Connect with us

ആത്മായനം

സുകൃതങ്ങളുടെ മസ്തിഷ്‌കം

ബഹുമാനവും പ്രശസ്തിയും റീച്ചും ലൈക്കും സമ്പത്തും അധികാരവും മോഹിച്ചുള്ള കർമങ്ങൾക്ക് സുകൃതത്തിന്റെ കോട്ടണിയിച്ചത് കൊണ്ട് യാതൊരു പ്രയോജനവുമില്ല. ജലരേഖകൾ മാത്രമാണത്. ആരാധനകൾക്ക് പോലും അത്തരത്തിലുള്ള ഭാവമാറ്റങ്ങൾ സംഭവിക്കുന്നത് കാണുമ്പോൾ വല്ലാത്ത കടച്ചിലാണ്.

Published

|

Last Updated

മനുഷ്യനിലെ പ്രധാന ഘടകം മസ്തിഷ്‌കമാണ്. കമ്പ്യൂട്ടറിന്റെ സി പിയുവും മൊബൈൽ ഫോണിന്റെ പ്രൊസസ്സറുമാണ് ആ ഉപകരണങ്ങളുടെ മസ്തിഷ്കം. മസ്‌തിഷ്കത്തിന്റെ പ്രവർത്തനം നിലച്ചാൽ പിന്നെ മനുഷ്യനൊന്നും ചെയ്യാൻ സാധ്യമല്ല, ഉപകരണങ്ങൾ കൊണ്ട് ഉപകാരവുമില്ല.

സത്പ്രവൃത്തികൾക്കുമുണ്ട് മസ്തിഷ്‌കം. ആത്മാർഥമായ നിയ്യത്താണത്. പ്രവർത്തനങ്ങളൊക്കെയും നിയ്യത്തിന്റെ ബലത്തിലാണ് സ്വീകരിക്കപ്പെടുകയെന്നും പ്രവൃത്തികൊണ്ട് മനുഷ്യനെന്താണോ കരുതിയത് അതാണ് ലഭ്യമാകുകയെന്നും ഹദീസുകൾ നമ്മെ പഠിപ്പിക്കുന്നുണ്ട്. ഒരു പലായന വേളയിലാണ് റസൂൽ (സ) ഇക്കാര്യം പഠിപ്പിച്ചത്. ശരിയും അല്ലാത്തതുമായ മനോഭാവങ്ങളിലേക്കുള്ള സഞ്ചാരമാണല്ലോ ഏത് കർമത്തിന്റെയും മൂല്യം നിശ്ചയിക്കുന്നത്. ഏത് ലക്ഷ്യത്തിലൂന്നിയാണോ പലായനം ചെയ്യുന്നത് അതാണവന് ലഭിക്കുക. ഭൗതിക നേട്ടമാണ് ലാക്കെങ്കിൽ അത്. ആത്മീയ നേട്ടമാണ് നോട്ടമെങ്കിൽ അത്. ചെയ്യുന്നതോരോന്നിലും പരമ രക്ഷിതാവിന്റെ തൃപ്തിയെ ഉന്നം വെക്കുന്നവനാണ് യഥാർഥ വിശ്വാസി. ആ ബോധത്തിൽ നിന്ന് വരുന്ന കർമങ്ങൾ മാത്രമേ അവങ്കൽ സ്വീകാര്യമാകൂ. അല്ലാത്തതൊക്കെയും നിരുത്പാദക വസ്തുവായി മാറും.

സൂറ: ഹൂദ് 15 ന്റെ സന്ദേശം ഓർത്ത് വെക്കൂ. “ഭൗതിക ജീവിതത്തെയും അതിലെ ആർഭാടത്തെയും ആരെങ്കിലും ഉദ്ദേശിച്ചാൽ അവരുടെ കർമഫലങ്ങൾ നാം ഭൗതിക ലോകത്ത് വെച്ച് തന്നെ തികച്ച് നൽകും. അവർക്കിവിടെ ഒന്നും ചുരുക്കപ്പെടുന്നതല്ല’.

ബഹുമാനവും പ്രശസ്തിയും റീച്ചും ലൈക്കും സമ്പത്തും അധികാരവും മോഹിച്ചുള്ള കർമങ്ങൾക്ക് സുകൃതത്തിന്റെ കോട്ടണിയിച്ചത് കൊണ്ട് യാതൊരു പ്രയോജനവുമില്ല. ജലരേഖകൾ മാത്രമാണത്. ആരാധനകൾക്ക് പോലും അത്തരത്തിലുള്ള ഭാവമാറ്റങ്ങൾ സംഭവിക്കുന്നത് കാണുമ്പോൾ വല്ലാത്ത കടച്ചിലാണ്. അത്തരക്കാർക്കുള്ള വീണ്ടുവിചാരമാണ് മേൽ സൂക്തം. വിശുദ്ധഭൂമിയിലെത്തിയത്, ആരെയെങ്കിലും സഹായിച്ചത്, നല്ല കാര്യങ്ങൾ ചെയ്തത് തുടങ്ങി കർമങ്ങളൊക്കെയും നാലാളെ കാണിച്ചാൽ മാത്രം ശ്വാസം നേരെ വീഴുന്നവരായി നമ്മൾ മാറരുത്.

ഖതാദ:(റ) പറയുന്നു: വല്ലവന്റെയും ഉദ്ദേശ്യം ഭൗതികനേട്ടമാണെങ്കിൽ അവന്റെ സത്കർമങ്ങൾക്കു ദുനിയാവിൽ നിന്ന് തന്നെ പ്രതിഫലം നൽകപ്പെടും. പിന്നീട് ഒരു നന്മയും നൽകപ്പെടാനില്ലാതെ അവർ പരലോകത്ത് ഹാജരാകും. എന്നാൽ വിശ്വാസിക്ക് തന്റെ കർമഫലം ഭൗതികത്തിലെന്നപോലെ പാരത്രിക ലോകത്തും ലഭ്യമാകുന്നതാണ്. സത്കർമങ്ങളിലൂടെയും സാമൂഹിക സേവനങ്ങളിലൂടെയും ഭൗതിക നേട്ടമാഗ്രഹിക്കുന്നവർക്ക് പാരത്രിക ലോകത്ത് ദുഃഖിക്കേണ്ടിവരും. അല്ലാഹുവിങ്കൽ അവരുടെ കർമങ്ങൾ പരിഗണിക്കപ്പെടുകയില്ല. ഈ ലോകത്ത് ചില ലാഭങ്ങൾ നേടിയേക്കാമെങ്കിലും. “വല്ലവനും പാരത്രിക വിള ആഗ്രഹിക്കുന്നെങ്കിൽ അവർക്ക് നാം അത് വർധിപ്പിക്കും. വല്ലവരും ആഗ്രഹിക്കുന്നത് ഭൗതിക വിളയാണെങ്കിൽ അതു നാം അവർക്ക് നൽകും. പരലോകത്ത് അവർക്കൊന്നും ലഭിക്കുകയില്ല ( സൂറ: അശ്ശൂറ 22)

കൂട്ടരേ… വിയർപ്പൊഴുക്കി അധ്വാനിച്ച് നമ്മൾ ചെയ്ത കാര്യങ്ങൾ നിഷ്ഫലമായി പോകുന്നത് എത്ര ദയനീയമാണ്. നമ്മുടെ കർമങ്ങൾക്ക് നമ്മൾ തന്നെ ഭൗതിക ലോകത്തെ ക്ഷണിക നേട്ടങ്ങൾ കൊണ്ട് ഓട്ടയിടുകയാണ്. ചെയ്യുന്നതെത്ര ലളിതകാര്യമാണെങ്കിലും അല്ലാഹുവിന്റെ തൃപ്തി ഉദ്ദേശിച്ചാകുമ്പോൾ അതിന്റെ മേന്മ വർധിച്ചു. മറ്റെന്തോ നേട്ടത്തിനായി ചെയ്ത വലിയ കാര്യത്തിന് പുല്ല് വില പോലുമില്ലാതെയുമായി. ഞാനീ എഴുതുന്നത് നിങ്ങളുടെ കൈയടി വാങ്ങാനും എന്തെങ്കിലും സാമ്പത്തിക ലാഭമുണ്ടാക്കാനോ നിർവൃതി നേടാനോ ആണെങ്കിൽ ഈ എഴുത്തുകൾ വെറും അച്ചടി മഷിയും വെയ്സ്റ്റ് പേപ്പറുമാണ്. അല്ലാഹു നമ്മുടെ നിയ്യത്ത് നന്നാക്കട്ടെ.

വീട്ടിലേക്ക് സാധനങ്ങൾ വാങ്ങുന്നത്, തൊഴിൽ ചെയ്യുന്നത്, ഉറങ്ങുന്നത്, ഉണരുന്നത്, ഭക്ഷണം കഴിക്കുന്നത്, പാചകം ചെയ്യുന്നത്, മനുഷ്യന്മാരോട് സംസാരിക്കുന്നത്, പാട്ട് കേൾക്കുന്നത് തുടങ്ങി നമ്മുടെ ജീവിതശീലമായ ഏത് കാര്യത്തിലും അല്ലാഹുവിന്റെ തൃപ്തി കാംക്ഷിച്ചാൽ എല്ലാം മേത്തരം സുകൃതങ്ങളായിത്തീരും.
ഒരു സദ് വചനം കൂടി ആലോചനക്കെടുക്കാം ” എത്രയെത്ര കർമങ്ങൾ രൂപം കൊണ്ട് ഇഹലോകത്തിന്റെ പ്രവർത്തനമാണത്. പക്ഷേ, നല്ല നിയ്യത്ത് കൊണ്ട് അവ പരലോകത്തിന്റെതായി മാറി. വേറെയെത്ര കർമങ്ങൾ രൂപം കൊണ്ട് പരലോകത്തിന്റെ കർമങ്ങൾ. പക്ഷേ, നിയ്യത്തിലെ ദൂഷ്യമതിനെ ഇഹലോകത്തിന്റെ പ്രവർത്തനമായി മാറ്റിയിരിക്കുന്നു.’

കൂട്ടുകാരേ… ചെയ്യുന്ന കർമങ്ങളെ എന്നെന്നേക്കും ഉപകരിക്കുന്നതാക്കുന്നതാണല്ലോ വിവേകം. നല്ല നിയ്യത്ത് കൊണ്ട് അത് സാധ്യമാകും. അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിച്ച് പ്രവർത്തിക്കുന്നവരിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ.

Content Highlights: The human brain is essential for the body, just as sincere intention or niyyah is the core engine of any good deed. Actions performed solely for worldly recognition like fame, likes, or wealth bear no eternal fruit. True believers must seek Allah pleasure in every daily action to ensure spiritual and physical rewards.

---- facebook comment plugin here -----

Latest