി കൂടി ത്രീ ഡി പ്രിന്റെടുത്ത് സ്ഥാപിച്ചതോടെ സംഗതി ഉഷാർ. ജി ഐ ഷീറ്റാണ് ബോഡിയിൽ ഉപയോഗിച്ചത്. കാർ നിർമ്മിക്കുന്നതിനായി വെൽഡിംഗും പഠിച്ചെടുത്തു. മൊത്തം ഇരുപത്തി മൂവായിരം രൂപക്കാണ് പണി പൂർത്തിയത്. വാഹനം സോഷ്യൽ മീഡിയയിൽ ക്ലിക്കായതോടെ നിരവധി ആളുകളും റിസോർട്ടുകാരും അന്വേഷിച്ചെത്താൻ തുടങ്ങി.

പഴയ ബൈക്കിന്റെ ഷോക്കാബ്സറും മറ്റ് പാർട്‌സുകളും മാരുതി 800ന്റെ ടയറുകളുമാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. രണ്ട് പേർക്ക് ഇതിൽ യാത്ര ചെയ്യാം. വണ്ടിയുടെ പിറക് വശത്ത് പഴയ ബജാജ് ഓട്ടോയുടെ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇനി വാഹനത്തെ ഇലക്ടിക്കിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണിദ്ദേഹം. ഇനിയും നിരവധി വിന്റേജ് കാറുകളുടെ മോഡൽ കളക്ഷൻ സാലുവിന്റെ പക്കലുണ്ട.് ആവശ്യക്കാർക്കനുസരിച്ച് നിർമിച്ചുകൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഷാലു ജോസ്.

കോഴിക്കോട്