Kannur
കാത്തിരിപ്പിനു വിരാമം; കണ്ണൂര്‍ കക്കാട് നിന്ന് കാണാതായ വിദ്യാര്‍ഥിയെ ബെംഗളൂരുവില്‍ കണ്ടെത്തി
ഷെസിനെ തിരിച്ചറിഞ്ഞ ഒരാള്‍ വീഡിയോ എടുത്ത് ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഷെസിനെ ഉടന്‍ നാട്ടില്‍ എത്തിക്കുമെന്ന് ബന്ധുക്കള്‍.

കക്കാട് | കണ്ണൂര്‍ കക്കാട് കാണാതായ കുട്ടിയെ തേടിയുള്ള കുടുംബത്തിന്റെ 17 ദിവസം നീണ്ട അന്വേഷണത്തിന് വിരാമം. കാണാതായ കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി മുഹമ്മദ് ഷെസിനെ ബെംഗളൂരുവില്‍ നിന്ന് കണ്ടെത്തി. ഷെസിനെ തിരിച്ചറിഞ്ഞ ഒരാള്‍ വീഡിയോ എടുത്ത് ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഷെസിനെ ഉടന്‍ നാട്ടില്‍ എത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ജൂലൈ 16നാണ് ഷെസിനെ കാണാതായത്. കുഞ്ഞിപ്പള്ളി ഗായത്രി ടാക്കിസിന് സമീപത്തെ വീട്ടില്‍ നിന്ന് കൈയില്‍ നൂറുരൂപയുമായി മുടിമുറിക്കാന്‍ പോയതായിരുന്നു കുട്ടി. വീട്ടില്‍ നിന്ന് നടന്നാല്‍ അഞ്ച് മിനുട്ട് കൊണ്ട് എത്താവുന്ന കടയിലേക്കായിരുന്നു ഷെസിന്‍ പോയത്. എന്നാല്‍, ഉച്ച കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെയാണ് വീട്ടുകാര്‍ തിരച്ചില്‍ തുടങ്ങിയത്.
മുടി മുറിക്കുന്ന കടയിലോ സുഹൃത്തുക്കളുടെ വീടുകളിലോ ഷെസിന്‍ എത്തിയിട്ടില്ലെന്ന് അന്വേഷണത്തില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. തുടര്‍ന്ന് അന്ന് വൈകിട്ടോടെ കുടുംബം കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെത്തി പരാതി നല്‍കി.