Kerala
ബി ജെ പിക്ക് എന്നെ നിശബ്ദനാക്കാനാവില്ല: രാഹുല്‍ ഗാന്ധി
എന്നെ പാര്‍ലിമെന്റില്‍ നിന്ന് മാത്രമേ ബി ജെ പിക്ക് പുറത്താക്കാനാവൂ. ജനങ്ങളുടെ മനസ്സില്‍ നിന്ന് ഒഴിവാക്കാനാകില്ല.

കല്‍പ്പറ്റ | വര്‍ഷങ്ങളായി ബി ജെപിക്കെതിരായ പോരാട്ടത്തിലാണ് താനെന്നും അത് ഇനിയും തുടരുമെന്നും രാഹുല്‍ ഗാന്ധി. ബി ജെ പി വിചാരിച്ചാല്‍ തന്നെ നിശബ്ദനാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എം പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായി വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധി യു ഡി എഫ് നല്‍കിയ സ്വീകരണ പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു.
എം പി സ്ഥാനം ഇല്ലാതാക്കിയാല്‍ ജനങ്ങള്‍ക്കുവേണ്ടി ശബ്ദിക്കുന്നതില്‍ നിന്ന് തന്നെ വിലക്കാമെന്നാണ് ബി ജെ പി കരുതുന്നത്. ജനങ്ങള്‍ക്കു വേണ്ടി ശബ്ദിക്കാന്‍ പാര്‍ലിമെന്റ് അംഗത്വമോ മറ്റ് സ്ഥാനമാനങ്ങളോ വേണമെന്നില്ല. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ നിന്ന് തന്നെ മാറ്റിനിര്‍ത്താന്‍ ബി ജെ പിക്ക് സാധിക്കില്ല. ഞാന്‍ എന്തിനു വേണ്ടിയാണ് പോരാടുന്നതെന്ന് അവര്‍ക്ക് ഇനിയും മനസ്സിലായിട്ടില്ല. എന്റെ വസതിയിലേക്ക് പോലീസിനെ വിട്ട് ഭീഷണിപ്പെടുത്താനാണ് ശ്രമം. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് നിങ്ങള്‍ ചെയ്യുക. രണ്ട് ആശയങ്ങള്‍ തമ്മിലുള്ള സമരമാണ് നടക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
മോദി-അദാനി ബന്ധം പാര്‍ലിമെന്റില്‍ ചൂണ്ടിക്കാണിക്കുകയാണ് ഞാന്‍ ചെയ്തത്. ലോകസമ്പന്നരുടെ പട്ടികയില്‍ 609-ാം സ്ഥാനത്തുള്ള അദാനി രണ്ടാമതെത്തിയത് എങ്ങനെയാണെന്ന് വ്യക്തമാക്കാനുള്ള ബാധ്യത പ്രധാനമന്ത്രിക്കുണ്ട്. പ്രധാനമന്ത്രി ഈ വളര്‍ച്ചക്ക് സഹായിച്ചതു സംബന്ധിച്ച കൃത്യമായ നിരവധി ഉദാഹരണങ്ങള്‍ ഞാന്‍ പാര്‍ലിമെന്റില്‍ നിരത്തി. ഇന്ത്യയും ഇസ്റാഈലും തമ്മിലുള്ള സൈനിക സഹകരണങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടതെങ്ങനെയെന്നും പാര്‍ലിമെന്റില്‍ വിശദീകരിച്ചിട്ടുണ്ട്. വിമാനത്താവളങ്ങള്‍ അദാനിക്ക് ലഭിക്കുന്നതിനുവേണ്ടി വ്യോമയാന നിയമങ്ങളെപ്പൊലും മാറ്റിയെഴുതി. ഇതിനൊന്നും വ്യക്തമായ മറുപടി പ്ര ധാനമന്ത്രിക്ക് നല്‍കാനായിട്ടില്ല.
എന്നെ പാര്‍ലിമെന്റില്‍ നിന്ന് മാത്രമേ ബി ജെ പിക്ക് പുറത്താക്കാനാവൂ. ജനങ്ങളുടെ മനസ്സില്‍ നിന്ന് ഒഴിവാക്കാനാകില്ല. വയനാടുമായുള്ള ആത്മബന്ധം ഇനിയും തുടരും. അത് കേവലം മൂന്ന് വര്‍ഷംകൊണ്ട് തീരുന്നതല്ല. ആയുസ്സുള്ള കാലം വയനാടിന് വേണ്ടി ശബ്ദിക്കും. അതിന് എം പി സ്ഥാനം വേണമെന്നില്ലെന്നും രാഹുല്‍ വൈകാരികമായി കൂട്ടിച്ചേര്‍ത്തു.
സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പം കല്‍പ്പറ്റ എസ് കെ എം ജെ സ്‌കൂള്‍ ഹെലികോപ്ടറില്‍ വന്നിറങ്ങിയ രാഹുല്‍ ഗാന്ധിക്ക് ആവേശോജ്ജ്വല സ്വീകരമാണ് ലഭിച്ചത്. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന റോഡ് ഷോയുമായാണ് അദ്ദേഹം ഒരു കിലോമീറ്ററോളം അകലെയുള്ള പൊതുസമ്മേളന വേദിയിലെത്തിയത്.
കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പൊതുസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പാണക്കാട് സ്വാദിഖലി തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങി യു ഡി എഫിന്റെ പ്രമുഖര്‍ പൊതു സമ്മേളനത്തില്‍ പങ്കെടുത്തു.